മകളുണ്ടെങ്കിൽ അവളുടെ സുരക്ഷ നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ മകന്റേതാവട്ടെ സുരക്ഷ അവന്റെ മാത്രം ഉത്തരവാദിത്തവും എന്ന മട്ടിലുള്ള കാര്യങ്ങളെ മറന്നു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആൺകുട്ടികളും പെൺകുഞ്ഞുങ്ങളും ഒരു പോലെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് വലിയ വാർത്തയാകുമ്പോൾ ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് അത്ര വലിയവാർത്തയാകാറില്ല പലപ്പോഴും.
യുനിസെഫിന്റെ ഒരു കണക്ക് അനുസരിച്ച് കുടുംബസാഹചര്യങ്ങളിൽ വച്ചുതന്നെ പീഡിപ്പിക്കപ്പെടുന്ന 69 ശതമാനം കുട്ടികളിൽ 54.68% വും ആൺകുട്ടികളാണ്. വളരെ ഞെട്ടലുളവാക്കുന്ന റിപ്പോർട്ടാണിത്.
അടുത്തയിടെ വായിച്ച ചില വാർത്തകൾ ഇക്കാര്യങ്ങൾ ശരിവെക്കുന്നുണ്ട്. ബന്ധുവായ ഒരു കൗമാരക്കാരൻ പത്തും പന്ത്രണ്ടും വയസുള്ള സഹോദരനെയും സഹോദരിയെയും ഒരേ സമയം പീഡിപ്പിച്ചതായിരുന്നു ആ വാർത്ത. രോഗിണിയായ അമ്മയുടെ സഹോദരീപുത്രനായിരുന്നു ആ കൗമാരക്കാരൻ. അച്ഛൻ പുറത്തെവിടെയോ ആണ്. വീട്ടുകാര്യങ്ങൾ നോക്കി നടത്താനെന്നോണമാണ് ആ കൗമാരക്കാരൻ അവിടെയെത്തിയതും. നമ്മൾ വിചാരിക്കാത്ത കാര്യങ്ങളാണ് ഇവിടെ സംഭവിച്ചത്. ഒരുപക്ഷേ ഏതൊരു അമ്മയെയും പോലെ ആ അമ്മയും മകളുടെ കാര്യത്തിൽ കൂടുതൽ കരുതൽ പുലർത്തിയിരുന്നിരിക്കാം. എന്നാൽ ഒരിക്കലും മകന്റെ കാര്യത്തിൽ ആകുലതയുണ്ടായിട്ടുമുണ്ടാവില്ല. ഇത്തരം സാഹചര്യങ്ങളാണ് ആൺകുട്ടികൾ പീഡിപ്പിക്കപ്പെടാൻ കൂടുതൽ ഇടവരുത്തുന്നത്.
സാധനങ്ങൾ വാങ്ങാൻ കടകളിലേക്ക് വിടുന്ന ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നതും സാധാരണസംഭവമാണ്. ഇത്തരം ചില അപകടസാധ്യതകളെക്കുറിച്ച് ചെറിയപ്രായം മുതൽക്കേ നാം ആൺകുട്ടികൾക്കും പറഞ്ഞുകൊടുക്കണം.
വീടുകളിൽ വിരുന്നിന് വരുന്ന അങ്കിൾമാർക്കും ചേട്ടന്മാർക്കും ഒപ്പം സ്ഥലപരിമിതിയുടെ പേര് പറഞ്ഞ് ആൺമക്കളെ കിടത്തിയുറക്കുമ്പോഴും നമുക്ക് ടെൻഷനില്ല, നമ്മുടെ മനസ്സ് ശുദ്ധമാണ്.പക്ഷേ അവിടെയും അപകടസാധ്യതയുണ്ടെന്ന കാര്യം ഓർത്തിരിക്കുന്നത് നല്ലതാണ്.
മക്കൾക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് കൊടുത്തെങ്കിൽ മാത്രമേ അസ്വഭാവികമായ രീതിയിൽ അവരുടെ ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുകയോ ആരെങ്കിലും പെരുമാറുകയോ ചെയ്താൽ മാതാപിതാക്കളോട് അക്കാര്യം തുറന്നുപറയാനുള്ള ധൈര്യം അവർക്ക് ലഭിക്കുകയുള്ളൂ. മാതാപിതാക്കളോട് പറയേണ്ടതാണോ എന്ന ആശങ്കയും തുറന്നുപറയാനുള്ള പേടിയും ഇത്തരം കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ കുട്ടികളെ നിർബന്ധിതരാക്കും. അത് വീണ്ടും ചൂഷണത്തിന് അവരെ ഇരകളാക്കുകയും ചെയ്യും.
പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസലിങ് വേളകളിലൊക്കെയായിരിക്കും ഇക്കാര്യങ്ങൾ പുറത്തുവരുന്നത്. അപ്പോഴേക്കും വേട്ടക്കാരൻ പുതിയ ഇരകളെ തേടിപോയിട്ടുണ്ടാവും.