ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഒരുസ്ത്രീ കൈക്ക് പിടിച്ചുവലിച്ചപ്പോള്‍ വീഴാന്‍ തുടങ്ങിയ അദ്ദേഹം സ്ത്രീയുടെ കൈ തട്ടിമാറ്റിയത് സെക്കുലര്‍ മാധ്യമങ്ങള്‍ വരെ ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു. സംഭവത്തില്‍ പിന്നീട് പാപ്പ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കാരണം താന്‍ ഒരു ദുര്‍മാതൃകയാണ് ലോകത്തിന് നല്‍കിയത് എന്നതിന്റെ പേരില്‍. ഈ സംഭവം മറ്റ് പല സംഭവങ്ങളിലേക്കും നമ്മുടെ ഓര്‍മ്മയുണര്‍ത്തുന്നുണ്ട്. ആരാധകരും സെലിബ്രിറ്റികളും തമ്മിലുള്ള ബന്ധങ്ങളുടെ അതിരുകള്‍ മുതല്‍ എത്ര വലിയവരിലും ആത്യന്തികമായി നിറഞ്ഞുനില്ക്കുന്ന നിസ്സാരതയിലേക്ക് വരെയാണ് ആ ചിന്തകള്‍ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. എഴുത്തുകാരും അഭിനേതാക്കളും പോലെയുള്ള നാലാള് അറിയുന്നവരുടെയെല്ലാം നിലനില്പ് എന്ന് പറയുന്നത് അവരെ സ്നേഹിക്കുന്നവരുടെ പിന്തുണയാണ്. ആരാധകര്‍ എന്ന് നാം അതിനെ വിശേഷിപ്പിക്കുന്നു. വെള്ളിത്തിരയില്‍ തങ്ങള്‍ കാണുന്ന താരങ്ങളെ നേരില്‍ കാണുമ്പോള്‍ അവരെ കെട്ടിപിടിക്കാനും ചുംബിക്കാനും ശ്രമിക്കുന്നവരുണ്ട്.
എഴുത്തുകാരുടെ കൈകള്‍ മുത്തുന്നവരുണ്ട്. സെലിബ്രിറ്റികള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിരക്ക് കൂട്ടുന്നവരുണ്ട്. ആരാധകര്‍ വ്യത്യസ്തരാണ് എന്നതുപോലെ തന്നെ സെലിബ്രിറ്റികളും വ്യത്യസ്തരാണ്. ഭാവവ്യത്യാസങ്ങളും മാനസികസമ്മര്‍ദ്ദങ്ങളും അവര്‍ക്കുമുണ്ട്. തങ്ങള്‍ അപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍,തങ്ങള്‍ ആഗ്രഹിക്കാത്ത രീതിയിലുള്ള പ്രതികരണം ഉണ്ടാകുമ്പോള്‍ അതിനോട് അവര്‍ തത്തുല്യമായ രീതിയില്‍ പ്രതികരിച്ചുവെന്നു വരാം. തന്നെ അനുചിതമായി സ്പര്‍ശിക്കുകയോ കെട്ടിപിടിക്കുകയോ ചെയ്ത ഒരു ആരാധകനെ ഒരു യുവതാരം ചീത്തവിളിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങിയിട്ട് അധികകാലമായില്ല. സൂപ്പര്‍ താരം പത്രലേഖകനോടും ചോദ്യങ്ങള്‍ക്ക് മുമ്പില്അസ്വാരസ്യപ്പെട്ടതും തനിക്കൊപ്പം സെല്‍ഫിയെടുത്ത ആരാധകന്റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങിഗാനഗന്ധര്വന് ഫോട്ടോ ഡിലേറ്റ് ചെയ്തത് മറ്റ് ചില സംഭവങ്ങള്‍. ഇതിനൊക്കെ അവര്‍ക്ക് അവരുടേതായ ന്യായങ്ങളും വിശദീകരണങ്ങളുമുണ്ടാകും. തന്നെ കാണാന്‍ വന്ന ആരാധകനെ സെക്യൂരിറ്റി തടഞ്ഞപ്പോള്‍ അവരെ വിലക്കുകയും ആരാധകനെ അടുത്തുനിര്‍ത്തി ഫോട്ടോയെടുക്കുകയും ചെയ്ത സൂപ്പര്‍താരങ്ങളുമുണ്ട്.
ഇങ്ങനെയൊക്കെയാകുമ്പോഴുംആരാധകന് പ്രതീക്ഷിക്കുന്ന രീതിയില്‍ സെലിബ്രിറ്റികള്‍ പെരുമാറണമെന്ന് ശഠിക്കരുത്. അവര്‍ നിങ്ങളെ ഏതൊക്കെയോ തരത്തില്‍ തൃപ്തിപ്പെടുത്തുന്നതുകൊണ്ടാണ് നിങ്ങള്‍ അവരെആരാധിക്കുന്നത്. നിങ്ങളെക്കാള്‍ സംതിങ് ഡിഫറന്റ് ആയതുകൊണ്ടാണ് അവര്‍ ആരാധനാമൂര്‍ത്തികളായത്. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഒരുവിടവുണ്ട്. ആ വിടവിനെ അതായിതന്നെ നിലനിര്‍ത്തുന്നതാണ് സുരക്ഷിതമായ ബന്ധത്തിന് നല്ലത്.
പക്ഷേ സെലിബ്രിറ്റികളും മനുഷ്യരാണ് എന്ന കാര്യം മറക്കരുത്. വലിയ കാര്യങ്ങള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ ചിലപ്പോഴെങ്കിലും ചെറിയ മനുഷ്യരെ പോലെ പെരുമാറിക്കളയും. കാരണം എല്ലാവരും മനുഷ്യരാണ്.
ബലഹീനതകളുള്ളവരും മാനുഷികപ്രവണതകള് ഉള്ളവരുമാണ്. ഒരു വ്യക്തിയില്‍ ആദ്യം പുറത്തേക്ക് വരുന്നത് പലപ്പോഴും അയാളിലെ നെഗറ്റീവായിരിക്കും. ഒരാള്‍ അറിയാതെയാണെങ്കില്‍ പോലും തിരക്കുള്ള ബസില്‍ വച്ച് കാലില്‍ ചവിട്ടിയാല്‍ നാം ചോദിക്കുന്നത് തന്റെ മുഖത്തെന്താ കണ്ണില്ലേ എന്നായിരിക്കും. സഡന്‍ റിയാക്ഷന് പലപ്പോഴും നെഗറ്റീവ് കമന്റസായിട്ടായിരിക്കും. നെഗറ്റീവ് പ്രതികരണമായിട്ടായിരിക്കും. താന്‍ വീഴുമെന്ന് ഭയന്നപ്പോള്‍ മാര്‍പാപ്പയ്ക്ക് ചെയ്യാനുണ്ടായിരുന്ന ഏറ്റവും മാന്യമായ പ്രതികരണം ആ സ്ത്രീയുടെ കൈയ്ക്ക് തട്ടി പിടി വിടുവിക്കുക എന്നതായിരുന്നു. എന്നാല്‍ താന്‍ ചെയ്തത് ശരിയായില്ലെന്ന് തോന്നിയപ്പോള്‍ പാപ്പ മാപ്പ് പറയുകയും ചെയ്തു. സൂപ്പര്‍താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇല്ലാത്ത ഔന്നത്യത്തിലേക്ക് പാപ്പ ഉയര്‍ന്നത് അവിടെയാണ്. ആരാധകര്‍ ഉണ്ടാവട്ടെ. സെലിബ്രിറ്റികള്‍ ഉണ്ടാവട്ടെ. പക്ഷേ അതിരുകള്‍ നിശ്ചയിക്കാന്‍ മറക്കരുത്. വലിയവരോട് അകന്ന് വലുതാകാനാണ് ശ്രമിക്കേണ്ടത് എന്നും കൂടി ഓര്‍മ്മിപ്പിക്കട്ടെ.