മതം എന്നും തര്‍ക്കവിഷയമായിരുന്നു. മതം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അഭിപ്രായം എന്നാകുമ്പോള്‍ അത് സ്വഭാവികവുമാണല്ലോ? ഏതൊരു വിഷയത്തെക്കുറിച്ചും എനിക്കുള്ള അഭിപ്രായമായിരിക്കണമെന്നില്ല നിങ്ങള്‍ക്കുണ്ടായിരിക്കുന്നത്. നിങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും നിങ്ങളുടെ പ്രിയപ്പെട്ടവരുടേത്. പക്ഷേ അതിന്റെ പേരില്‍ എനിക്ക് നിങ്ങളെയോ നിങ്ങള്‍ക്ക് എന്നെയോ ആക്രമിക്കാനോ അധിക്ഷേപിക്കാനോ അവകാശമില്ല.പരസ്പരബഹൂമാനത്തോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും മാത്രമേ മതം പോലെയുള്ള വൈകാരികമായ വിഷയങ്ങളെ നാം സമീപിക്കേണ്ടത്. അറിയാതെയോ മനപ്പൂര്‍വ്വമല്ലാതെയോ പറയുന്ന തീരെ ചെറിയൊരു വാക്കുപോലും പ്രശ്‌നങ്ങള്‍ക്ക് കാരണമായി മാറിയേക്കാം പക്ഷേ മതത്തിന്റെ പേരിലുളള തല്ലുകൂടലുകളും എന്റെ മതം മാത്രമാണ് ശരിയെന്ന അപകടകരമായ വാദിക്കലുകളുമാണ് പലപ്പോഴും സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും.
മതത്തിന്റെ പേരിലുള്ള വാഗ്വാദങ്ങള്‍.വിശ്വാസത്തിന്റെ പേരിലുള്ള പോര്‍വിളികള്‍. എന്റെ വിശ്വാസങ്ങള്‍ മൂലം എവിടെയെങ്കിലും സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയോ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ എന്റെ വിശ്വാസവും എന്റെ ചെയ്തികളും ശരിയായ വഴിക്കല്ല എന്ന് ഞാന്‍ തിരിച്ചറിയണം.അവിടെ അതിന്റെ കാരണം തിരയേണ്ടത് മറ്റുള്ളവരിലേക്കല്ല. കുറ്റപ്പെടുത്തേണ്ടതും മറ്റുള്ളവരെയല്ല. അവനവരെ തന്നെയാണ്.
എന്റെ വിശ്വാസം മൂലം മറ്റൊരാള്‍ക്കെങ്കിലും ഇടര്‍ച്ചകള്‍ക്കു കാരണമാകുന്നുണ്ടെങ്കില്‍ അതിനും കാരണം ഞാന്‍തന്നെ. എന്റെ വിശ്വാസം മൂലം എന്റെ മതത്തെ ആരെങ്കിലും പരിഹസിക്കാനും നിന്ദിക്കാനും കാരണമാകുന്നുണ്ടെങ്കില്‍ അവിടെയും ഞാന്‍ എന്നെത്തന്നെ കുറ്റവിചാരണ നടത്തണം.
ഏതെങ്കിലും ഒരു മതത്തിന് മാത്രമല്ല ഇത് ബാധകം. എല്ലാ മതങ്ങളും മതനേതാക്കന്മാരും മതവിശ്വാസികളും പാലിക്കേണ്ട അലിഖിത നിയമായിരിക്കണം.രാഷട്രീയ നേതാക്കളെ പോലും ലജ്ജിപ്പിക്കുന്ന വിധത്തിലുള്ള പോര്‍വിളികള്‍ നടത്തുന്ന മതനേതൃത്വങ്ങളും പോലീസിന്റെ അകമ്പടിയോടെ ആരാധനയ്‌ക്കെന്ന പേരില്‍ എത്തുന്ന വിശ്വാസികളും. സമകാലികകേരളം വല്ലാതെ പകച്ചുപോകുന്ന സംഭവവികാസങ്ങളാണ് ഇവയൊക്കെ.
മതത്തിന് ആചാരങ്ങളുണ്ട്. വിശ്വാസക്രമങ്ങളുണ്ട്. അത് പാലിക്കപ്പെടുമ്പോഴാണ് ഒരാള്‍ നല്ല വിശ്വാസിയാകുന്നത്. വിശ്വാസങ്ങളെ വെല്ലുവിളിക്കുമ്പോള്‍ വിശ്വാസി അവിശ്വാസിയായി മാറുകയാണ് ചെയ്യുന്നത്. ക്രൈസ്തവദേവാലയങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും മോസ്‌ക്കുകള്‍ക്കു ഗുരുദ്വാരകള്‍ക്കും എല്ലാം അതിന്റേതായ ചിട്ടവട്ടങ്ങളുണ്ട്. ചില ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. ചില ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ക്രൈസ്തവദേവാലയങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ടെങ്കിലും അവിടെ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലികളില്‍ കൂദാശ ചെയ്യപ്പെടുന്ന തിരുവോസ്തി അക്രൈസ്തവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇതിനെ നാം അംഗീകരിച്ചേ മതിയാവൂ. അതിന് പകരം അവയെ ചോദ്യം ചെയ്യരുത്. നാളെ അക്രൈസ്തവര്‍ക്കും തിരുവോസ്തി നല്കണമെന്ന് കോടതിവിധിയുണ്ടായാല്‍എന്തായിരിക്കും അവസ്ഥ?
പുരോഗമനത്തിന്റെയോ മറ്റേതെങ്കിലും പ്രത്യയശാസ്ത്രങ്ങളുടെയോ പേരില്‍ നിലവിലുള്ള സമാധാനത്തിന് ഭംഗംവരുത്താന്‍ ശ്രമിക്കുമ്പോള്‍ ഭരണപരമായ കാര്യങ്ങള്‍ക്കായുള്ള ഊര്‍ജ്ജം മറ്റൊരുവഴിക്ക് ചെലവഴിക്കപ്പെടുകയാണ് ചെയ്യുന്നത്. നിയമപാലകരുടെയും കോടതിയുടെയും അധികാരികളുടെയും സമയവും മനുഷ്യവിഭവശേഷിയും ക്രിയാത്മകമായ കാര്യങ്ങള്‍ക്കാണ് ചെലവഴിക്കേണ്ടത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള പോര്‍വിളികള്‍ക്കായി അവ വിനിയോഗിക്കുമ്പോള്‍ തടസപ്പെടുന്നത് നാടിന്റെ പുരോഗമനമാണ്. മതം വേണം, വിശ്വാസം വേണം, പുരോഗതി വേണം, ആചാരങ്ങള്‍ വേണം, സമാധാനം വേണം. ഇവയ്‌ക്കെല്ലാം വിരുദ്ധമായി സംഭവിക്കുമ്പോഴാണ് അതിന്റെ കാരണങ്ങളെ നാം എതിര്‍ക്കേണ്ടത്.
എന്നാല്‍ മനുഷ്യനെ ലിംഗത്തിന്റെയും ജാതിയുടെയും പേരില്‍ ആരാധനാലയങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതും ശരിയല്ല. ദൈവത്തിന് മുമ്പില്‍ എല്ലാവരും ഒരുപോലെയാണ്. ദൈവത്തിന് ഉചനീചത്വങ്ങളുണ്ടെന്ന് വരികില്‍ അതുതന്നെയല്ലേ ഏറ്റവും വലിയ വിരോധാഭാസം?
ഇതിനൊക്കെ പുറമേ മറ്റൊന്നൂകൂടി ചിന്തിക്കേണ്ടതുണ്ട്. തത്വമസിയും അഹംബ്രഹ്മാസ്മിയും അനല്‍ഹഖും വേരോടിയിട്ടുള്ള മണ്ണാണ് നമ്മുടേത്. ദൈവരാജ്യം നമ്മുടെയോരോരുത്തരുടെയും ഉളളിലാണെന്ന് തന്നെ. ദൈവം ഉള്ളിലാണെന്ന് തിരിച്ചറിയുന്ന ഒരാള്‍ക്ക് ആരാധനാലയങ്ങള്‍ തേടിപ്പോകേണ്ടിവരുന്നില്ല. പക്ഷേ എല്ലാവര്‍ക്കും അത്തരമൊരുവെളിച്ചം ഉണ്ടാകണമെന്നില്ല. മാത്രവുമല്ല മതവും വിശ്വാസവും നിലനിന്നുപോരണമെങ്കില്‍ സംഘടിതമായ അത്തരം രൂപങ്ങള്‍ വേണം താനും. അതുകൊണ്ട് ആരാധനാലയങ്ങള്‍ വേണം.വിശ്വാസവും. മനുഷ്യനെ മാനിക്കുകയും സമാധാനം പുലരുകയും വിശ്വാസം നിലനില്ക്കുകയും ചെയ്യുന്ന മനുഷ്യന്‍ മതത്തിന്റെപേരില്‍ തമ്മിലടിക്കുകയും ചെയ്യാത്ത ഒരു നല്ലകാലം ഉണ്ടാവട്ടെ.