ഒരാള്‍ അദ്ധ്വാനിച്ചു നേടിയെടുക്കുന്ന പണവും അതേ സമയം ലോട്ടറിയടിച്ചോ അല്ലെങ്കില്‍ അധാര്‍മ്മികമായോ സമ്പാദിക്കുന്ന പണവും തമ്മില്‍ വ്യത്യാസമുണ്ട്.,ഒരേ വിനിമയമൂല്യം അവയ്ക്ക് രണ്ടിനും ഉള്ളപ്പോഴും.
ഒരുപക്ഷേ ആദ്യത്തെയാള്‍ക്ക് തന്റെ എല്ലാ ആവശ്യങ്ങള്‍ നിവര്‍ത്തിക്കപ്പെടാന്‍ കഴിയാതെ പോകുമ്പോഴും അതേ സമയം രണ്ടാമത്തെയാള്‍ തന്റെ പണം കൊണ്ട് ധൂര്‍ത്ത് കാണിക്കുമ്പോഴും സംഭവിക്കുന്നത് പണം അത് നേടിയെടുത്ത മാര്‍ഗ്ഗം കൊണ്ട് രണ്ടുതട്ടിലാകുന്നു എന്നതാണ്. അധാര്‍മ്മികമായോ വഴിവിട്ടോ നേടിയെടുത്ത പണത്തിന് വേണ്ടി അയാള്‍ ഒരു തുള്ളിപോലും വിയര്‍ത്തിട്ടില്ല. അയാള്‍ക്ക് അതിന്റെ വില അറിയുകയുമില്ല.
എന്നാല്‍ ആദ്യത്തെയാള്‍ക്ക് താന്‍ നേടിയെടുത്ത ഓരോ ചില്ലിക്കാശിന്റെയും വില നന്നായി അറിയാം. അത് വിനിയോഗിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും പ്രത്യേകമായ കരുതലും ശ്രദ്ധയും അയാള്‍ക്കുണ്ടായിരിക്കുകയും ചെയ്യും. ഇതുപോലെ തന്നെയാണ് പരീക്ഷകളില്‍ കോപ്പിയടിച്ച് ജയിക്കുന്നവരുടെയും മത്സരപ്പരീക്ഷകളില്‍ കൃത്രിമത്വം കാണിച്ച് ജോലിയില്‍ പ്രവേശിക്കുന്നവരുടെ കാര്യവും. അവര്‍ക്ക് തുടക്കത്തില്‍ എഴുതിയവരുടെ പോലെ താന്‍ സ്വന്തമാക്കിയ സര്‍ട്ടിഫിക്കറ്റുകളുടെയോ ജോലിയുടെയോ വില അറിയാതെ പോകുന്നു. വില അറിയാതെ പോകുന്നതുകൊണ്ട് അയാള്‍ക്ക് താന്‍ ഏര്‍പ്പെടുന്ന ജോലിയിലും മറ്റ് ജീവിതവ്യാപാരങ്ങളിലും ആത്മാര്‍ത്ഥത പുലര്‍ത്താന്‍കഴിയാതെയും പോകുന്നു. സമീപകാലത്തെ പല മാര്‍ക്ക് വിവാദങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും മത്സരപ്പരീക്ഷയിലെ കൃത്രിമത്വങ്ങളുടെയും വാര്‍ത്തകള്‍ പലരുടെയും മനസ്സിലുണ്ടാവുമല്ലോ?
അടുത്തയിടെ മനുഷ്യമനസ്സാക്ഷിയെ തന്നെ നടുക്കിക്കളഞ്ഞ കൂടത്തായി കൊലക്കേസിലെ പ്രതിയായ ജോളിക്ക് താന്‍ പഠിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും വിജയിച്ചിട്ടില്ലാത്ത കോഴ്‌സുകളില്‍നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
പല കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളും അതില്‍ തന്നെ പ്രയോജനരഹിതമാണ് എന്നതാണ് ഏറെ രസകരമായ കാര്യം. തപാലില്‍ നീന്തല്‍ പഠിച്ചതും മരം കയറ്റം പഠിച്ചതും പോലെയൊക്കെയാണ് പലകോഴ്‌സുകളുടെയും കാര്യം. ചില കോഴ്‌സുകളുടെ ഭാഗമായിട്ടുള്ള ഡെസേര്‍ട്ടേഷന്‍ വര്‍ക്കുകളില്‍ പല വിദ്യാര്‍ഥികളും ചെയ്യുന്നത് തങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ വര്‍ക്കുകള്‍ കോപ്പിയടിക്കുകയാണ്. പല ഉന്നതബിരുദങ്ങള്‍ കൈവശമുള്ളവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കപ്പുറം അറിവില്ലായെന്നത് അടക്കം പറയപ്പെടുന്ന കാര്യമാണ്.
2030 ആകുമ്പോഴേയ്ക്കും ഇന്ത്യയിലെ വിദ്യാസമ്പന്നരായ യുവജനങ്ങളില്‍ 53 ശതമാനവും തൊഴില്‍ നൈപുണ്യം ഇല്ലാത്തവരായിരിക്കുമെന്ന റിപ്പോര്‍്ട്ട് ഇതിന്റെ അടിസ്ഥാനത്തില്‍ വേണംനാം കാണേണ്ടത്. ഇന്ത്യന്‍ യുവാക്കളുടെ തൊഴില്‍ നൈപുണ്യംആഗോള ശരാശരിയെക്കാള്‍ വളരെ താഴെയാണെന്നും യൂണിസെഫിന്റെ വിദ്യാഭ്യാസകമ്മീഷനും ഗ്ലോബല്‍ ബിസിനസ് കൊയലീഷന്‍ ഫോര്‍ എ്ഡ്യൂക്കേഷനുംചേര്‍ന്നു നടത്തിയ പഠനത്തില്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം കേന്ദ്രീകരിച്ചു നേടിയെടുക്കുന്ന പരീക്ഷാവിജയ്ങ്ങളുടെ അനന്തരഫലമാണ് ഇവയെല്ലാം. വിയര്‍ക്കാതെയും നോവാതെയും നേടിയെടുക്കുന്നതെല്ലാം പാഴ് വേലകളാണ്.അയാളുടെ ധാര്‍മ്മികതയാണ് അയാള്‍ നേടിയെടുക്കുന്ന വിജയങ്ങളുടെ വില നിശ്ചയിക്കുന്നത്. അന്യായമായി സമ്പാദിച്ച വലിയ സമ്പത്തിനെക്കാള്‍ ന്യായമായി നേടിയെടുത്ത ചെറിയ ലാഭമാണ് നല്ലത്. പരീക്ഷയുടെ വിജയം മാത്രമാണ് ഒരാളുടെ ജീവിതവിജയം എന്ന രീതിയിലാണ് നമ്മുടെ വിലയിരുത്തലുകള്‍. പക്ഷേ പരീക്ഷയില്‍ ജയിക്കുന്നവരൊക്കെ ജീവിതത്തില്‍ വിജയിക്കണമെന്നില്ല. ജീവിതത്തില്‍ വിജയിച്ചവരൊക്കെ പരീക്ഷകളില്‍ ഒന്നാമതതെത്തിയവരുമായിരുന്നില്ല.
ജീവിതത്തിലെ ജയപരാജയങ്ങളും നേട്ടങ്ങളും കോട്ടങ്ങളും നിശ്ചയിക്കുന്നത് അയാള്‍ അവയോട് കാണിച്ച ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും കഠിനാദ്ധ്വാനവും എത്രത്തോളമുണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. അലസമായി ജീവിക്കാനും വിലയറിയാതെ പെരുമാറാനും ശ്രമിക്കുന്ന പുതുതലമുറയുടെ മനോഭാവത്തിന്റെ അടയാളപ്പെടുത്തലുകളാണ് മേല്‍പ്പറഞ്ഞവയൊക്കെ.
കുടുംബങ്ങളില്‍ നിന്ന് കിട്ടുന്ന പരിശീലനമാണ് ജീവിതത്തോടുള്ള കുട്ടികളുടെമനോഭാവത്തെ രൂപപ്പെടുത്തുന്നത്. അന്യായമായി അച്ഛന്‍ സമ്പാദിച്ചുകൊണ്ടുവരുന്ന പണവും അത് ധൂര്‍ത്തടിച്ച് ജീവിക്കുന്ന അമ്മയും. ഈ മാതൃക കണ്ടുവളരുന്ന മക്കളുടെ അവസ്ഥ മറ്റൊന്നാകാന്‍ വഴിയില്ല.
ജീവിതത്തിലെ അലസസമീപനം പരീക്ഷകളുടെയും മത്സരവിജയങ്ങളുടെയും കാര്യത്തിലും അവര്‍ ഇന്ന് കൊണ്ടുനടക്കുന്നു. വിലയറിഞ്ഞും വിലകൊടുത്തും മക്കളെ വളര്‍ത്തിയെടുക്കുമ്പോള്‍ മാത്രമേ കിട്ടുന്നതിന്റെ വിലയും കിട്ടാതെ പോകുന്നതിന്റെ വിലയും മക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയൂ. അത്തരമൊരു തിരിച്ചറിവ് ജീവിതത്തിലെ പല നിര്‍ണ്ണായക നിമിഷങ്ങളിലും വിവേകത്തോടെയും ധാര്‍മ്മികതയോടെയും ഇടപെടാന്‍ അവരെ പ്രേരിപ്പിക്കുക തന്നെ ചെയ്യും.
സര്‍ട്ടിഫിക്കറ്റുകള്‍ നല്ലതു തന്നെ. എന്നാല്‍ അതിനപ്പുറം അവ എങ്ങനെ കൈവശമാക്കി എന്നതും പ്രധാനപ്പെട്ടതാണ്. അനര്‍ഹമായ വിജയങ്ങള്‍ക്ക് ശാശ്വതമായ നിലനില്പ്പുണ്ടാവില്ലെന്ന് നാം തിരിച്ചറിയണം.