എവിടെയൊക്കെയോ വായിക്കുകയും ആവർത്തിച്ചു കേൾക്കുകയും ചെയ്തിട്ടുള്ള ഒരു കഥയില്ലേ വലിയൊരു കമ്പനിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന ഒരാൾ. പലരും അയാളെ രാവിലെയും വൈകുന്നേരവും കടന്നുപോകാറുണ്ടെങ്കിലും ഒരാൾ പോലും അയാളെ നോക്കി പുഞ്ചിരിക്കുകയോ അഭിവാദ്യം ചെയ്യുകയോ ചെയ്യുന്നില്ല. പക്ഷേ ആ കമ്പനിയിലെ പുതുതായി വന്ന ഒരു ഒാഫീസർ മാത്രം അയാളെ നോക്കി രാവിലെയും വൈകുന്നേരവും പുഞ്ചിരിക്കും. അന്നൊരു ദിവസം വൈകുന്നേരം ആ സെക്യൂരിറ്റിക്കാരന് അയാളുടെ പുഞ്ചിരി കിട്ടിയില്ല. അന്നേ ദിവസം തന്നെയാണ് ആ മാനേജരെ കാണാനില്ലാതായതും. മാനേജരെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടയിൽ നിർണ്ണായകമായത് സെക്യൂരിറ്റിയുടെ മൊഴിയായിരുന്നു.
ഒാഫീസർ കമ്പനിക്ക് വെളിയിലേക്ക് പോയിട്ടില്ലെന്ന് അയാൾ പറഞ്ഞതോടെ അന്വേഷണം കമ്പനിയുടെ ഉള്ളിലേക്ക് ചെന്നു. ഒടുവിൽ അബദ്ധത്തിൽ ഫ്രീസറിൽ പെട്ടുകിടക്കുന്ന അയാളെ രക്ഷിക്കാൻ സാധിക്കുന്നു. ഇൗ കഥയാണ് മാത്തുക്കുട്ടി സേവ്യർ എന്ന നവാഗത സംവിധായകൻ ഹെലൻ എന്ന സിനിമയ്ക്ക് ഇതിവൃത്തമാക്കിയിരിക്കുന്നത്. വലിയൊരു മാളിൽ ജോലി ചെയ്യുന്ന, കാനഡയിൽ നേഴ്സായി ജോലി ചെയ്യാൻ എെഇഎൽറ്റിഎസ് പാസായി നില്ക്കുന്ന, ഹെലൻ എന്ന ഇരുപത്തിയഞ്ചുകാരി അപ്രതീക്ഷിതായി ഫ്രീസറിൽ പെട്ടുപോകുന്നതും ആറേഴ് മണിക്കൂർ തണുത്തുറഞ്ഞ് ജീവിക്കുന്നതുമാണ് ഹെലൻ സിനിമയുടെ രണ്ടുവാക്ക് കഥ. ഒരു പെൺകുട്ടിയെ കാണാതെ പോകുമ്പോൾ സ്വഭാവികമായും വീട്ടുകാർക്കും പോലീസിനും ഒക്കെ ഉണ്ടാവുന്ന സംശയങ്ങളെയെല്ലാം ദൂരീകരിച്ച് അവളെ രക്ഷിക്കാൻ കാരണമായിത്തീരുന്നത് സിനിമയിൽ അപ്രധാനമായ വേഷം ചെയ്ത സെക്യൂരിറ്റിക്കാരന്റെ കഥാപാത്രമാണ്. അവൾ മാളിന് പുറത്തേക്ക് വൈകുന്നേരം പോയിട്ടില്ലെന്നും മാളിനുള്ളിൽ തന്നെയാണ് അവളുള്ളതെന്നുമുളള സെക്യൂരിറ്റിക്കാരന്റെ വാക്ക് അവളുടെ ജീവൻ രക്ഷപ്പെടാൻ നിർണ്ണായകമാകുന്നു.
എത്രയോ പേർക്കിടയിൽ അവളെ അയാൾ ഒാർത്തിരിക്കാൻ അയാളെപ്രേരിപ്പിച്ചതാവട്ടെ വൈകുന്നേരം അവളുടെ ചിരി കിട്ടിയിട്ടില്ലെന്നതും. തുടക്കത്തിലെഴുതിയ കഥയെക്കുറിച്ച് കേട്ടറിവില്ലാത്തവർക്ക്് ഇൗ സിനിമ വലിയൊരു അനുഭവവും പുതുമയും തിരിച്ചറിവുമായിരിക്കും. സമകാലികമായ പശ്ചാത്തലത്തിലേക്ക് ഇൗ കഥയെ മാറ്റിപ്രതിഷ്ഠിച്ചപ്പോൾ അത് വ്യത്യസ്തമായ ഒരു അനുഭവമായി മാറിയിട്ടുണ്ട് എന്നതും വാസ്തവം. പക്ഷേ കഥ ക്ടേട്ടറിവുള്ളവർക്ക് സ്വഭാവികമായും ഉൗഹിക്കാവുന്ന കഥാഗതി തന്നെയായിരിക്കും ഇത്. മാത്രവുമല്ല അത്തരം ചില സൂചനകൾ ചിത്രത്തിന്റെ ആരംഭത്തിൽ തന്നെ നല്കുന്നുമുണ്ട്. പലർക്കും പരിചിതമായ ഇൗ കഥയ്ക്ക് അന്നാ ബെന്നിന്റെ സ്വഭാവികമായ അഭിനയവും ലാലിന്റെ പതിവുപോലെ ഉജ്ജ്വലമായ അപ്പൻ വേഷവും അനുകൂല ഘടകങ്ങളായി. നിലത്തു നോക്കി നടക്കാൻ പഠിപ്പിക്കുന്നതിന് പകരം മുഖത്തുനോക്കി നടക്കാൻ പഠിപ്പിക്കണമെന്നാണ് ഇൗ ചിത്രം ഒാർമ്മിപ്പിക്കുന്നത്; ഒരുപുഞ്ചിരിക്കു പോലും വലിയ വിലയുണ്ടെന്നും. തിരക്കിന്റെയും ഉപഭോഗപരതയുടെയും ഇക്കാലത്ത് ആളുകൾ സ്വന്തം സുഖങ്ങളിലേക്ക് മാത്രം മുഖംപൂഴ്ത്തിയിരിക്കുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട ചില പാഠങ്ങൾ പോലും മറന്നുപോകുന്നു. ജീവിതത്തിന്റെ നിസ്സഹായതകളുടെയും അപകടസന്ധികളുടെയും നടുവിൽ ഏറ്റവും നിസ്സാരമായതുവരെ നമുക്ക് വലിയ വിലയുളളവയായി മാറുന്നുവെന്നും ചിത്രം പറയുന്നുണ്ട്. പേടിയോടെ അകറ്റിനിർത്തുന്ന എലിയിൽ നിന്നു പോലും ചൂടു പിടിച്ചുപറ്റാൻ ഫ്രീസറിൽ പെട്ടുപോകുന്ന ഹെലൻ ശ്രമിക്കുന്നതും എലി കൊണ്ടുവരുന്ന കേക്ക് കഴിക്കുന്നതുമൊക്കെ ആരെക്കൊണ്ടും ജീവിതത്തിന്റെ ചില പ്രത്യേകഘട്ടങ്ങളിൽ നമുക്ക് അത്യാവശ്യവും സഹായവും വേണ്ടിവരും എന്നതിന്റെ ഒാർമ്മപ്പെടുത്തലാണ്; ഒരു ജീവിയെ പോലും നിസ്സാരമായി കാണരുതെന്നും. അതിജീവിക്കാനുള്ള കരുത്തും പ്രചോദനവുമാണ് ഹെലൻ സിനിമ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു ഘടകം. ആത്മവിശ്വാസത്തിന്റെ കനലുകളെ അത് ഉൗതിയുണർത്തുന്നുണ്ട്. മനസ്സാണ് പൊരുതാനുള്ള ഏറ്റവും വലിയ ഘടകം. മനസ്സ് തളർന്നാൽ, ചത്തുപോയാൽ പിന്നെ നമുക്കൊന്നും ചെയ്യാൻ കഴിയില്ല.
സാധാരണക്കാരായ ഏതൊരു മനുഷ്യനും പേടിച്ചുമരിച്ചുപോകുമായിരുന്ന മണിക്കൂറുകളെ ജീവിതവും മരണവുമായിട്ടുള്ള പോരാട്ടത്തിലൂടെ പിടിച്ചുകയറാൻ ഹെലന് സാധിക്കുന്നത് അവളിലെ സർവൈവൽ കപ്പാസിറ്റിയാണ്്. ഹെലന്റെ ആത്മധൈര്യമാണ് അവളുടെ ആയുസ് നീട്ടിക്കൊടുത്തതെന്നാണ് ഡോക്ടറുടെ പോലും സാക്ഷ്യപ്പെടുത്തൽ. താൻ അകപ്പെട്ടുപോയ ദുർഘട സന്ധികളെ അതിജീവിക്കാൻ നേഴ്സ്കൂടിയായ ഹെലന്റെ പ്രായോഗികതയും ബലമാകുന്നുണ്ട്. ചുരുക്കത്തിൽ പോസിറ്റീവ് സ്്ട്രോക്ക് നല്കുന്ന ചിത്രമാണ് ഹെലൻ. കഥാഗതി പ്രവചിക്കാൻ കഴിയുന്നതാണെങ്കിലും ആകാംക്ഷയോടെ പ്രേക്ഷകരെ പിടിച്ചിരുത്താനും ചിത്രത്തിനു കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഹെലൻ കാണുന്നത് ഒരിക്കലും നഷ്ടമാവില്ല. പക്ഷേ അമിതപ്രതീക്ഷകൾ ഉണ്ടാവരുതെന്ന് മാത്രം. മറ്റുള്ളവരെ അവരുടെ സ്ഥാനവും വിലയും നോക്കാതെ പരിഗണിക്കാനും അവരെ നോക്കി പുഞ്ചിരിക്കാനും നമുക്കും കഴിയട്ടെ.