മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പല പുതിയ പുതിയ ജോലി സാധ്യകതളും ഉദയം ചെയ്യുന്നുണ്ട്. എന്നാൽ ചിലരെങ്കിലും ഇത്തരം ജോലികളെക്കുറിച്ചോ അവ പഠിക്കാനുള്ള സാധ്യതകളെക്കുറിച്ചോ അറിയാതെ പോകുന്നു. പുതിയ കാലത്തെ പുതിയ കരിയറാണ് മെഡിക്കൽ ഫിസിക്സ്. ഫിസിക്സ് ബിരുദധാരികൾക്ക് പ്രത്യേകവിഷയമായി ഇത് തിരഞ്ഞെടുക്കാവുന്നതാണ്. വൻകിട ആശുപത്രികൾ, റേഡിയോ തെറാപ്പി സെന്ററുകൾ, വ്യവസായ മേഖലകൾ, ഗവേഷണരംഗം എന്നിവിടങ്ങളിലെല്ലാം മെഡിക്കൽ ഫിസിക്സിസ്റ്റുകൾക്ക് ജോലി സാധ്യതകളുണ്ട്. കാൻസർ ചികിത്സാരംഗത്ത് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മെഡിക്കൽ ഫിസിക്സിസ്റ്റുകൾ മാറിക്കഴിഞ്ഞു. ഫിസിക്സിൽ പിജി നേടിയശേഷം റേഡിയോളജിക്കൽ അല്ലെങ്കിൽ മെഡിക്കൽ ഫിസിക്സിൽ ഡിപ്ലോമ, ഫിസിക്സിൽ ബിരുദം അല്ലെങ്കിൽ മെഡിക്കൽ ഫിസിക്സിൽ ബിരുദാനന്തരബിരുദം എന്നിവയെല്ലാമാണ് ജോലിക്കുവേണ്ട യോഗ്യതകൾ. ഇന്റേൺഷിപ്പും പൂർത്തിയാക്കിയിരിക്കണം. അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ മാത്രമേ പഠനത്തിനായി ചേരാവൂ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അമേരിക്കയിലും ഇംഗ്ലണ്ടിലും മെഡിക്കൽ ഫിസിക്സിസ്റ്റിന് ഏറെ അവസരങ്ങളുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് എന്നിവിടങ്ങളിലാണ് കേരളത്തിൽ പ്രധാനമായും പഠന അവസരങ്ങളുള്ളത്. മുംബൈ, ഹൈദരാബാദ്, പാറ്റ്ന, കോയമ്പത്തൂർ എന്നിവിടങ്ങളിലും എഇആർബി അംഗീകാരമുള്ള കോഴ്സുകൾ നടത്തപ്പെടുന്നുണ്ട്.