സ്ത്രീയും മുറിവേറ്റ മാനും…

Date:

spot_img

അരങ്ങത്ത് ബന്ധുക്കൾ അവർ
അണിയറയിൽ ശത്രുക്കൾ…
പുറമെ പുഞ്ചിരിയുടെ പൂമാലകൾ എരിയുന്നു
അകലേ കുടിപ്പകയുടെ തീജ്വാലകൾ  എരിയുന്നു

ശ്രീകുമാരൻതമ്പി എഴുതിയ ഇൗ ഗാനത്തിലെ വരികൾ വീണ്ടും പാടിപ്പോകുന്നതിന് കാരണം ഒന്നേയുള്ളൂ. കൂടത്തായിയിലെ ജോളിയും ജോളി  നടത്തിയ ക്രൂരമായ കൊലപാതകങ്ങളും. ജോളിയുടെ ഫോട്ടോ  നോക്കൂ. എത്ര സൗമ്യയായ വ്യക്തി. ഒരാൾക്കു പോലും സംശയം ഉണർത്താൻ തക്ക രൂപഭാവങ്ങളൊന്നും ജോളിയിൽ ഇല്ല. മകൻ പറയുന്നതുപോലെ സംശയിക്കത്തക്കത്തായി ഒന്നും പുറമേയ്ക്ക്  ഇല്ലാതിരുന്നവൾ. അതൊരു മറയായിരുന്നു. ആ മറയിൽ തീർത്തത് പിഞ്ചുകുഞ്ഞുൾപ്പടെയുള്ള ആറു കൊലപാതകങ്ങൾ. കുടുംബത്തിൽ ദീപമായി തെളിഞ്ഞുകത്തേണ്ടവൾ കരിന്തിരിയായി മാറി. സ്നേഹിച്ചവരുടെയും പ്രിയപ്പെട്ടവരുടെയും ജീവനുകളെ പന്തുപോലെ പന്താടാൻ മാത്രം ക്രുരതകൾ അവളുടെ ഉള്ളിൽ കടന്നുകൂടിയിരിക്കുന്നു. പാലുകൊടുത്തകയ്യിൽതന്നെയാണ് അവൾ കൊത്തിയത്. പക്ഷേ ആ വിഷം തിരിച്ചറിയാൻ നീണ്ട വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു.

കൊലപാതകം ആരു ചെയ്താലും കുറ്റവും നടുക്കവുമാകുമ്പോഴും പുരുഷൻ ചെയ്യുന്നതിലേറെ ഒരു സ്ത്രീ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമ്പോൾ അത് കൂടുതൽ നടുക്കവും അവിശ്വസനീയതയും ഉണ്ടാക്കുന്നു. കാരണം സ്ത്രീയെക്കുറിച്ചുള്ള നമ്മുടെ ചില സങ്കല്പങ്ങൾ കാലം പുരോഗമിച്ചിട്ടും പരമ്പരാഗതമാണ്. അതായത് അവൾ നിഷ്ക്കളങ്കയും സൗമ്യയും കുറ്റമറ്റവളുമാണെന്നാണ്. പുരുഷനിൽ നിന്ന് പീഡനങ്ങൾ ഏറ്റുവാങ്ങുകയല്ലാതെ അവൾ പുരുഷനെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്നതായി നമുക്ക് ചിന്തിക്കാൻ പോലുമാവില്ല, പലപ്പോഴും പലയിടത്തും കാര്യങ്ങൾ നേരെ തിരിച്ചാവുമ്പോഴും. അതുകൊണ്ടുതന്നെ ഇത്തരംആനുകൂല്യങ്ങളുടെ പിഴവിൽ അവൾ കുറ്റവിമുക്തയും ന്യായീകരിക്കപ്പെടുന്നവളുമാകുന്നു. എന്നാൽ അടുത്തകാലത്തുള്ള പല വാർത്തകളും വ്യക്തമാക്കുന്നത് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ സ്ത്രീ ഒട്ടും പിന്നിലല്ല എന്നാണ്.
പിണറായിയിൽ കൂട്ടക്കൊല നടത്തിയ സൗമ്യയും അതിന് മുമ്പ് തിരുവല്ലയിലെ കാരണവരുടെ കൊലപാതകത്തിലെ ഷെറിനുമൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. സ്ത്രീയേ നിന്റെ പേരോ ക്രൂരത എന്ന് ഷേക്സ്പിയർ ചോദിച്ചതിനെ ശരിവയ്ക്കും മട്ടിലുള്ള കൊടുംപാതകങ്ങൾ. ഒരു സ്ത്രീക്ക് എന്തുമാത്രം ക്രൂരത സ്വന്തം കുഞ്ഞിനോട് വരെയാകാം എന്നതിന് തെളിവായിരുന്നു പിണറായി സംഭവം. സമർത്ഥമായ രീതിയിലുള്ള കരുനീക്കങ്ങൾ വഴി സ്വഭാവികമായ മരണമെന്ന് വരുത്തിത്തീർക്കാൻ പിണറായിയിലെ സൗമ്യക്ക് കഴിഞ്ഞിരുന്നു. പക്ഷേ എവിടെയോ ഉള്ള ചില സംശയങ്ങൾ അവളെ ഇരുമ്പഴികൾക്കുള്ളിലാക്കി. ഒടുവിൽ ജയിലിൽ വച്ച് മരണവും.

വർഷങ്ങളുടെ ഇടവേളയിലൂടെയാണ് കൂടത്തായിയിലെ കൊലപാതകങ്ങളും അരങ്ങേറിയത്. ഒാരോ മരണവും സ്വഭാവികമായി സംഭവിച്ചവയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും അതിലാരും സംശയിക്കാതിരിക്കുകയും ചെയ്തതിലൂടെ കുറ്റവാളി(കളു)യുടെ ആത്മവിശ്വാസവും വർദ്ധിച്ചു. അങ്ങനെയാണ് കൊലപാതകങ്ങൾ ആറെണ്ണമായത്. ഇപ്പോഴെങ്കിലും അറസ്റ്റ് ചെയ്തത് നന്നായി ഇല്ലായിരുന്നുവെങ്കിൽ ഇനിയും കൊലപാതകങ്ങളുടെ എണ്ണം കൂടുമായിരുന്നു എന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ പറയുമ്പോൾ പതിയിരുന്ന് ആക്രമിക്കുന്ന ഒരു വേട്ടനായയുടെ ചിത്രം ജോളിയിൽ തെളിയുന്നു. ആ ഇര ആരായിരിക്കുമെന്ന് ചില ഉൗഹങ്ങൾ മാത്രം. ഒരുപക്ഷേ സ്വന്തം മക്കൾ പോലും അതിൽപെടുമായിരുന്നോ എന്ന് കണ്ടറിയണം. കാരണം സ്വത്തിനോടുള്ള മോഹവും അധികാരവാഴ്ചയും  പുരുഷബന്ധങ്ങളുമായിരുന്നു കൊലപാതകത്തിന് കാരണമായതെന്നാണ് ഇതുവരെയുളള വാർത്തകൾ വ്യക്തമാക്കിയിരിക്കുന്നത്. ആദ്യഭർത്താവിന്റെ സ്വത്തിന്റെ അവകാശം അയാളുടെ രണ്ടുമക്കൾക്കുമായി വീതം വച്ചുനല്കാൻ ഭർത്തൃസഹോദരൻ തയ്യാറായിരുന്നുവെന്നും ഒടുവിൽ അത് ജോളി സമ്മതിച്ചുവെന്ന് പറയുകയും ചെയ്യുമ്പോൾ സ്വത്ത് കൈവശമാക്കാൻ ജോളിയെ പോലെ കുറ്റകൃത്യത്തിലേക്ക് പൂർണ്ണമായും മനസ്സ്തിരിഞ്ഞ വ്യക്തി എന്തും ചെയ്യാൻ തയ്യാറാവുമായിരുന്നുവെന്ന് തന്നെ ആശങ്കപ്പെടണം. കാരണവർ കൊലക്കേസിലെ ഷെറിനെയും പിണറായിലെ സൗമ്യയെയും കൂടത്തായിയിലെ ജോളിയെയും അപഗ്രഥന വിധേയമാക്കുമ്പോൾ മൂന്നിടങ്ങളിലും പൊതുവായി  തെളിയുന്ന ചിത്രം സ്ത്രീയുടെ ക്രൂരത എന്നതിനപ്പുറം അവളുടെ വഴിവിട്ട ബന്ധങ്ങൾ എന്നു തന്നെയാണ്.
തന്റെ അപഥസഞ്ചാരത്തിനും ആഡംബരത്തിനും വേണ്ടി എന്തും ചെയ്യാൻ തയ്യാറായ സ്ത്രീയുടെ ചിത്രമാണ് ഇവിടെ വ്യക്തമാകുന്നത്. കാട്ടിലെ  മൃഗങ്ങളിൽ ഏറ്റവും ആക്രമണകാരിയായത് മുറിവേറ്റ മാൻ എന്നാണ്  പറയപ്പെടുന്നത്. പൊതുവെ ശാന്തയെന്ന് നിർവചിക്കപ്പെടുന്ന സ്ത്രീയുടെ മനസ്സിൽ വിവിധ കാരണങ്ങളാലുണ്ടാകുന്ന മുറിവുകൾ(?)  ക്രമക്കേടുകളിലേക്ക് തിരിയുമ്പോൾ അതേറ്റവും അപകടകാരിയാകുന്നു. സ്ത്രീയുടെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടുമുള്ള മുറിപ്പെടുത്തലുകൾ തകർത്തെറിയുന്നത് കുടുംബത്തെയും സാമൂഹ്യക്രമങ്ങളെയുമാണ്. ഭർത്താവിനെയും മക്കളെയും വിട്ടുപേക്ഷിച്ചു പോകുന്ന വീട്ടമ്മമാരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. അവിശ്വസ്തരായ ഭാര്യമാരുടെ എണ്ണവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീയെ അവൾ എന്തായിരിക്കുന്നുവോ ആ രീതിയിൽ മനസ്സിലാക്കാൻ കഴിയാതെ വരുന്ന കാലഘട്ടം കൂടിയാണിത്.

ഒരു നിമിഷം തരു നിന്നിലലിയാൻ… ഒരുയുഗം തരൂ നിന്നെ അറിയാൻ എന്നാണല്ലോ  സത്യൻ അന്തിക്കാടിന്റെ വരികൾ തന്നെ. എത്രയോ സത്യമാണത്. എൻഎെടിയിൽ അധ്യാപികയാണെന്ന് ഭർത്താവിനെയും കുടുംബത്തെയും നാട്ടുകാരെയും സമർത്ഥമായി ഇത്രയും വർഷങ്ങൾ കബളിപ്പിക്കാൻ ബികോം ബിരുദധാരിണി മാത്രമായ ജോളിക്ക് കഴിഞ്ഞത് നമ്മെ അതിശയിപ്പിക്കുന്നുണ്ട്. ആരും അക്കാര്യത്തിൽ ഇത്രയും കാലം വ്യക്തത കൈവരിക്കാത്തതും. സ്ത്രീ അമ്മയോ ഭാര്യയോ കാമുകിയോ ആരുമായിരുന്നുകൊള്ളട്ടെ അവരെ കൃത്യമായി മനസ്സിലാക്കുക എന്നത് ദുഷ്ക്കരമാണെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്.
വ്യത്യസ്തമായ അടരുകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നവരാണ് അവരുടെ മനസ്സും പ്രവൃത്തിയും വാക്കും എന്നതുകൊണ്ടുതന്നെ. ജോളിയെ പോലെയുള്ള വീട്ടമ്മമാർ നമ്മുടെ ചുറ്റുപാടുകളിൽ ഇനിയും ഉണ്ടാകും. സൗമ്യമായ ചിരികൊണ്ടും നയപരമായ ഇടപെടലുകൾ കൊണ്ടും വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രീതിയും വിശ്വാസവും പിടിച്ചുപറ്റിക്കൊണ്ട് ദ്വന്ദ്വജീവിതം നയിക്കുന്നവർ. ഭർത്താവിനൊപ്പം ജീവിക്കുമ്പോഴും കാമുകന്റെ ഒപ്പം കിടക്കപങ്കിടുന്നവർ. മനുഷ്യരെയും ദൈവത്തെയും ഒന്നുപോലെ കബളിപ്പിക്കുന്നവർ. വിശ്വാസപരമായകാര്യങ്ങളിൽ പോലും മായം കലർത്തിജീവിക്കുന്നവർ സാഹചര്യം കൊണ്ട് ഒരാൾ തെറ്റു ചെയ്യുന്നതുപോലെയോ സ്വന്തം ബലഹീനതകളാൽ ഒരാൾ പരീക്ഷിക്കപ്പെടുന്നതുപോലെയോ ഒരിക്കലും നീതികരിക്കപ്പെടേണ്ടവയല്ല പ്ലാൻ ചെയ്തുള്ള അരും കൊലകളും വിശ്വാസവഞ്ചനകളും. ജോളി ചെയ്തതും അതുതന്നെയാണ്. ആ വ്യക്തി ഒറ്റയ്ക്കാണോ അതോ ആരെങ്കിലും ആ കുറ്റകൃത്യങ്ങളിൽ സഹായിച്ചിട്ടുണ്ടോ അതിന്റെയെല്ലാം പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം എന്തായിരുന്നു എന്നെല്ലാം ഇനിയും തെളിയപ്പെടാൻ ഇരിക്കുന്നതേയുള്ളൂ.  പക്ഷേ ഒരു കാര്യം നാംഅറിയണം.  സ്ത്രീയുടെ വഞ്ചനയ്ക്കും ക്രൂരതകൾക്കും കുടുംബത്തെ തകർത്തെറിയാൻ മറ്റെന്തിനെക്കാളും ശക്തിയുണ്ട്. കുടുംബത്തെ താങ്ങിനിർത്തേണ്ട തൂണാണ് അവൾ. അതൊരു ക്ലീഷേ പ്രയോഗമോ സങ്കല്പമോ അല്ലതാനും. അവൾ തകർന്നാൽ, അവൾ തകർത്താൽ പിന്നെ കുടുംബത്തിന് നിലനില്പില്ല, ബന്ധങ്ങൾക്ക് നിലനില്പില്ല.

ജോളിയുടെ ക്രൂരതകൾ തകർത്തെറിഞ്ഞത് ആറു ജീവനുകളെ മാത്രമല്ല ജീവിച്ചിരിക്കുന്ന ചില രക്തസാക്ഷികളെക്കൂടിയാണ്. അതിൽ അവരുടെ മക്കളും പെടും. ആകുട്ടികളുടെ ഭാവി, സമൂഹം അവരെ നോക്കുന്ന വിധം. അച്ഛൻ പിഴച്ചുപോയാലും അമ്മ ചൊവ്വുള്ളതാണെങ്കിൽ അത് മതി എന്നാണ് നാട്ടിൻപുറങ്ങളിലെ വിശ്വാസം തന്നെ. അതായത് അച്ഛന്റെ പിഴവുകളെക്കാൾ  അമ്മയുടെ തെറ്റുകൾ കൂടുതൽ ആഘാതം ഉണ്ടാക്കും എന്നതുതന്നെ. ദൈവത്തിന്റെ കണ്ണ് എന്നൊരു വിശ്വാസമുണ്ട്. ദൈവം എല്ലാം കാണുന്നുണ്ട്, കേൾക്കുന്നുണ്ട്. വർഷങ്ങളുടെ നീണ്ട കാലാവധിയിൽ നടന്ന കൊലപാതകങ്ങൾ ആരും അറിയില്ലെന്ന് കരുതി സ്വസ്ഥതയോടെ ജീവിക്കുമ്പോൾ പെട്ടെന്നൊരു നിമിഷത്തിൽ ദൈവം എല്ലാ തെളിവുകളും നിരത്തി അവരെ പിടികൂടാനായി നിയമത്തിന് വിട്ടുകൊടുക്കുന്നു. ബന്ധുക്കളുടെയോ നാട്ടുകാരുടെയോ കണ്ണുകൾ നിങ്ങൾക്ക് മൂടിക്കെട്ടാം. എന്നാൽ ദൈവത്തിന്റെ കണ്ണ് മൂടിക്കെട്ടാനാവില്ല.

പ്ലാൻ ചെയ്തും കരുക്കൾ നിരത്തിയും കൊടുംക്രൂരതകളിലേർപ്പെടുന്നവർക്കെല്ലാം ഇതൊരു തിരുത്തായി മാറണം. ഒപ്പം, നമ്മുടെ കുടുംബബന്ധങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങളെക്കുറിച്ചു വീണ്ടുവിചാരം ഉണ്ടായിരിക്കുകയും വേണം. ഇനിയൊരു വീട്ടിലും ഇത്തരം ക്രൂരതകൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഒാരോ കുടുംബാംഗവും ജാഗ്രത പുലർത്തണം. സൗമ്യയും ഷെറിനും ജോളിയും മറ്റൊരു പേരിലും പത്രത്താളുകളിൽ നിറയാതിരിക്കട്ടെ.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....
error: Content is protected !!