തീവ്രവാദം ചെറുക്കണം, മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം

Date:

spot_img

ഇന്നലെ ഒരു സുഹൃത്തുമായി ഫോണിലൂടെ സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞു, സ്വസ്ഥമായി ഇപ്പോള്‍ വീട്ടില്‍വച്ച് ഒരു പുസ്തകം വായിക്കാനോ സൂക്ഷിക്കാനോ കഴിയുന്നില്ലല്ലോ. ഇന്ന് ഒരു വീട്ടില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യാമെങ്കില്‍ നാളെ മറ്റൊരു വീട്ടിലും അത് സംഭവിച്ചുകൂടായ്കയില്ല. പക്ഷേ നമുക്കൊക്കെ ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് ചോദിക്കാനും പറയാനും പോലും ആരുമുണ്ടായെന്ന് വരില്ല.

യുഎപിഎ നിയമം ചുമത്തി രണ്ടു വിദ്യാര്‍ത്ഥികളെ കോഴിക്കോട് അറസ്റ്റ് ചെയ്ത സംഭവത്തെ ആസ്പദമാക്കിയായിരുന്നു സുഹൃത്തിന്റെ ആശങ്കകള്‍. കേരളത്തെ തന്നെ ഇപ്പോള്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് മാവോയിസ്റ്റ് വേട്ടയും അതിനെതുടര്‍ന്നുള്ള അറസ്റ്റുകളും.

എന്തുകൊണ്ടാണ് മാവോയിസം എതിര്‍ക്കപ്പെടേണ്ടതെന്ന് നമുക്ക് നോക്കാം. ഭരണകൂടത്തിനെതിരെ ഒളിപ്പോരിലൂടെയുള്ള കലാപമാണ് മാവോയിസ്റ്റ് സംഘടനകള്‍ ലക്ഷ്യമിടുന്നത്. മാവോ സെതൂങ്ങിന്റെ ചിന്തകളാണ് മാവോയിസത്തിന് കാരണമായിരിക്കുന്നത്. പക്ഷേ ഏതു നാട്ടില്‍ മാവോയിസം രൂപമെടുത്തുവോ ആ നാട്ടില്‍ പോലും മാവോയിസം പിന്തള്ളപ്പെട്ടിരിക്കുന്നതായാണ് ചരിത്രം. ചൈനയാണല്ലോ മാവോയിസത്തിന്റെ ജന്മസ്ഥലം.

അമ്പതു വര്‍ഷം മുമ്പ് ആരംഭിച്ചിരുന്ന നക്‌സലിസമാണ് ഇന്ന് മാവോയിസമായി പരിണമിച്ചിരിക്കുന്നത്. ഇന്ത്യനേരിടുന്ന ഏറ്റവും വലിയ ആഭ്യന്തരപ്രശ്‌നം മാവോയിസ്റ്റു ഭീകരതയാണെന്ന് ലോകത്തോട് പറഞ്ഞത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംങായിരുന്നു.

കേരളത്തിന് മാവോയിസം വ്യാപകമായ ഭീഷണിയായിരുന്നില്ലെങ്കിലും ്അടുത്തകാലത്തായി അത്തരമൊരു ഭീഷണി തല ഉയര്‍ത്തിത്തുടങ്ങിയതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലേതിനെക്കാള്‍ ശക്തമായ  രീതിയിലുള്ള മാവോയിസ്റ്റ് ആക്രമണങ്ങളാണ് ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്നത്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെഉള്‍പ്പടെയുള്ള പിന്തുണയോടെ സംസ്ഥാനങ്ങള്‍ മാവോയിസ്റ്റ് വേട്ടശക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് മാവോയിസ്റ്റ് വേട്ടയുടെ പേരിലുളള മനുഷ്യാവകാശ ലംഘനമാണെന്നാണ് പൊതു നിരീക്ഷണം. അതിന്റെ ഉദാഹരണമാണ് തെളിയിക്കാന്‍ തക്ക കാരണങ്ങളൊന്നുമില്ലാതെ രണ്ടു വിദ്യാര്‍ത്ഥികളെ യുഎപിഎ നിയമം  ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നതും ആ സംഭവം വിവാദമായപ്പോള്‍ അതില്‍ നിന്ന് തലയൂരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതും.

വായന ഒരാളെ രൂപപ്പെടുത്തുന്നുണ്ടെന്നത് സത്യമാണ്. പല ആശയങ്ങളും പ്രചരിപ്പിക്കപ്പെടുകയും അടിവേരുകള്‍ആഴ്ത്തുകയും ചെയ്യുന്നത്് ലഘുലേഖകള്‍ വഴിയുമാണ്.  ഒരു ലഘുലേഖ വായിക്കാനായി കൈയില്‍ പിടിച്ചിരിക്കുന്നതുകൊണ്ടോ അത് വായിച്ചുപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുകൊണ്ടോ ഒരു വ്യക്തി ആ ലഘുലേഖ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെ പ്രചാരകരോ അനുകര്‍ത്താവോ ആകണമെന്ന് നിര്‍ബന്ധമില്ല. ആകാം, ആകാതെയുമിരിക്കാം.

പക്ഷേ വായിച്ചുവെന്നോ കൈയിലുണ്ടെന്നോ കരുതി ഒരു വ്യക്തിയുടെയും അവകാശങ്ങളെ നാം തെറ്റായി വ്യാഖ്യാനിക്കരുത്.അറസ്റ്റ് എന്തിനായിരുന്നുവെന്ന് കാര്യകാരണസഹിതം തെളിയിക്കാന്‍ പോലീസിനും ഭരണകൂടത്തിനും കടമയുണ്ട്.അത് പൊതുജനങ്ങള്‍ക്ക് ബോധ്യമാകുന്ന വിധത്തിലായിരിക്കുകയും വേണം. അല്ലാതെയുള്ള അറസ്റ്റ് ചെയ്യലുകള്‍ മനുഷ്യാവകാശങ്ങളെ ധ്വംസിക്കുന്നതിന് തുല്യമാണ്.

ഇവയ്‌ക്കെതിരെ ശക്തമായ ജനരോഷം പൊട്ടിപ്പുറപ്പെടുകയും ചെയ്യും. അത് വീണ്ടുമൊരു വിപ്ലവത്തിന് തന്നെ കാരണമായേക്കാം. അതുണ്ടാവരുത്. സമാധാനം പുലരുകയും സ്വസ്ഥതയോടെ ജീവിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ഒരു ഭരണസംവിധാനമാണ് ജനങ്ങള്‍ക്ക് ആവശ്യം.

അതവരുടെ അവകാശവുമാണ്. അത് പാലിക്കാന്‍ അവര്‍തന്നെ തിരഞ്ഞെടുത്ത ജനപ്രതിനിധികളുള്‍പ്പെടുന്ന ഭരണകൂടം ബാധ്യസ്ഥരുമാണ്.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ഭീകരത തുടച്ചുനീക്കപ്പെടുകയും ചെയ്യട്ടെ.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....
error: Content is protected !!