അബൂബക്കര്‍ ഉയര്‍ത്തിയ ചിന്തകള്‍

Date:

spot_img

കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍  വന്ന ഒരു ഫോട്ടോയും കുറിപ്പും ഇതിനകം വൈറലായിക്കഴിഞ്ഞു. സ്വത്തിന്റെ പേരില്‍ ഭാര്യയും മക്കളും ഉപേക്ഷിച്ച പാലക്കാട് ചാലിശ്ശേരി അബൂബക്കര്‍ എന്ന എഴുപതുകാരന് പോലീസ് തുണയായതായിരുന്നു ആ കുറിപ്പ്. മൂന്നു ദശാബ്ദക്കാലം ഗള്‍ഫില്‍ പണിയെടുത്ത് കുടുംബത്തെ സംരക്ഷിച്ച അബുബക്കറിന് വാര്‍ദ്ധക്യത്തില്‍ ഒടുവില്‍  ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അവഗണന. ബാക്കിയുള്ള സ്വത്തുകൂടി തങ്ങളുടെ പേര്‍ക്ക് എഴുതിവച്ചാല്‍ മാത്രമേ സംരക്ഷിക്കൂ എന്ന വീട്ടുകാരുടെ ശാഠ്യത്തിന് വഴങ്ങാത്ത അയാളെ ആര്‍ക്കും വേണ്ടാത്ത അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു ബീറ്റ് ഡ്യൂട്ടിയുമായി വീട്ടിലെത്തിയ ജനമൈത്രി പോലീസ്. പൊളിഞ്ഞുവീഴാവുന്ന വീട്ടില്‍ കിടന്ന അയാളെ തങങള്‍ക്കാവുന്നതുപോലെ സഹായിക്കാമെന്ന് വാക്കു നല്കിയാണ് പോലീസ് മടങ്ങിയത്.

രണ്ടു ചിന്തകളാണ് ഈ സംഭവം നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നത്.ഒന്ന് കുടുംബനാഥന്മാര്‍ അനുഭവിക്കേണ്ടിവരുന്ന അവഗണനയും തിരസ്‌ക്കരണവും. രണ്ട് പോലീസുകാരുടെ മനുഷ്യത്വം. കുടുംബത്തിന് വേണ്ടി ജീവിച്ചിട്ടും കുടുംബം ത്ള്ളിക്കളഞ്ഞ കുടുംബനാഥന്മാരുടെ കഥകള്‍ പുത്തരിയൊന്നുമല്ല. അവരുടെ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ആളുമല്ല അബൂബക്കര്‍. ഒരുപക്ഷേ പുറം ലോകം അറിഞ്ഞ അവഗണനയുടെ ഒടുവിലത്തെ ആള്‍ ആയിരിക്കാം അയാള്‍. ഇതുപോലെ  സ്വന്തം ദേശത്തിന് വെളിയിലോ അല്ലെങ്കില്‍ വീടിന് വെളിയില്‍ പോലുമോ അറിഞ്ഞിട്ടില്ലാത്ത അവഗണന ഏറ്റുവാങ്ങി ജീവിക്കേണ്ടിവരുന്ന ഒരുപാട് വൃദ്ധ കുടുംബനാഥന്മാര്‍ നമ്മുടെ ചുറ്റുപാടുമുണ്ട്.

 ഗള്‍ഫ് ജീവിതം വളരെ കളര്‍ഫുള്ളാണെന്ന് കരുതുന്ന ഒരുപാടു പേര്‍ ഇന്നും നമുക്കിടയിലുണ്ട്. അവിടെ ജോലി ചെയ്യുന്നവര്‍ നയിക്കുന്നത് ആഡംബരജീവിതമാണെന്നും. എന്നാല്‍ ഗള്‍ഫില്‍ നിന്ന് ജോലി അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിയ ചിലര്‍ തങ്ങളുടെ അനുഭവങ്ങള്‍ സത്യസന്ധമായി പങ്കുവച്ചപ്പോഴാണ് ഗള്‍ഫ്ജീവിതത്തിന്റെ യഥാര്‍ത്ഥ അവസ്ഥ ആദ്യമായി തിരിച്ചറിഞ്ഞത്.  വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി -സലാം അഹമ്മദിന്റെ പത്തേമാരി കണ്ടപ്പോള്‍ അതുകൊണ്ടുതന്നെ വലിയ അത്ഭുതമോ അതിശയമോ തോന്നിയതുമില്ല.  പക്ഷേ നാട്ടിലുള്ളവര്‍ വിചാരിക്കുന്നത്് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ  വാക്കുകള്‍കടമെടുത്തു പറഞ്ഞാല്‍ ്അവിടെ സുഖമായി ജീവിച്ചതിന്റെ ബാക്കിയാണ് വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുന്നതെന്നാണ്. എന്നാല്‍ മുണ്ടുമുറുക്കിയുടുത്തും  അരപ്പട്ടിണിയനുഭവിച്ചും കടം വാങ്ങിയുമാണ് മാസാമാസം പണം അയച്ചുകൊടുക്കുന്നതെന്നതാണല്ലോ യാഥാര്‍ത്ഥ്യം? ഈ സത്യം മനസ്സിലാക്കാത്തവരാണ് ഗള്‍ഫില്‍ നിന്നുള്ള പണം കൊണ്ട് ദീവാളികുളിക്കുന്നത്. ഒരു സ്ത്രീയെ വ്യക്തിപരമായി പരിചയമുണ്ട്. നാട്ടില്‍ നില്ക്കക്കളിയില്ലാതെ ഗള്‍ഫിലേക്ക് പോയതാണ് മകന്‍. ഭാഗ്യത്തിന് ഒരു ജോലികിട്ടി. മാസാമാസം ഭേദപ്പെട്ട തുകയും അയച്ചുതുടങ്ങി. പക്ഷേ നാട്ടിലെ കടം തീര്‍ക്കുന്നതിലായിരുന്നില്ല സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നതിലായിരുന്നു ആ സ്ത്രീയുടെ ശ്രദ്ധ. സ്വന്തം ആവശ്യത്തിന് രണ്ടായിരം രൂപയുടെ ബാഗും രണ്ടായിരം രൂപയുടെ ചെരിപ്പും ഒക്കെ വാങ്ങി മകന്റെ പണം മുത്തൂറ്റ് ശാഖയില്‍ നിന്ന് കൈപറ്റി അവര്‍ തിരികെ വരുന്നത് കണ്ടപ്പോഴുണ്ടായ നടുക്കം അഞ്ചാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. മകന്റെ അദ്ധ്വാനം തിരിച്ചറിയാത്തതും പണത്തിന്റെ വില മനസ്സിലാക്കാത്തതുമായിരുന്നു അവരുടെ പ്രശ്‌നം. ഇതുപോലെ പല സ്ത്രീകളും കുടുംബങ്ങളിലുണ്ട്. ഭര്‍ത്താവോ മകനോ സഹോദരനോ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണത്തിന്റെ മൂല്യം തിരിച്ചറിയാതെ പോകുന്നവര്‍. ക്രിയാത്മകമായി പണം വിനിയോഗിക്കാന്‍ അറിഞ്ഞുകൂടാത്തവര്‍. കുടുംബത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതില്‍ സ്ത്രീകള്‍ കൂടുതല്‍ ജാഗ്രതയും വിവേകവും പുലര്‍ത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ഇടത്തരം കുടുംബത്തിലെ വീട്ടമ്മമാര്‍. മക്കളെ പണത്തിന്റെ വില അറിഞ്ഞുവളര്‍ത്താനും ്അവര്‍ ശ്രദ്ധിക്കണം. മക്കള്‍ക്ക് ആവശ്യമുള്ളതു മുഴുവന്‍ വാങ്ങികൊടുക്കുന്നതിലല്ല മാതാപിതാക്കളുടെ സ്‌നേഹം അടങ്ങിയിരിക്കുന്നത്. കാര്യം സാധിച്ചുകിട്ടാന്‍ വേണ്ടി മാതാപിതാക്കളെ ഉപയോഗിക്കുന്ന മക്കളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ താന്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ ക്രയവിക്രയങ്ങളില്‍ കുടുംബനാഥന്മാരും ബോധവാന്മാരായിരിക്കണം. പണം സമ്പാദിക്കുക മാത്രമല്ല അത് നന്നായി ചെലവഴിക്കപ്പെടുന്നുണ്ടോ ഏതൊക്കെ രീതിയില്‍ ഉപയോഗിക്കപ്പെടുന്നുണ്ട് തുടങ്ങിയ കാര്യങ്ങളിലും അവര്‍ ശ്രദ്ധകൊടുക്കണം. അനാവശ്യമായ ചെലവുകള്‍ നിയന്ത്രിക്കാന്‍ അവര്‍ ധൈര്യം കാണിക്കണം. എല്ലാകാര്യങ്ങളും മക്കള്‍ക്കും ഭാര്യക്കുമായി വിട്ടുനല്കിയിട്ട് അവസാനം അവരാല്‍ തിരസ്‌ക്കരിക്കപ്പെടുന്നത് എത്രയോ നിര്‍ഭാഗ്യകരമാണ്. മക്കള്‍ക്ക് അവരര്‍ഹിക്കുന്നത് നല്കുമ്പോഴും സ്വന്തം കൈ തലയ്ക്ക് കീഴില്‍തന്നെ ഉണ്ടായിരിക്കാന്‍ കുടുംബനാഥന്മാര്‍ ശ്രദ്ധിക്കണം. മക്കള്‍ക്ക് സ്വത്തുവീതം വച്ചുനല്കി അവസാനം എല്ലാം കൈക്കലാക്കിക്കഴിഞ്ഞതിന് ശേഷം വലിച്ചെറിയപ്പെടുന്ന മാതാപിതാക്കളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ അബൂബക്കറിന്റെ കാര്യത്തില്‍ ഭാര്യ പോലും തുണയില്ലാതെ വരുന്നു എന്നതാണ് ഏറെ ഖേദകരം. പരസ്പരം ഊന്നുവടികളായി മാറേണ്ട ദാമ്പത്യത്തില്‍ ഭര്‍ത്താവിനെ വിട്ടു മക്കളുടെപക്ഷം ചേര്‍ന്ന് അയാളെ പുറംതള്ളാന്‍ ആ ഭാര്യയെ പ്രേരിപ്പിച്ചത് എന്താവും അറിയില്ല. ഓരോ ദമ്പതികളും മാതാപിതാക്കളും മനസ്സിലാക്കുകയും പാഠംപഠിക്കുകയും ചെയ്യേണ്ട പലതും ഈസംഭവത്തിലുണ്ട്. മറ്റൊരാളുടെ ജീവിതത്തില്‍ നിന്ന് വേണമല്ലോനാം പാഠം പഠിക്കേണ്ടത്?


 പോലീസുകാരുടെ നന്മയെയും നാം കാണാതെപോകരുത്. നിയമത്തിനൊപ്പം കാരുണ്യവും വിതറുന്ന ഈ പോലീസുകാര്‍ക്ക് സല്യൂട്ട്.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....
error: Content is protected !!