എവിടെയായിരുന്നു നിങ്ങള്…?

Date:

spot_img

ഭർത്താവ് ജോലി കഴിഞ്ഞ് നേരെ വീട്ടിലെത്തണമെന്നാണ്  എല്ലാ ഭാര്യമാരുടെയും ആഗ്രഹം. എന്നാൽ പുരുഷനെ സംബന്ധിച്ച് ഇതെല്ലായ്പ്പോഴും സാധിക്കണമെന്നില്ല. കാരണം കുടുംബം എന്ന വ്യവസ്ഥിതിക്ക് വെളിയിൽ അവൻ അവന്റേതായ ചില സന്തോഷങ്ങളും സ്പെയ്സുകളും കണ്ടെത്താൻ ആഗ്രഹിക്കുന്നവനാണ്. വിവാഹജീവിതത്തിന്റെ തുടക്കകാലത്ത് ഭാര്യ വീട്ടിൽ തനിച്ചാണല്ലോ എന്ന് വിചാരിച്ചും അവളോടൊത്ത് സമയം ചെലവിടാൻ ആഗ്രഹിച്ചും അഞ്ചുമണി കഴിയുമ്പോഴേയ്ക്കും വീട്ടിലേക്ക് പറക്കുന്ന ഉദ്യോസ്ഥരായ പല ഭർത്താക്കന്മാരുമുണ്ട്. പക്ഷേ കാലം കുറെക്കൂടി കഴിയുമ്പോൾ വീട്ടിലേക്കുള്ള  അവരിൽ പലരുടെയും യാത്രകൾക്ക് പണ്ടത്തേതുപോലെ ആവേശമില്ല.

ഭർത്താവ് എന്ന നിലയിലുള്ള ആദ്യത്തേതും പിന്നത്തേതുമായ ഇൗ അന്തരം ഭാര്യമാരെ ദേഷ്യം പിടിപ്പിക്കുകയും വീട്ടിൽ കലഹം ഉണ്ടാക്കുകയും ചെയ്യുന്നതിനുള്ള പ്രധാന കാരണമാണ്. “എവിടെപ്പോയി കിടക്കുവായിരുന്നു നിങ്ങള്’ എന്ന് വീട്ടിലെത്തുന്നപാടെ ഭർത്താവിനോട് ചാടിക്കടിക്കുന്ന ഒരുപാട് ഭാര്യമാരുണ്ട് നമ്മുടെ ചുറ്റിനും. ഭാര്യമാരുടെ ഇത്തരത്തിലുള്ള ദേഷ്യപ്പെടലിന് അവരുടേതായ കാഴ്ചപ്പാടിൽ ന്യായീകരണങ്ങളുമുണ്ട്. ഭർത്താവ് തന്റെ സാമീപ്യത്തിൽ നിന്ന് വിട്ടുനില്ക്കാൻ ആഗ്രഹിക്കുന്നുവെന്നും അയാൾക്ക് തന്നോടുള്ള സ്നേഹത്തിന് കുറവു സംഭവിച്ചുവെന്നുമാണ് ഭാര്യയുടെ വിചാരം. അല്ലെങ്കിൽ അയാൾക്ക് താനല്ലാതെ മറ്റെന്തെങ്കിലും രഹസ്യബന്ധങ്ങളുണ്ടോയെന്നതിലേക്കും അവളുടെ സംശയം ചെന്നെത്തുന്നു. പക്ഷേ ഭർത്താവ് ഇക്കാര്യത്തിൽ നിരപരാധിയായിരിക്കാനാണ് പലപ്പോഴും സാധ്യത.

സുഹൃത്തുക്കളുമായുള്ള വെറും വെട്ടിവട്ടങ്ങളോ സൊറപറച്ചിലുകളോ മാത്രമായിരിക്കും വീടിനും ഒാഫീസിനും ഇടയിലുള്ള അയാളുടെ വൈകുന്നേരങ്ങളെയോ ഒഴിവുസമയങ്ങളെയോ അപഹരിക്കുന്നത്. എന്നാൽ ഇതൊന്നും ഭാര്യമാർ മനസ്സിലാക്കണമെന്നില്ല. അല്ലെങ്കിൽ അവർക്ക് അത് ഇഷ്ടമാകണമെന്നുമില്ല. തന്റെ സ്ഥാനം കുറഞ്ഞുപോകുന്നതായിട്ടാണ് ഭാര്യമാർക്ക് ഇതെല്ലാം അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ ഭർത്താവിനോട് അവർ ദേഷ്യപ്പെടുന്നു. കയർത്തു സംസാരിക്കുന്നു.

വീട്ടുകാര്യങ്ങളെല്ലാം നേരാം വണ്ണം നോക്കി നടത്തുന്ന തനിക്കെതിരെയുള്ള ഭാര്യയുടെ പരാമർശങ്ങൾ ഭർത്താവിനെയും കോപാകുലനാക്കിയേക്കാം. വാശിയെന്ന നിലയിൽ അയാൾ വീട്ടിലെത്തുന്ന സമയം പിന്നെയും ദീർഘിപ്പിച്ചേക്കാം. ഫലമോ കുടുംബത്തിൽ കലഹംവിട്ടുമാറാതെയാകുന്നു. ഒരു കർഷകകുടുംബത്തിലെ സ്ഥിതി കൂടി ഉദാഹരിക്കാം. ഭർത്താവിനൊപ്പം തോളോടു തോൾ ചേർന്ന്
പറമ്പിലും പാടത്തും പണിയെടുക്കുന്നവളാണ് ഇൗ കഥയിലെ സ്ത്രീ. പക്ഷേ സന്ധ്യയായിക്കഴിയുമ്പോൾ അവൾക്ക് സീരിയൽ കാണണം. വെളുപ്പിന് നാലുമണിക്ക് എണീറ്റ് വീട്ടുപണിയും പറമ്പിൽ പണിയും എല്ലാം ചെയ്തതിന് ശേഷം തനിക്കുള്ള സന്തോഷമായി അവൾ കണ്ടെത്തുന്നത് അതാണ്. എന്നാൽ ഭർത്താവിന് സീരിയൽ ഇഷ്ടമില്ല. അതുകൊണ്ട് ഭാര്യ ടിവി കാണുന്ന സമയത്തിന് അയാൾ ക്ലബിൽ പോയി കാരംസോ ചീട്ടോ കളിക്കുന്നു. ഇവിടെ ഭർത്താവ് വീട് വിട്ടുനില്ക്കുന്നതുകൊണ്ട് ഭാര്യയ്ക്കോ ഭാര്യ ടിവി കാണുന്നതിന് ഭർത്താവിനോ പരാതികളില്ല. പരസ്പരം അവർക്ക് കാര്യങ്ങൾ മനസ്സിലാവുന്നു. എന്നാൽ ആദ്യം പറഞ്ഞ ഗണത്തിലെ കുടുംബങ്ങളിൽ അങ്ങനെ സംഭവിക്കുന്നില്ല.

പ്രത്യേകിച്ച് ഭാര്യ വീട്ടമ്മയായി കഴിയുന്നവളാണെങ്കിൽ. ഇരുപത്തിനാലു മണിക്കൂറും വീട്ടിൽ അടച്ചുപൂട്ടിക്കഴിയുന്ന തനിക്കും പുറത്തിറങ്ങി സുഹൃത്തുക്കളുമായി കഴിയാൻ താല്പര്യമില്ലേ, താനും എന്നും ഇങ്ങനെ വിളക്കുവയ്ക്കാൻ നേരത്ത് വീട്ടിലേക്ക് കയറിവന്നാൽ നിങ്ങൾക്കു ഇഷ്ടമാകുമോഎന്നെല്ലാമുള്ള അവളുടെ ചോദ്യങ്ങൾക്ക് അയാളുടെ പക്കൽ മറുപടിയുണ്ടാവണമെന്നുമില്ല. ഇവിടെ രണ്ടുപേരുടെയും ഭാഗത്ത് ശരിയും തെറ്റുമുണ്ട്. നിജസ്ഥിതി മനസ്സിലാക്കുകയും യാഥാർത്ഥ്യങ്ങൾ ഉൾക്കൊളളുകയും ചെയ്യുക എന്നതാണ് ഇത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള എളുപ്പമാർഗ്ഗം.

എത്ര ശാന്തശീലയും വിദ്യാഭ്യാസവുമുള്ള ഭാര്യയുമായിരുന്നുകൊള്ളട്ടെ തന്നെക്കാൾ ഭർത്താവ് മറ്റാരെയെങ്കിലും കൂടുതലായി സ്നേഹിക്കുകയോ അവരുടെ അടുത്ത് സമയം ചെലവഴിക്കുകയോ ചെയ്യുന്നത് കണ്ടാൽ അവളുടെ മനസ്സ് കലങ്ങിത്തുടങ്ങും. ചെറിയ രീതിയിലുള്ള ഇളക്കങ്ങൾ പിന്നീട് കലങ്ങിമറിയലാകും. അതു തെളിഞ്ഞുകിട്ടാൻ സമയമെടുക്കും. അതിനാൽ ഭാര്യയുടെ സ്ഥാനത്തിന് ഇളക്കം തട്ടാത്തവിധത്തിലും അവളെ അവഗണിക്കാത്ത രീതിയിലും ഇടപെടൽ നടത്താനും സമയം ചെലവഴിക്കാനും ഭർത്താക്കന്മാർ വിവേകം കാണിക്കണം.
കാരണമില്ലാതെ വൈകിയെത്തുന്ന ഭർത്താക്കന്മാരെ സ്നേഹം കൊണ്ട് വീണ്ടെടുക്കാൻ ഭാര്യമാർക്കും കഴിയണം. കാരണം ഉള്ളവൈകലുകളാണെങ്കിൽ അത് തന്റെ കുടുംബത്തിനും മക്കൾക്കുംവേണ്ടിയാണല്ലോയെന്ന് മനസ്സിലാക്കി സംയമനത്തോടെ പ്രശ്നം കൈകാര്യം ചെയ്യാനും അവർക്കാകണം. കുടുംബത്തിലെ സമാധാനം ഒരാൾ മാത്രം സൃഷ്ടിക്കുന്നതല്ല അത് ഒരാളുടെ മാത്രം ഉത്തരവാദിത്തവുമല്ല രണ്ടുപേരും ഒരുപോലെ തീരുമാനിച്ചാൽ മാത്രമേ അത് നിലനിർത്താനാവൂ. പ്രത്യേകിച്ച് ചെറിയ പ്രശ്നങ്ങളുടെ പേരിൽ കലഹം കൂടുന്ന എല്ലാ ദമ്പതിമാരും.

More like this
Related

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ...

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും...
error: Content is protected !!