സാധാരണക്കാരനായ ഗാനഗന്ധര്‍വന്‍

Date:

spot_img

വീരപരിവേഷമോ അതിമാനുഷികതയോ ഇല്ലാത്ത നായകന്‍. അതാണ് രമേഷ് പിഷാരടിയുടെ രണ്ടാമത് സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗാനഗന്ധര്‍വന്‍ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം. കലാസദന്‍ ഉല്ലാസ് എന്ന  ആ കഥാപാത്രം ഒരുപക്ഷേ കലയും സംഗീതവും എഴുത്തുമെല്ലാമായി ബന്ധപ്പെട്ട് നില്ക്കുന്ന ഏതൊരാള്‍ക്കും ഇത് താന്‍ തന്നെയല്ലേ എന്ന സംശയം ഉണ്ടാക്കുന്നുണ്ട്. കാരണം അത്രത്തോളം സാധാരണീകരിക്കപ്പെട്ട കഥാപാത്രമാണ് ഉല്ലാസിന്റേത്.

ഒരുപാട് സ്വപ്‌നങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കുകയും എന്നാല്‍ ആഗ്രഹിക്കുന്നതുപോലെയൊരു ജീവിതം തനിക്കൊപ്പമുള്ളവര്‍ക്ക്  വച്ചുനീട്ടാന്‍ കഴിയാതെ പോകുകയും ചെയ്യുന്നവര്‍. വലിയ സ്വപ്‌നങ്ങളുമായി ജീവിച്ചിട്ട് ഒന്നും ആകാതെയും ഒരിടത്തും എത്താതെയും പോകുന്നവര്‍. അത്തരക്കാരുടെ പ്രതിനിധിയാണ് ഉല്ലാസ്.

ഗാനമേളയുടെ പോസ്റ്ററിന് വേണ്ടിയുള്ള ഫോട്ടോസെഷന് ധരിക്കാന്‍ പുതിയൊരു വസ്ത്രം പോലുമില്ലാത്തവന്‍. ദ്വാരം വീണ സോക്‌സ് ധരിക്കുന്നവന്‍. കരിമീനും വിലകൂടിയ മീനും വാങ്ങാന്‍ ആഗ്രഹമുണ്ടായിട്ടും വിഷം തളിച്ചവയെന്ന് പേരു പറഞ്ഞ്് മീന്‍വില്പനക്കാരനെ തിരിച്ചയ്ക്കുന്നവന്‍.  നല്ലൊരു വീടുപോലും ഇല്ലാത്തവന്‍.

എന്നിട്ടും ഏതൊരു ഇടത്തരക്കാരനെ പോലെയും മകളെ സിബിഎസ്ഇ സ്‌കൂളില്‍ പഠിപ്പിക്കുന്നവന്‍. സൗജന്യമായി കിട്ടിയ  മൊബൈലില്‍ സെല്‍ഫിയെടുത്ത് രസിക്കുന്നവന്‍. ഒരു സാധാരണക്കാരന്റെ എല്ലാവിധ മാനറിസങ്ങളും ഒത്തുപോകുന്ന  ഉല്ലാസിനോട് താദാത്മ്യം പ്രാപിക്കാന്‍ അതുപോലെയുള്ള ഒരാള്‍ക്ക്് വളരെയെളുപ്പം കഴിയുന്നതിന് ഇതൊക്കെ പോരേ ? 
ഇരുപത്തിയഞ്ച് വര്‍ഷമായി ഒരു ഗാനമേള ട്രൂപ്പില്‍ കരിയര്‍ ഗ്രാഫില്‍ യാതൊരുവിധ ഉയര്‍ച്ചകളുമില്ലാതെ ഒരേ താളത്തില്‍ പാടിപതിഞ്ഞുപോകുന്ന ഗായകന്‍. ഉല്ലാസിന്‍റെ കഥയാണ് ചിത്രം പറയുന്നത്.  മാനേജരുടെ ദയ മാത്രമാണ് അയാളുടെ ആകെക്കൂടിയുള്ള ആശ്വാസം. സ്വന്തം വീട്ടില്‍ മകളോ ഭാര്യയോ പോലും അയാളെ വേണ്ടത്ര ഗൗനിക്കുകയോ ആദരിക്കുകയോ ചെയ്യുന്നുമില്ല.  അപ്രതീക്ഷിതമായി ഒരു അമേരിക്കന്‍ പര്യടനം അയാള്‍ക്ക് ഒത്തുവരികയും അതിനെ മറ്റൊരു രീതിയില്‍ ട്രാവല്‍ ഏജന്റിന്റെ കുബുദ്ധിയില്‍ വളച്ചൊടിക്കുകയും ചെയ്യുമ്പോള്‍ ഉല്ലാസ് കടന്നുപോകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ രണ്ടാം പാതിയെ മുന്നോട്ടുകൊണ്ടുപോകുന്നത്.

ബെസ്റ്റ് ആക്ടറിലേതുപോലെയുള്ള പരിണാമം ഉല്ലാസിനുണ്ടാകുമായിരിക്കും എന്ന് പ്രേക്ഷകന്‍ വിചാരിച്ചുവെങ്കിലും അവിടെയും ഗിമ്മിക്കുകളുടെപുറകെ പോകാന്‍ ചലച്ചിത്രശില്പികള്‍ തയ്യാറാകുന്നില്ല.  സാധാരണമായ രീതിയില്‍ തന്നെ അയാളുടെ ജീവിതം മുന്നോട്ടുപോകുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നതും.

നൂറു ശതമാനവും മുന്‍കൂട്ടി നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ക്ലൈമാക്‌സും കാര്യങ്ങളുമെല്ലാം തന്നെയാണ് ചിത്രത്തിനുള്ളത്. പഴയകാലത്തെ ഉത്സവപ്പറമ്പുകളിലേക്കും പെരുന്നാള്‍ പറമ്പുകളിലേക്കും പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുന്നു എന്നതാണ് ഗാനഗന്ധര്‍വന്റെ ഹൈലൈറ്റ്. മമ്മൂട്ടിയെ ഒരു മുഴുനീള ഗായകനായി കണ്ടിട്ടില്ലാത്ത സ്ഥിതിക്ക് ആ പുതുമയും ഇഷ്ടപ്പെടും. അവിടവിടെയായി ചില സ്വഭാവിക ചിരികളും ഉയരുന്നുണ്ട്.

സുരേഷ് കൃഷ്ണയുടെ ഗായകവേഷമാണ് എടുത്തുപറയേണ്ട ഒന്ന്. വരുംകാലങ്ങളില്‍ ടൈപ്പ് വേഷങ്ങളില്‍ നിന്ന് അദ്ദേഹത്തിനുള്ള മോചനത്തിന് വഴിതുറന്നുകിട്ടാന്‍ ഈ വേഷം സഹായിക്കുമെന്നാണ് കരുതുന്നത്. ചെറിയ വേഷങ്ങളില്‍ പോലും സീനിയര്‍താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നു എന്നതും പ്രത്യേകതയാണ്. എങ്കിലും വലിയ സംഭവമെന്ന് പറയാന്‍ മാത്രം ഈ സിനിമയില്‍ ഒന്നും ഇല്ല എന്നതാണ് ആകെയുള്ള ന്യൂനത. കുടുംബങ്ങള്‍ ഏറ്റെടുത്താല്‍ മാത്രം ചിത്രം വിജയിക്കുന്ന അവസ്ഥ. എന്നാല്‍ അമിതപ്രതീക്ഷകളില്ലാതെ ചെന്നാല്‍ ഒട്ടും നിരാശയ്ക്ക് ഇടം നല്കുകയുമില്ല ഈ ഗാനഗന്ധര്‍വന്‍.

വാല്‍ക്കഷ്ണം: സമീപകാലത്തിറങ്ങിയ രണ്ടു സൂപ്പര്‍സ്റ്റാറുകളുടെയും സിനിമകളിലെ  പ്രധാന വിഷയം  വ്യാജവിവാഹങ്ങളാണല്ലോയെന്ന് ചിത്രം കണ്ടിറങ്ങിയപ്പോള്‍ തോന്നിപ്പോയി.മോഹന്‍ലാലിന്റെ ഇട്ടിമാണിയിലും മമ്മൂട്ടിയുടെ ഗാനഗന്ധര്‍വനിലും എന്തിനോ വേണ്ടിയുള്ള രണ്ടു വ്യാജവിവാഹങ്ങളാണല്ലോ ചിത്രത്തിന്റെ  കഥാഗതിയെ നിര്‍ണ്ണയിക്കുന്നത്?

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...
error: Content is protected !!