ഏതു കുടുംബത്തിലാണ് പ്രശ്നങ്ങളില്ലാത്തത്? ഒാരോ കുടുംബത്തിലും അവരവരുടേതായ പ്രശ്നങ്ങളുണ്ട്.ആ പ്രശ്നങ്ങൾക്ക് കൃത്യമായി മറുപടി കണ്ടെത്തേണ്ടവരും പരിഹാരം കണ്ടെത്തേണ്ടവരും അവർ തന്നെയാണ്. എന്നാൽ ചില കുടുംബങ്ങളിലെ പ്രശ്നങ്ങൾ അവരവരിൽ തന്നെ ഒതുങ്ങുന്നതോ അവർ മാത്രമായി പരിഹാരം കണ്ടെത്തേണ്ടതോ അല്ല. മറ്റ് ചിലരാണ് ആ പ്രശ്നങ്ങൾക്ക് കാരണക്കാരും ഉത്തരവാദികളും.
മരടിലെ ഫ്ളാറ്റ് പൊളിക്കലും കുഞ്ഞാലിപ്പാറയിലെ ക്രഷറും ക്വാറിയും ഉയർത്തുന്ന പ്രശ്നങ്ങളും അത്തരത്തിലുള്ളവയാണ്. കുടുംബത്തിന് വെളിയിലുള്ളവർ മൂലം കുടുംബങ്ങൾ തകർന്നുകൊണ്ടിരിക്കുന്ന അവസ്ഥ.
അതെ, മരടും കുഞ്ഞാലിപ്പാറയും ഒാരോ കുടുംബപ്രശ്നമാണ്. മരടിലെ വിവാദമായ ഫ്ളാറ്റിൽ മൂന്നൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. കുഞ്ഞാലിപ്പാറയിലാവട്ടെ അഞ്ഞൂറിലധികം കുടുംബങ്ങളും. ഇൗ രണ്ടു പ്രശ്നങ്ങളിലെയും കുടുംബം എന്ന ഏക ഘടകമാണ് ഇൗ വിഷയത്തിൽ ഏറെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇടപെടാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. കുടുംബമാസികയായ ഒപ്പം എന്തുകൊണ്ട് ഇത്തരത്തിലുള്ള ഒരുവിഷയത്തിൽ ഇടപെടുന്നു എന്ന് ആരെങ്കിലും സംശയിച്ചാൽ അവർക്കുള്ള ഉത്തരമാണിത്. സാമൂഹ്യമുഖമുള്ള ഒരു വിഷയത്തിൽ ഒപ്പത്തിന്റെ ആദ്യത്തെ ഇടപെടൽകൂടിയാണ് ഇതെന്നും ഒാർമ്മിപ്പിച്ചുകൊള്ളട്ടെ.
കുടുംബത്തിലുളള പ്രശ്നം പരിഹരിക്കാൻ അവിടെയുള്ളവർ മനസ്സ് വച്ചാൽ കഴിയുമെങ്കിലും ബാഹ്യശക്തികളുടെ ഇടപെടൽ വന്നാൽ പരിഹരിക്കപ്പെടുക അത്ര എളുപ്പമല്ല. അതുകൊണ്ട് കുടുംബത്തിലേക്ക് മറ്റാരെയും കൈകടത്താനും ഇടപെടാനും അനുവദിക്കാതിരിക്കുക. നമ്മുടെ കുടുംബത്തിന്റെ സ്വസ്ഥത നമുക്ക് പ്രധാനപ്പെട്ടതാണല്ലോ. ക്ഷേമാശംസകളോടെ,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്