നിങ്ങള്‍ പിറുപിറുക്കാറുണ്ടോ

Date:

spot_img

നീണ്ടു നില്ക്കുന്ന ഒരു പിറുപിറുക്കലാണ് ജീവിതം എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. കാത്തുനില്ക്കുന്ന ഒരു ബസ് അല്പം വൈകിയാല്‍, കൃത്യസമയത്ത് എത്തിയ ബസില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍. രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ മഴ പെയ്താല്‍, നടന്നുപോകുമ്പോള്‍ വെയിലേറ്റ് പൊള്ളിയാല്‍, മഴ പെയ്തത് കുറഞ്ഞുപോയാല്‍, കൂടിപ്പോയാല്‍… ഇങ്ങനെ തീരെ നിസ്സാരമായ  എത്രയോ കാര്യങ്ങള്‍ക്കു പോലുമാണ് നാം പിറുപിറുക്കുന്നത്..പിറുപിറുത്തുകൊണ്ടിരിക്കുന്നത്.  നിസ്സാരമായ കാരണങ്ങളുടെ പേരില്‍ പിറുപിറുക്കുന്നവര്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക?

 തിരക്കുള്ള ബസില്‍ യാത്ര ചെയ്യുമ്പോള്‍  ആരുടെയെങ്കിലുമൊക്കെ കൈ മുട്ടിയതിനോ കാലില്‍ ചവിട്ടിയതിനോ നീങ്ങിനില്ക്കാന്‍ പറഞ്ഞതിനോ എല്ലാം പിറുപിറുക്കുന്നവരുടെ എണ്ണം എത്രയോ അധികമാണ്. അസഹിഷ്ണുതയാണ് ഇത്തരത്തിലുള്ള പിറുപിറുക്കലുകള്‍ക്ക് കാരണം. ഞാന്‍ കൂടുതല്‍ പരിഗണിക്കപ്പെടേണ്ടവനാണ് എന്ന് ചിന്തിക്കുന്നതുകൊണ്ടും ഞാന്‍ മറ്റുള്ളവരെക്കാള്‍ മീതെ നില്ക്കുന്നവനാണെന്ന് വിശ്വസിക്കുന്നതുകൊണ്ടുമാണ് ഇങ്ങനെ പിറുപിറുക്കുന്നത്.

ജോലിയില്‍ മുറുമുറുക്കുന്നവരുണ്ട്. പഠിക്കാന്‍ പറയുമ്പോള്‍ മുറുമുറുക്കുന്ന വിദ്യാര്‍ത്ഥികളുമുണ്ട്.  ഏറ്റവുമധികം പിറുപിറുക്കുന്നവര്‍ ഒരുപക്ഷേ വീട്ടമ്മമാരാണെന്ന് തോന്നുന്നു. അകാരണമായോ സകാരണമായോ പലതരത്തിലുള്ള പിറുപിറുക്കലുകള്‍ അടുക്കളകളില്‍ നിന്ന് കേട്ടിട്ടുള്ളപ്പോഴാണ് അത്തരമൊരു നിഗമനത്തിലെത്തിയത്. പാത്രങ്ങള്‍  സ്ഥാനം തെറ്റിയിരുന്നാലോ അടുപ്പില്‍ പാല്‍ തിളയ്ക്കുമ്പോള്‍ ചായപ്പൊടി പാത്രം കാണാതെ വരുമ്പോഴോ..

എപ്പോഴും സ്ഥിരമായി പിറുപിറുക്കുന്നവരാണ് നമ്മളെങ്കില്‍ അവിടെ സാഹചര്യങ്ങളോ ബന്ധപ്പെട്ട വ്യക്തികളോ അല്ലകുറ്റവാളികള്‍. നമ്മള്‍ തന്നെയാണ്. നമ്മുടെ വ്യക്തിത്വത്തിന്റെ വൈകല്യങ്ങളാണ്.പിറുപിറുക്കലുകള്‍ പതുക്കെ പൊട്ടിത്തെറിയിലേക്ക് പോകും. ബന്ധങ്ങളുടെ ഇടര്‍ച്ചയിലേക്ക് അത് വഴിതെളിക്കും. ലഭിച്ച നന്മകളെയോര്‍ത്ത് ദൈവത്തിനോടോ മനുഷ്യരോടോ നന്ദി പറയാനോ ആയിരിക്കുന്ന അവസ്ഥകളില്‍ സന്തോഷം കണ്ടെത്താനോ കഴിയാത്തവരോ ആണ് അമിതമായി പിറുപിറുക്കുന്നത്. അസംതൃപ്തരായ മനുഷ്യരാണ് ഈ ലോകത്തിലെ ഏറ്റവും അപകടകാരികള്‍ എന്ന് എവിടെയോ വായിച്ചത് ഓര്‍മ്മിക്കുന്നു.

അസംതൃപ്തരായ ആളുകള്‍ എപ്പോഴും പിറുപിറുക്കും. അവര്‍ക്ക് ഒന്നിലും സന്തോഷം കണ്ടെത്താന്‍ കഴിയില്ല. അവര്‍ക്ക് മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കഴിയില്ല. സ്‌നേഹിക്കാന്‍ കഴിഞ്ഞാല്‍ തന്നെ അവരുടെ സ്‌നേഹത്തിന് സ്ഥിരതയോ അത് നീണ്ടുനില്ക്കുന്നവയോ ആയിരിക്കില്ല. സഹിഷ്ണുത പുലര്‍ത്താനും കഴിയില്ല.

 റോസച്ചെടിയിലെ മുള്ളുമാത്രം കാണുന്നവരാണ് ഇവര്‍. അവരൊരിക്കലും റോസപ്പൂവിനെ കാണുന്നില്ല. ജീവിതത്തില്‍ എല്ലാം നമ്മള്‍ ഉദ്ദേശിച്ചതുപോലെ നടക്കാറില്ല. ആളുകള്‍ നമുക്ക് ഇഷ്ടമുള്ളരീതിയില്‍ പെരുമാറണമെന്നുമില്ല. അതിനൊക്കെ പിറുപിറുക്കാന്‍ ആരംഭിച്ചാല്‍ അതിനേ സമയം കാണാം.

ജോലി ചെയ്യുന്ന സ്ഥാപനത്തിനോ മേലധികാരികള്‍ക്കോ എതിരെ പിറുപിറുക്കുന്നവരൊക്കെ ചെറുതായിട്ടൊന്ന് ആത്മവിശകലനത്തിന് ശ്രമിച്ചാല്‍ സത്യസന്ധമായി മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്.തന്നെക്കാള്‍ സ്ഥാപനവും മേലധികാരിയും മറ്റാരെയോ പരിഗണിക്കുന്നുണ്ട്. പല പിറുപിറുക്കലുകള്‍ക്ക് പിന്നിലുള്ളതും ഇതുതന്നെ.

പിറുപിറുക്കലുകള്‍ വര്‍ദധിക്കുമ്പോള്‍ ജോലിയിലുള്ള ആത്മാര്‍ത്ഥത കുറയും. നന്ദിയുള്ള മനസ്സില്‍ പിറുപിറുക്കലുകള്‍ കുറവായിരിക്കും. അവര്‍ താന്‍ ആയിരിക്കുന്ന അവസ്ഥയില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നവരായിരിക്കും. മുളളു മാത്രമല്ല മുള്ളിന്റെ തുമ്പത്തെ പൂവും അവര്‍ കാണുന്നുണ്ട്. തന്മൂലം മുള്ളിനെ പ്രതി പിറുപിറുക്കാന്‍ അവര്‍ക്ക് കഴിയാറില്ല. അതുകൊണ്ട് കഴിയുന്നത്ര പിറുപിറുക്കലുകളില്‍ നിന്ന് മാറിനില്ക്കാന്‍ നമുക്ക് ശ്രമിക്കാം.

സിഗററ്റ് വലിക്കുന്നവരെക്കാള്‍ അത് ദോഷം ചെയ്യുന്നത് സമീപത്തു നില്ക്കുന്നവര്‍ക്കാണെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ടല്ലോ? അതുപോലെയാണ് ഇതും. പിറുപിറുക്കുന്നവരെക്കാള്‍ കേട്ടുനില്ക്കുന്നവരെ ദോഷകരമായി അവ ബാധിക്കും. അതുകൊണ്ട്  പിറുപിറുക്കാതിരിക്കുവിന്‍, പിറുപിറുക്കുന്നവരില്‍ നിന്ന് ഓടിയകലുവിന്‍..

More like this
Related

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...
error: Content is protected !!