”ആ കണ്ണീരിൽ എന്റെ എല്ലാ പരിഭവവും അലിഞ്ഞു”

Date:

spot_img

എന്നിലെ സംഗീതജ്ഞന്റെ ജീവിതത്തെ രൂപപ്പെടുത്തിയത് അമ്മയാണ്. കാരണം സംഗീതത്തിന്റെ ആദ്യതാളവും രാഗവും അമ്മയുടെ ഹൃദയത്തോടു ചേർന്നുനിന്നാണ് ഞാൻ ഒപ്പിയെടുത്തത്. പക്ഷേ ഞാൻ എന്ന വ്യക്തിയെ രൂപപ്പെടുത്തിയത് അപ്പനാണ്. അപ്പൻ എന്ന കണ്ണാടിയെ നോക്കിയാണ് ഞാൻ ജീവിതത്തിലെ നന്മകൾ പഠിച്ചത്. ജീവിതമെന്ന വലിയ വഴിത്താരയിലൂടെ നടന്നുപോകാൻ എനിക്ക് വഴിതെളിച്ചുതന്നത് അപ്പനായിരുന്നു.

ചെന്നൈ, മൈലാപ്പൂർ ഗിഡി എന്ന ഗ്രാമത്തിലായിരുന്നു ഞാൻ ജനിച്ചത്. അമ്മയും അപ്പനും അധ്യാപകരായിരുന്നു. തങ്കരാജ് എന്നായിരുന്നു അപ്പന്റെ പേര്. അമ്മ മേരി. വലിയ കണിശക്കാരനായിരുന്നു അപ്പൻ.  പതിനൊന്ന് മക്കളുള്ള  കുടുംബത്തിലെ ഏറ്റവും മുതിർന്ന ആളായിരുന്നു അപ്പൻ. വളർന്നുവന്ന കുടുംബസാഹചര്യങ്ങളും മൂത്ത ആളെന്ന നിലയിൽ സാഹചര്യം ഏല്പിച്ച ഉത്തരവാദിത്ത്വവും അപ്പന്റെ വ്യക്തിത്വത്തെ സ്വാധീനിച്ചിട്ടുണ്ടാവും.  

കൃത്യതയും കണിശതയും വ്യക്തിത്വത്തിന്റെ ഭാഗമായിട്ടുള്ളവർക്ക് ഒരു പ്രത്യേകതയുണ്ട്. അവർ ക്ഷിപ്രകോപികളായിരിക്കും. ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യം അപ്പോൾതന്നെ ചെയ്തുതീർക്കാത്തതും പൂർണ്ണതയോടെ ചെയ്തുതീർക്കാത്തതുമെല്ലാം അവരുടെ കോപം ഇളക്കിവിടും. അപ്പനും ക്ഷിപ്രകോപിയായിരുന്നു.  സന്മാർഗ്ഗനിരതനും മൂല്യാധിഷ്ഠിത ജീവിതം നയിക്കുന്നവനുമായ അപ്പന്റെ വ്യക്തിത്വത്തിന് എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ, അല്ലെങ്കിൽ അപ്പന്റെ വൈകല്യം എന്ന് പറയാവുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഒന്നുമാത്രമായിരുന്നു. ഈ മുൻകോപം. അപ്പന്റെ ക്ഷിപ്രകോപത്തിന് കുട്ടിക്കാലത്ത് പലപ്പോഴും ഞാൻ ഇരയായിട്ടുണ്ട്. അതുകൊണ്ടുതന്നെ നല്ല ശിക്ഷയും വാങ്ങിയിട്ടുണ്ട്. പക്ഷേ ഈ മുൻകോപികൾക്കെല്ലാം വലിയൊരു പ്രത്യേകതയുണ്ട്. അവരുടെ മനസ്സ് ശുദ്ധമായിരിക്കും. കോപം തണുക്കുമ്പോൾ അവരുടെ ഉള്ളിൽ പശ്ചാത്താപവും സനേഹവും നിറയും. അങ്ങനെ അപ്പന്റെ കോപത്തിനും അതുകഴിഞ്ഞുള്ള സ്നേഹത്തിനും ഒന്നുപോലെ ഞാൻ പാത്രമായിട്ടുണ്ട്.
ഒരു സംഭവം മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. എന്തു കുറ്റം ചെയ്തിട്ടാണ് അപ്പൻ എന്നെ ശിക്ഷിച്ചതെന്ന് ഓർമ്മയില്ല. പക്ഷേ നല്ലതുപോലെ ശരീരം വേദനിച്ചിരുന്നു. അതിനെക്കാളേറെ മനസ്സും. അന്നു രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ഞാൻ കാലിലേക്ക് എന്തോ ചൂടുദ്രാവകം പോലെ എന്തോ വീണതറിഞ്ഞാണ് ഞെട്ടിയുണർന്നത്. നോക്കിയപ്പോൾ കാലിലെ മർദ്ദനപാടുകളിൽ തടവി കണ്ണീരൊഴുക്കുകയാണ് അപ്പൻ.  അപ്പന്റെ കണ്ണീരാണ് എന്നെ ഉണർത്തിയത്.
കണ്ണുതിരുമ്മി അപ്പനെ നോക്കിയിരിക്കുമ്പോൾ എന്റെ കരംനിവർത്തി അപ്പൻ കുറെ മധുരപലഹാരം അതിലേക്ക് വച്ചുതന്നു. ശിക്ഷിക്കുമ്പോഴും ശാസിക്കുമ്പോഴും അതിനപ്പുറം സ്നേഹമുള്ള ഒരു ഹൃദയം അപ്പനുണ്ടെന്ന് ഞാൻ അന്നായിരിക്കണം ആദ്യമായി മനസ്സിലാക്കിയത്. അപ്പന്റെ ആ കണ്ണീരിൽ അതുവരെ തോന്നിയിരുന്ന എല്ലാ ദേഷ്യവും പരിഭവവും അലിഞ്ഞുപോയി. പിന്നീടും അപ്പൻ എന്നെ ശിക്ഷിച്ചിട്ടുണ്ടാവാം. പക്ഷേ അപ്പോഴൊന്നും ദേഷ്യമോ വെറുപ്പോ വിദ്വേഷമോ തോന്നിയിട്ടില്ല. കാരണം അപ്പനെ ഞാൻ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.
ഏകമകനായതുകൊണ്ട് എന്റെ ജീവിതത്തിന്റെ മേൽ അപ്പനെടുത്ത മുൻകരുതലുകളും തിരുത്തലുകളുമായിരുന്നു ശിക്ഷയുടെ രൂപത്തിൽ ഞാൻ അനുഭവിച്ചത്. വഴിതെറ്റാതെ ജീവിക്കാൻ നല്ല ശിക്ഷണം നല്കണമെന്ന ചിന്ത അന്നത്തെ എല്ലാ മാതാപിതാക്കളെയും പോലെ അപ്പനെയും ഭരിച്ചിരുന്നു.
എന്നെ ഒരു സുവിശേഷവേലക്കാരനോ വൈദികനോ ആയിക്കാണാനാണ് അപ്പൻ ആഗ്രഹിച്ചിരുന്നത്. പക്ഷേ എന്തു ചെയ്യാം അപ്പന്റെ ആ ആഗ്രഹം സാധിച്ചുകൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല. പാട്ട് വന്നു ഹൃദയത്തിൽ മുട്ടിവിളിച്ചപ്പോൾ ആ വിളിക്ക് കാതുകൊടുത്ത് ഞാൻ പാട്ടിന്റെ വഴിക്ക്പോയി.
പൂർണ്ണമായ അർത്ഥത്തിൽ ഒരു യഥാർത്ഥ ക്രിസ്ത്യാനിയായിരുന്നു അപ്പൻ. അധ്യാപന ജോലിക്കൊപ്പം ദൈവശാസ്ത്രം പഠിക്കാനും അപ്പൻ സമയം കണ്ടെത്തിയിരുന്നു. ദൈവികമായ കാര്യങ്ങൾ അറിയാനും പഠിക്കാനുമുള്ള ആഗ്രഹവും ദൈവവിശ്വാസവുമാണ് അപ്പനെ അതിന് പ്രേരിപ്പിച്ചത്. ലൗകികമായ കാര്യങ്ങൾ പഠിപ്പിക്കുന്നതിലും ദൈവികമായ കാര്യങ്ങൾ പറഞ്ഞുതരുന്നതിലുമായിരുന്നു അപ്പൻ സന്തോഷിച്ചിരുന്നത്. പല തവണ അപ്പൻ ആവർത്തിച്ചിരുന്ന ഒരു കാര്യം ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു. ദൈവത്തെ കബളിപ്പിക്കരുത്. ദൈവം എല്ലാം കാണുന്നു.  വീട്ടിൽ വരുന്നവർക്കെല്ലാം ചായയും പലഹാരങ്ങളും നല്കണമെന്ന കാര്യത്തിലും അപ്പന് നിർബന്ധമുണ്ടായിരുന്നു. ഇന്ന് ഞാൻ ആരോടെങ്കിലും ആതിഥ്യമര്യാദ പുലർത്തുന്നുണ്ടെങ്കിൽ അതിനെനിക്ക് പ്രചോദനമായി നില്ക്കുന്നത് അപ്പനിൽ നിന്ന് കണ്ടുമനസ്സിലാക്കിയ ആതിഥ്യമര്യാദയാണ്.

 അടുത്ത് ഇടപഴകുന്ന ആരുടെയും സ്നേഹാദരവുകൾ പിടിച്ചുപറ്റാൻ കഴിയുന്ന വിധത്തിലുളള വ്യക്തിത്വമായിരുന്നു അപ്പന്റേത്. അപ്പന്റെ ശമ്പളം 150 രൂപയായിരുന്നു. പക്ഷേ അതിൽ നിന്ന് ദശാംശം കൃത്യമായി അപ്പൻ നല്കിയിരുന്നു. ജോലി ചെയ്തിരുന്നപ്പോൾ മാത്രമല്ല തന്റെ പെൻഷൻ തുകയിൽ നിന്ന് മരണം വരെ അപ്പൻ ദശാംശം നല്കിയിരുന്നു.

എന്റെ താല്പര്യം സംഗീതത്തോടാണെന്ന് മനസ്സിലാക്കിയപ്പോൾ അപ്പൻ അതിനെ എതിർത്തില്ല. പ്രോത്സാഹനമായി അപ്പൻ എനിക്ക് ഒരു വയലിൻ വാങ്ങിത്തരുകയും ചെയ്തു. 25 രൂപയായിരുന്നു അന്ന് അതിന്റെവില.  

 ഐ.വി.ശശിയുടെ ഒരു ചിത്രത്തിന് വേണ്ടിയുള്ള പാട്ടിന്റെ റിക്കോർഡിംങ് വേളയിലാണ് അപ്പയുടെ മരണവാർത്ത എന്നെ തേടിയെത്തിയത്. ജീവിതത്തിന്റെ സ്വച്ഛതയും ശാന്തതയും അപ്പയെ മരണത്തിലും പിന്തുടർന്നിരുന്നു. ഒരു ദിവസം പോലും രോഗിയായി കിടക്കാതെ ആരെയും ഒരുനേരം പോലും ബുദ്ധിമുട്ടിക്കാതെ ഒരു ഗുളിക പോലും കഴിക്കാതെയുമാണ് അപ്പ ആയുസിന്റെ പൂർണ്ണതയിൽ ഈ ലോകം വിട്ടുപോയത്.  ഒടുവിൽ എനിക്ക് ഒന്നേ പറയാനുള്ളൂ വിശുദ്ധനായ എന്റെഅപ്പ കാരണമാണ് ഞാൻ ഇന്ന് എന്തായിരിക്കുന്നുവോ അതായിരിക്കുന്നത്. ഞാൻ എന്തെങ്കിലും നന്മ ചെയ്യുന്നുണ്ടെങ്കിൽ എന്നിൽ എന്തെങ്കിലും നന്മയുണ്ടെങ്കിൽ അതിന് ഞാൻ അപ്പായോട് കടപ്പെട്ടിരിക്കുന്നു.

തയ്യാറാക്കിയത്: സ്റ്റീഫൻ ഓണശ്ശേരിൽ

More like this
Related

എന്റെ അച്ചെ

എന്റെ പിതാവിനെ ഞങ്ങൾ വിളിച്ചിരുന്നത് അച്ചെ എന്നാണ്. അച്ചെ വാത്സല്യനിധിയായ ഒരു...

വായനയായും എഴുത്തായും കലയായും…

എനിക്കോർമ വയ്ക്കുമ്പോൾ എന്റെ വീട് കലാസാന്ദ്രവും പുസ്തക നിബിഡവുമായിരുന്നു. വീട്ടിലെ പുസ്തകങ്ങളിൽനിന്നു...

ഞങ്ങളുടെ ‘കളിയച്ഛൻ’

മഹാന്മാരുടെ ലക്ഷണമായി പറഞ്ഞുകേൾക്കുന്നത് അവരുടെ ഉള്ളം മൃദുവും പുറം കഠിനവുമായിരിക്കും എന്നാണ്....

ഓര്‍മ്മ

സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല്‍ നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട...
error: Content is protected !!