ഇന്‍സുലിനെ പൊതുവേ മൂന്നായി തരംതിരിക്കാം.
1. ഏതാനും മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തനശേഷിയുള്ളവ (6 – 8 മമണിക്കൂര്‍ വരെ)
2. ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്നവ (18 – 24 മണിക്കൂര്‍)
3. ഇവ രണ്ടും ചേര്‍ത്തുണ്ടാക്കുന്ന 8 – 12 മണിക്കൂര്‍വരെ പ്രവര്‍ത്തിക്കുന്ന മിശ്രിത ഇന്‍സുലിന്‍
ഇവയില്‍ ഒന്നാമത്തേത് ദിവസം മൂന്നു നേരമെങ്കിലും കുത്തിവെയ്ക്കണം. ചര്‍മത്തിനടിയില്‍ കുത്തിവെച്ചാല്‍ 30 – 40 മിനിറ്റ് കഴിഞ്ഞേ രക്തത്തില്‍ പ്രത്യക്ഷപ്പെടുകയുള്ളൂ. ആഹാരം കഴിക്കുന്നതിനു മുപ്പതു മിനിറ്റ് മുമ്പ് വേണം ഇത് കുത്തിവെയ്ക്കാന്‍.
രണ്ടാമത്തെ വിഭാഗം ഇന്‍സുലിന്‍ ദിവസം ഒരു കുത്തിവെയ്പ്പ് മതിയാകും. ആഹാരത്തിനു മുമ്പോ, ശേഷമോ ഇതിന്റെ കുത്തിവയ്പ്പ് നടത്താം. എന്നാല്‍, രാവിലെ അല്ലെങ്കില്‍ വൈകീട്ട് വേണം ഇത് കുത്തിവെയ്ക്കാന്‍. ഒരുദിവസം രാവിലെ, പിറ്റേദിവസം വൈകീട്ട് ഇങ്ങനെ നേരം മാറി കുത്തിവയ്ക്കാന്‍ പാടില്ല. കാരണം, 12 മണിക്കൂറിനുള്ളില്‍ രണ്ടു കുത്തിവയ്പ്പുകള്‍ ഉണ്ടായാല്‍ രക്തത്തിലെ ഗ്ലൂക്കോസ് ആവശ്യത്തിലും കുറഞ്ഞ് ജീവന് അപകടമാവും. മൂന്നാമത്തെ ഇന്‍സുലിന്‍ ദിവസം രണ്ടു പ്രാവശ്യം കുത്തിവെച്ചാല്‍ മതിയാകും. രാവിലെയും വൈകീട്ടും ആഹാരം കഴിക്കുന്നതിനു അരമണിക്കൂര്‍ മുമ്പാണ് കുത്തിവെയ്ക്കേണ്ടത്.
ഇന്‍സുലിന്‍ അനലോഗ്സ് എന്ന പുതിയ ഇന്‍സുലിന്‍ ആഹാരത്തിനു തൊട്ടുമുമ്പോ, അതിനു ശേഷമോ കുത്തിവെയ്ക്കാം.
ഇന്‍സുലിന്‍ ശരീരത്തിന്റെ ഏതു ഭാഗത്ത് കുത്തിവയ്ക്കണമെന്ന് ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കണം. ഇന്‍സുലിന്‍ ഫ്രീസറില്‍ വയ്ക്കരുത്. ഫ്രിഡ്ജില്‍ നിന്നെടുക്കുന്ന ഇന്‍സുലിന്‍ ഒരു മിനിട്ട് കൈവള്ളയില്‍ വെച്ച് മെല്ലെ ഉരുട്ടുന്നത് നല്ലതാണ്. ഇന്‍സുലിന്‍ കുത്തിവയ്പ്പ് ശരീരത്തിന്റെ ഒരേ ഭാഗത്തുതന്നെ ആവര്‍ത്തിക്കരുത്. ഒരു സെന്റിമീറ്ററെങ്കിലും അകലെയാവണം, ഓരോ കുത്തിവയ്പ്പും. കുത്തിവെച്ചശേഷം തിരുമ്മരുത്. ചൂട് പിടിക്കാനും പാടില്ല. ഇന്‍സുലിന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പാക്കണം. ഇന്‍സുലിനു അസാധാരണ നിറവ്യത്യാസമുണ്ടെങ്കില്‍ കുത്തിവെയ്ക്കരുത്.