ഓര്‍മ്മ

Date:

spot_img

സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല്‍ നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട വെയിലിനോടും എല്ലാം നന്ദിയുണ്ടാവണം. അല്ലെങ്കില്‍ അതിന്റെയെല്ലാം ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിക്കണം.
പക്ഷേ എത്രയോ പെട്ടെന്നാണ് ഓരോരുത്തരും ഓരോന്നും മറന്നുകളയുന്നത്.  പാലം കടക്കുവോളം നാരായണ പാലം കടന്നാലോ കൂരായണ. 

ഓര്‍മ്മകളില്ലാത്തതുകൊണ്ടാണ് നമ്മുടെ മനസ്സില്‍  ആര്‍ദ്രത ഇല്ലാത്തത്.. സ്‌നേഹമില്ലാത്തത്..സൗഹൃദമില്ലാത്തത്. കടപ്പാടുകളില്ലാത്തത്. 

ഒരു കാലത്ത് മാതാപിതാക്കള്‍ നമുക്കുവേണ്ടി എത്രയോ വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. കഷ്ടപ്പെട്ടിട്ടുണ്ട്.  അതൊക്കെ എപ്പോഴൊക്കെയോ മറന്നുപോകുന്നതുകൊണ്ടാണ് വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് ഭാരവും ശാപവുമായി മാറുന്നത്. അനാഥാലയത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ലെങ്കിലും സ്വന്തം വീട്ടില്‍ അനാഥരെ പോലെ കഴിയുന്ന എത്രയോ മാതാപിതാക്കളുണ്ട്. മക്കളുടെ ഓര്‍മ്മനഷ്ടത്തിന്റെ ഇരകളാണവര്‍.  

എല്ലാവരെക്കാളും ഏറ്റവും കൂടുതലായി സ്‌നേഹിച്ച ചങ്ങാതിയുടെ ആത്മാര്‍ത്ഥതയും തീവ്രസൗഹൃദവും പെട്ടെന്നൊരു നിമിഷം കയറിവന്ന പുതിയൊരു സുഹൃത്തിനും അയാള്‍ വഴിയുണ്ടായേക്കാവുന്ന ബിസിനസ് നേട്ടങ്ങള്‍ക്കു വേണ്ടി വേണ്ടെന്ന് വയ്ക്കുന്നവനും ഓര്‍മ്മനഷ്ടം അനുഭവിക്കുന്നവന്‍ തന്നെ. 

ദാമ്പത്യജീവിതത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന സ്‌നേഹവും പങ്കുവയ്ക്കലും കാത്തിരിപ്പും ഒക്കെ മറന്നുപോകുന്നതാണ് കാണെക്കാണെ ദാമ്പത്യത്തിലെ കല്ലുകടികള്‍ക്കും പഴിചാരലുകള്‍ക്കും കുറ്റപ്പെടുത്തലിനും കാരണമായി മാറുന്നത്. ഇണയെക്കുറിച്ച് ഒരു  നന്മ പോലും ഓര്‍മ്മയില്‍ സൂക്ഷിക്കാനില്ലാത്ത എത്രയോ പേരുണ്ട് ഇവിടെ. ചിലതിലൊക്കെ സാധൂകരണം ഉണ്ടെങ്കിലും എല്ലാം അങ്ങനെയൊന്നുമല്ല.  

എത്രയെത്ര പേരുടെ കൈതാങ്ങലും പങ്കുവയ്ക്കലുകളും സ്‌നേഹവും സൗഹൃദവും സന്മനസുമാണ് ജീവിതത്തിന്റെ പെരുവഴികളില്‍ അവലംബവും ആലംബവുമായി മാറിയതെന്ന്  ഞാന്‍ എപ്പോഴും നന്ദിയോടെ ഓര്‍മ്മിക്കാറുണ്ട്. അവരൊക്കെയില്ലായിരുന്നുവെങ്കില്‍ ജീവിതം എത്രമേല്‍ ശുഷ്‌ക്കവും വിരസവുമായേനേ. എത്രയോ വലിയ ദുരിതങ്ങളിലും നിസ്സഹായതകളിലും പെട്ടുപോകുമായിരുന്നേനെ. പ്രാര്‍ത്ഥനകള്‍ക്കായി മുട്ടുകുത്തുന്ന ഒട്ടുമിക്ക നിമിഷങ്ങളിലും ആ പേരുകളോ മുഖങ്ങളോ ഒരു തിരയില്‍പ്പെട്ടെന്നപോലെ കടന്നുവരാറുണ്ട്. 

നീ സഹായിച്ചവരെ നീ ഓര്‍മ്മിച്ചുവയ്‌ക്കേണ്ടതില്ല  എന്നുകൂടി പറഞ്ഞുകൊള്ളട്ടെ പകരം നിന്നെ സഹായിച്ചവരെ നീ ഓര്‍മ്മിച്ചുവയ്ക്കുക. അവിടെയാണ് നീ നീയാകുന്നത്. നിനക്ക് മാത്രം ചെയ്യാന്‍ കഴിയുന്നതാണ് നിന്നെ അടയാളപ്പെടുത്തുന്നതാകുന്നത്. 

ഓരോ ഓര്‍മ്മപ്പെടുത്തലിനായും പഴയ ദുഷ്യന്തനെപോലെ അടയാളങ്ങള്‍ ചോദിക്കുന്നവരായി മാറിയിരിക്കുന്നു നാം. നീയെന്നെ സ്‌നേഹിച്ചുവെന്നതിന്, നീയെന്നെ സഹായിച്ചുവെന്നതിന് എന്താണ് തെളിവ്? മക്കള്‍ മാതാപിതാക്കളോട് ചോദിക്കുന്നില്ലേ കഷ്ടപ്പാടു സഹിച്ചാണ് വളര്‍ത്തിയത് എന്നതിന് എന്താണ് തെളിവ്? തെളിവായി അവരുടെ വളഞ്ഞുപോയ നട്ടെല്ലും ഒടിഞ്ഞുതൂങ്ങിയ ചുമലുകളും മതിയാകും, ഈ ലോകത്തില്‍ ഞാന്‍ നിന്നെയാണ് ഏറ്റവും അധികം സ്‌നേഹിച്ചത് എന്നതിന് എന്റെ പക്കല്‍ തെളിവുകളൊന്നുമില്ല.  എപ്പോഴെങ്കിലും മനസ്സ് ശാന്തവും സ്വസ്ഥവുമായി കഴിയുമ്പോള്‍ വെറുതെയൊന്ന് ആലോചിച്ചുനോക്കിയാല്‍ മതി എന്റെ സ്‌നേഹം നിന്നെ എങ്ങനെയെല്ലാമാണ് സന്തോഷിപ്പിച്ചിട്ടുള്ളതെന്ന്.   അപ്പോള്‍ നിനക്കെന്നെ സ്‌നേഹത്തോടെ ഓര്‍മ്മിക്കാനും തിരികെ വരാനും കഴിയുമെങ്കില്‍ അവിടെയാണ് എന്നെക്കുറിച്ചുള്ള നിന്റെ ഓര്‍മ്മകള്‍ പൂത്തുലയുന്നത്. 

നന്ദിയും ഓര്‍മ്മയും തമ്മില്‍ ചേര്‍ത്തുപറയുമ്പോള്‍ പലരുടെയും വിചാരം നന്ദി പുറമേക്കാരോട് മാത്രം പറയാന്‍ പറ്റുന്ന വാക്കാണ് എന്നാണ്. അല്ല, ഭാര്യക്ക് ഭര്‍ത്താവിനോട് നന്ദി പറയാം. ഭര്‍ത്താവിന് ഭാര്യയോടും. മക്കള്‍ക്ക് മാതാപിതാക്കള്‍ക്ക്.. കൂടപ്പിറപ്പുകള്‍ക്ക് പരസ്പരം.  

ഓരോ നന്ദിയിലും ഞാന്‍ നിന്റെ സ്‌നേഹം ഓര്‍മ്മിക്കുന്നുണ്ട്, നിന്നെ ഓര്‍മ്മിക്കുന്നുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. 

പഴയ കവി പതുക്കെ ഇങ്ങനെ പാടുന്നത് വീണ്ടും കേള്‍ക്കുന്നു. ഓര്‍മ്മകളുണ്ടായിരിക്കണം, വരും കൊല്ലം ആരെന്നും എന്തെന്നും ആരറിയുന്നു. 

ഓര്‍മ്മിക്കുക, നന്ദിയുണ്ടായിരിക്കുക. നന്ദിയുണ്ടെങ്കില്‍ ഓര്‍മ്മിക്കാതിരിക്കാനാവില്ല, ഓര്‍മ്മയുണ്ടെങ്കില്‍ നന്ദിയുണ്ടാവാതെയും തരമില്ല. എല്ലാവരും വെറുതെയൊന്ന് തിരിഞ്ഞുനോക്കുക, വെറുതെ ഓര്‍മ്മിക്കുക. 
അതെ നിങ്ങളോര്‍ക്കുക,നിങ്ങളെങ്ങനെ നിങ്ങളായെന്ന്. വിനായക്

More like this
Related

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...
error: Content is protected !!