മക്കളുടെ ഇന്റര്‍നെറ്റ്- മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് പരാതിപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്നവരാണ് മാതാപിതാക്കളിലേറെയും. പക്ഷേ അവരൊരിക്കലും മക്കളുടെ ഉറക്കക്കുറവിനെക്കുറിച്ച് ആശങ്കപ്പെടുന്നതേയില്ല. പക്ഷേ മക്കളുടെ ഉറക്കക്കുറവ് പ്രധാനപ്രശ്‌നം തന്നെയായി മാതാപിതാക്കള്‍ തിരിച്ചറിയണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കുട്ടികള്‍ കൂടുതല്‍ ഉറങ്ങുന്നത് അവരുടെ മാനസികാരോഗ്യത്തെ അനുകൂലമായി ബാധിക്കുമെന്നാണ് അവര്‍ പറയുന്നത്.
മക്കള്‍ കിടന്നുറങ്ങുന്ന മുറിയില്‍ നിന്ന് മൊബൈല്‍ മാറ്റിവയ്‌ക്കേണ്ടതുണ്ട്. കൗമാരക്കാര്‍ക്ക് പത്തു മണിക്കൂര്‍ നേരത്തെ ഉറക്കം ആവശ്യമാണ്. മാനസികാസ്വാസ്ഥ്യം പലപ്പോഴും പ്രകടമായിതുടങ്ങുന്നത് പതിനാല് വയസു മുതല്ക്കാണ്. ട്വിറ്റര്‍, ഫേസ്ബുക്ക്, മറ്റ് ആപ്പുകള്‍ എന്നിവയാണ് യുവജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ ഓക്‌സ്‌ഫോര്‍ഡിലെ ഗവേഷകര്‍ അടുത്തകാലത്ത് നടത്തിയ പഠനം പറയുന്നത് പുതിയ കാലത്തെ യുവജനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയായില്‍ താല്പര്യം കുറഞ്ഞുവരുന്നു എന്നാണ്. അവരുടെ ജീവിതനിലവാരം തൃപ്തികരമാക്കുന്നതില്‍ സോഷ്യല്‍മീഡിയായ്ക്ക് കഴിയുന്നില്ല എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. 19 ശതമാനം യുവജനങ്ങളും മനശ്ശാസ്ത്രപരമായ സ്‌ട്രെസ് അനുഭവിക്കുന്നുണ്ട്. അതാവട്ടെ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് താനും. അതുകൊണ്ട് മക്കളുടെ ഉറക്കകാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. മക്കള്‍ സുഖകരമായി ഉറങ്ങുന്നുണ്ടെന്ന് അവര്‍ ഉറപ്പുവരുത്തണം. ഉറക്കക്കുറവ് പല മുതിര്‍ന്നവരുടെയും മാനസികപ്രശ്‌നം കൂടിയാണെന്ന് അറിയണം.