മഴയ്ക്ക് ശമനം വന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി. ഈ അവസരത്തില്‍ ഏറ്റവും ബുദ്ധിമുട്ട് വീടു വൃത്തിയാക്കാനായിരിക്കും. ഇതെങ്ങനെ ചെയ്യും എന്നതിനെക്കുറിച്ച് ഇതിനകം ആരോഗ്യവിദഗ്ദര്‍ വേണ്ടവിധത്തിലുള്ള ബോധവല്‍ക്കരണം നല്കിയിട്ടുണ്ട്. ഈച്ച ശല്യം ഒഴിവാക്കാന്‍ കുമ്മായവും ബ്ലീച്ചിംങ് പൗഡറും 4:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് ആവശ്യമുള്ള ഇടങ്ങളില്‍ വിതറണം. ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിച്ചു ടാങ്കും ഓവര്‍ ഹെഡ് ടാങ്കും കഴുകിയതിന് ശേഷം മാത്രമേ ടാങ്കില്‍ വീണ്ടും വെള്ളം നിറയ്ക്കാവൂ. ക്ലോറിനേഷന്‍ ചെയ്ത് അരമണിക്കൂറിന് ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാവൂ. പ്രളയം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള രണ്ട് അപകടങ്ങളാണ് വൈദ്യുതാഘാതവും പാമ്പുകടിയും. വൈദ്യുതി മീറ്ററിനോടു ചേര്‍ന്നുള്ള ഫ്യൂസ് ഊരി മാറ്റി മെയിന്‍ സ്വിച്ച് ഓഫ് ചെയ്തശേഷമേ വീടു വൃത്തിയാക്കാവൂ. ഇന്‍വെര്‍ട്ടര്‍ അല്ലെങ്കില്‍ സോളാര്‍ ഉള്ളവര്‍ അത് ഓഫ് ചെയ്തു ബാറ്ററിയുമായിട്ടുള്ള കണക്ഷന്‍ വിച്ഛേദിക്കണം. വീടിന്റെ പരിസരത്ത് സര്‍വീസ് വയര്, ലൈന്‍ കമ്പി, എര്‍ത്ത് കമ്പി ഇവ പൊട്ടികിടക്കുന്നതായി കണ്ടാല്‍ സ്പര്‍ശിക്കരുത്. വിവരം ഉടന്‍ വൈദ്യൂതി ബോര്‍ഡ് ഓഫീസില്‍ അറിയിക്കുകയും വേണം. വെള്ളത്തില്‍ ഒഴുകിവന്ന പാമ്പുകള്‍ വീട്ടിനുള്ളില്‍ കയറിക്കൂടിയിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ നല്ല പരിശോധന അക്കാര്യത്തിലുണ്ടാവണം. പാമ്പു കടിച്ചാല്‍ ആ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകണം. കടിയേറ്റ വ്യക്തിയെ നിരപ്പായ പ്രതലത്തില്‍ കിടത്തുക. മുറിവിന് മുകളില്‍ കയറോ തുണിയോ കെട്ടരുത്. മലിന ജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവരും ആഴ്ചയിലൊരിക്കല്‍ എന്ന കണക്കില്‍ ഡോക്‌സിസൈക്ലിന്‍ 200 മില്ലി ഗ്രാം കഴിക്കാനും മറക്കരുത്.
ദുരിതാശ്വാസക്യാമ്പില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ
Date: