അപക്വമായ മനസ്സിന്റെ പെട്ടെന്നുള്ള ഭ്രമമാണ് പലപ്പോഴും വിദ്യാര്‍ത്ഥികളെയും, യുവജനങ്ങളെയും പ്രേമക്കുരുക്കില്‍ പെടുത്തുക. പരസ്പരം പരിചയപ്പെട്ട് കുറെ നാളുകള്‍ കഴിഞ്ഞാവും മനസ്സിന് ഇഷ്ടം തോന്നിയ ആളുടെ യഥാര്‍ത്ഥ സ്വഭാവത്തിന്റെ പരുക്കന്‍ വശങ്ങള് അറിയുക. ചെറിയ ഒരു പിണക്കം, അസംതൃപ്തി എന്നിവ അംഗീകരിക്കാനുള്ള പക്വത ആര്ജ്ജിച്ചിട്ടുമുണ്ടാവില്ല. കുടുംബാംഗങ്ങള്‍ കൂടി കുറ്റപ്പെടുത്തിയാല്‍ ആത്മഹത്യയിലേയ്ക്ക് വേഗം കൂടും. പാരമ്പര്യത്തിന് ആത്മഹത്യ ചെയ്യിക്കുന്നതില്‍ പങ്കുണ്ടെന്നാണ് മന:ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ളത്.
- കമിതാക്കളുടെ ആത്മഹത്യാപ്രവണത മിക്കവാറും നൈമിഷികമാവും. ആത്മഹത്യ ചെയ്യണമെന്നു തീരുമാനമെടുക്കുന്ന സമയം സ്നേഹത്തോടെയുള്ള ഒരു തലോടല്‍ കിട്ടിയാല്‍ അപകടകരമായ തീരുമാനം മാറാം. ഈ പ്രതിസന്ധി നേരിടാന്‍ താന്‍ തനിച്ചല്ല എന്ന തോന്നല്‍ ഉണ്ടായാല്‍ രണ്ടാമതൊന്നു ആലോചിക്കാന്‍ തയ്യാറാകും.
- നല്ല ഒരു ബന്ധത്തിലല്ല മകനോ, മകളോ ചെന്ന് പെട്ടിരിക്കുന്നതെന്ന് ബോധ്യപ്പെട്ടാലും സമചിത്തത പാലിക്കുക. അവരെ കുറ്റപ്പെടുത്താതിരിക്കുക. കാരണം, മാതാപിതാക്കള്‍ ആണെങ്കില്‍കൂടി തങ്ങളുടെ ക്ഷേമത്തിനാണ് പറയുന്നതെന്ന് ചിന്തിക്കാന്‍ പ്രേമിക്കുന്നവര്‍ക്ക് കഴിയാറില്ല.
- പഠിക്കുന്ന കുട്ടികള്‍ രഹസ്യമായി അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും, അധികനേരം മുറിയില്‍ അടച്ചിരിക്കുന്നതിന്റെയും കാരണം അന്വേഷിക്കണം.
- വിവാഹത്തിനായി കുറച്ചു നാളുകള്‍ കാത്തിരിക്കുക. പഠിത്തം, ജോലി എന്നിവയ്ക്ക് മുന്‍ഗണന കൊടുക്കേണ്ട സമയമാണ് ഇതെന്ന് ശാന്തമായി പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. കമിതാക്കള്‍ ബഹുമാനിക്കുന്ന കുടുംബാംഗങ്ങള്‍ അല്ലാത്ത അധ്യാപകരെയോ, അഭ്യുദയകാംക്ഷികളെയോ ഈ അവബോധം കൊടുക്കാന്‍ ചുമതലയേല്‍പ്പിക്കാം.
- വിഷമസന്ധിയില്‍ ഉചിതമായി തീരുമാനമെടുക്കാന്‍ സഹായിക്കുന്നവരാണ് മാതാപിതാക്കള്‍ എന്ന വിശ്വാസം ഉണ്ടാക്കണം.
- ·ഒരുവിധത്തിലും ചേരാത്ത ബന്ധമാണെന്നു തോന്നിയാലും അത് പെട്ടെന്നവസാനിപ്പിക്കാന്‍ കമിതാക്കളെ നിര്‍ബന്ധിക്കരുത്.
- സൈക്കോളജിസ്റ്റിന്റെയോ, പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കറുടെയോ നിര്‍ദ്ദേശം തേടാന്‍ അവരെ സഹായിക്കുക. പല കേസുകളിലും കമിതാക്കള്‍ക്ക് നല്ല സുഹൃത്തുക്കളായി തുടരാന്‍ ഇത്തരം കൌണ്‍സിലിംഗിലൂടെ കഴിഞ്ഞിട്ടുണ്ട്.