പരസ്പരമുള്ള സ്നേഹം ചോർന്നുപൊയ്ക്കൊണ്ടിരിക്കുകയാണ് ഇന്ന് പല കുടുംബങ്ങളിലും. ദമ്പതികൾ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും എല്ലാം ബന്ധങ്ങളുടെ അകലം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്താണ് ഇതിനൊരു പോംവഴി. കുടുംബത്തിലെ ഓരോരുത്തർക്കും ഈ പ്രശ്നം പരിഹരിക്കാൻ അവകാശവും കടമയുമുണ്ട്. കാരണം കുടുംബം എന്ന് പറയുന്നത് ഒരാൾ മാത്രം അംഗമായ വ്യവസ്ഥയല്ല. അതുകൊണ്ടുതന്നെ കുടുംബത്തിലെ ഓരോ അംഗവും തങ്ങളുടേതായ ഭാഗം വൃത്തിയായി നിറവേറ്റിയാൽ കുടുംബബന്ധങ്ങൾ ശക്തിപ്പെടുകയും സ്നേഹം സ്ഥിരമായി അവിടെ നിലനില്ക്കുകയും ചെയ്യും.
ഇതാ കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള പ്രായോഗികമായ ചില നിർദ്ദേശങ്ങൾ
മാതാപിതാക്കളെന്ന നിലയിലും ദമ്പതികളെന്ന നിലയിലും സ്നേഹം വളർത്തുക മാതാപിതാക്കളെന്ന നിലയിൽ തങ്ങളുടെ മക്കൾ ക്ക് നല്കാവുന്ന ഏറ്റവും വിശേഷപ്പെട്ട സമ്മാനം പരസ്പരം സ്നേഹിക്കുക എന്നതാണ്. മക്കൾ കാണാൻ ഇഷ്ടപ്പെടുന്നതും അവർ ആഗ്രഹിക്കുന്നതും മാതാപിതാക്കൾ തമ്മിലുള്ള സ്നേഹമാണ്. കലഹിക്കുകയും പോരടിക്കുകയും വിദ്വേഷം വച്ചു പുലർത്തുകയും ചെയ്യുന്ന മാതാപിതാക്കളെ ഒരു മക്കളും ഇഷ്ടപ്പെടുന്നില്ല എന്നതാണ് വാസ്തവം. ഭർത്താവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഭാര്യയും ഭാര്യയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭർത്താവും. മക്കൾ ഇതായിരിക്കണം കണ്ടുവളരേണ്ടത്. മക്കളുടെ സ്നേഹം തനിക്ക് മാത്രമായി പിടിച്ചുപറ്റാൻ ശ്രമിക്കുന്ന ചില അമ്മമാരും അച്ഛന്മാരുമുണ്ട്. ചെറുപ്രായത്തിൽ മക്കൾ ഇതിൽ ആരോടെങ്കിലും പക്ഷം ചേർന്നാലും മുതിർന്നുകഴിയുമ്പോൾ അത് പ്രതികൂലമായ പ്രതികരണമേ സൃഷ്ടിക്കുകയുള്ളൂ. അതുകൊണ്ട് ദമ്പതികൾ വിട്ടുവീഴ്ച ചെയ്തും പരസ്പരം ക്ഷമിച്ചും കുടുംബത്തിൽ സ്നേഹത്തിന്റെ അന്തരീക്ഷം നിലനിർത്താനും മക്കളുടെ മുമ്പിൽ സ്നേഹത്തിൽ വളരാനും ശ്രമിക്കണം.
കുടുബത്തോടൊപ്പം സമയം ചെലവഴിക്കുക
ഇന്ന് പലർക്കും ഇല്ലാതെ പോകുന്നത് സമയമാണ്. പ്രത്യേകിച്ച് മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കാൻ. മൊബൈലും ലാപ്പ് ടോപ്പും എല്ലാം ചേർന്ന് നമ്മുടെ ജീവിതങ്ങളിൽ നിന്ന് സമയം അപഹരിച്ചിരിക്കുകയാണ്. ഓഫിസിലും തിരക്ക്. അതേ തിരക്കിന്റെ തുടർച്ചയാണ് വീടുകളിലും. അതുകൊണ്ട് കുടുംബാംഗങ്ങൾ ഓരോരുത്തരും ഒരുമിച്ചു ചെലവഴിക്കാൻ സമയം കണ്ടെത്തുക. കുട്ടികളോട് സ്കൂൾ വിശേഷങ്ങൾ ചോദിക്കുക, ഓഫീസ് വിശേഷങ്ങൾ പങ്കുവയ്ക്കുക, കുടുംബത്തിന്റെ ഭാവിസ്വപ്നം പങ്കുവയ്ക്കുക ഇവയെല്ലാം ചെയ്യുന്നത് പരസ്പരമുള്ള ബന്ധം ദൃഢമാക്കും.
ഒരുമിച്ചു പ്രാർത്ഥിക്കുക
ആരാധനാലയങ്ങളിൽ ഒരുമിച്ചുപോകുന്നതും തീർത്ഥാടനകേന്ദ്രങ്ങൾ കുടുംബസമേതം സന്ദർശിക്കുന്നതും പരസ്പരമുള്ള ബന്ധം വളർത്തും. അതുപോലെ ഓരോ മതവിശ്വാസത്തിനും അനുസരിച്ചു വീടുകളിലുള്ള പ്രാർത്ഥനയും സ്നേഹം വളർത്താനുള്ള ഒരു മാർഗ്ഗം തന്നെയാണ്. കൂടാതെ ഭക്ഷണം ഒരുമിച്ചു കഴിക്കുന്നതും സ്നേഹബന്ധം വളർത്താൻ ഗുണം ചെയ്യും.
നല്ല പ്രവൃത്തികൾ ഒരുമിച്ചു ചെയ്യുക
പരസ്പരം സഹായിക്കുന്നത് പരസ്പരം സ്നേഹിക്കുന്നതിന് തുല്യമാണ്. വീട്ടുജോലികളിൽ പരസ്പരം സഹായഹസ്തം നല്കുക, അത് അടുക്കളയിൽ പാത്രം കഴുകുന്നതോ അയൺ ചെയ്യുന്നതോ എന്തുമാകാം. കൂടാതെ അനാഥാലയങ്ങളും വൃദ്ധമന്ദിരങ്ങളും സകുടുംബം സന്ദർശിക്കുന്നതും അവരെ സഹായിക്കുന്നതും നല്ലതാണ്.
കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധാലുക്കളാകുക
കുട്ടികളുടെ വിദ്യാഭ്യാസം, മതപരമായ കാര്യങ്ങൾ, മൂല്യബോധനം തുടങ്ങിയ കാര്യങ്ങളിൽ മാതാപിതാക്കൾ ഒരിക്കലും അശ്രദ്ധയോ അവഗണനയോ കാണിക്കരുത്. ഓരോ സാഹചര്യങ്ങളിലും അതിനുനുസരിച്ചുള്ള മൂല്യം മാന്യമായ ഭാഷയിലും നല്ല രീതിയിലും മക്കൾക്ക് പറഞ്ഞുകൊടുക്കാൻ മടിക്കരുത്.