വർഷമെത്രയോ കഴിഞ്ഞുപോയിരിക്കുന്നു, ഇരുപതോ ഇരുപത്തിരണ്ടോ.. എന്നിട്ടും നെഞ്ചിൽ ഒരു മരണത്തിന്റെ വടുക്കൾ ഇന്നും ഉണങ്ങിയിട്ടില്ല. ജീവനറ്റ മൃതദേഹവുമായി തൈക്കാട് ശ്മശാനത്തിലേക്ക് യാത്രയായപ്പോൾ നെഞ്ചിലമർന്ന ആ പിഞ്ചു ശരീരത്തിന്റെ തണുപ്പ് ഇന്നും ഉടലിൽ നിന്ന് വിട്ടുമാറിയിട്ടുമില്ല. എന്തിന് ചില രാത്രികളിൽ ഇന്നും ഒരു കുഞ്ഞിന്റെ നിലവിളികേട്ട് ഞാൻ ഞെട്ടിയുണരാറുണ്ട്. ഒരുപക്ഷേ അത് എന്റെ മകനായതുകൊണ്ടാവാം. അല്ലെങ്കിൽ എത്രയോ പണ്ടേ മറന്നുപോകാവുന്ന ഒരു ഓർമ്മയും ഉണങ്ങിപ്പോകാവുന്ന മുറിവും ആണത്.
അതങ്ങനെയാണ്, ഈ ലോകത്തിൽ ഒരു അപ്പനെ സംബന്ധിച്ച് ഏറ്റവും വലിയ നഷ്ടവും വേദനയും തന്റെ കുഞ്ഞിന്റെ മരണവും നഷ്ടപ്പെടലുമാണ്. ലോകത്ത് മറ്റേതെല്ലാം തരത്തിൽ നഷ്ടങ്ങളുണ്ടായാലും അയാൾക്ക് അതൊക്കെ താങ്ങാനും താണ്ടാനും സാധിച്ചേക്കാം. പക്ഷേ.. തന്റെ കുഞ്ഞ്. കുഞ്ഞിന്റെ പ്രായം പോലും ഇക്കാര്യത്തിൽ അപ്രസക്തമാണെന്ന് തോന്നുന്നു. ജീവനോടെ എത്ര കാലം ജീവിച്ചാലും മരിച്ചുപിറന്നാലും ഭൂമിയെ ഒരു നോക്കു പോലും കാണാൻ കഴിയാതെ മരിച്ചാലും എല്ലാം ആ വേദന അങ്ങനെ തന്നെയായിരിക്കും. എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്. തൈക്കാട് ശ്മശാനത്തിലേക്ക് കുഞ്ഞിന്റെ മൃതദേഹവുമായി പോകുമ്പോൾ എന്റെ കുഞ്ഞ് പിറന്നിട്ട് ഏതാനും നിമിഷങ്ങൾ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഏതൊരു ഭർത്താവിനെയും പോലെ പ്രസവമുറിയുടെ വെളിയിൽ ഭാര്യയുടെ പ്രസവവിവരം അറിയാൻ അസ്വസ്ഥതയോടെ കാത്തുനില്ക്കുകയായിരുന്നു ഞാൻ. രണ്ട് അബോർഷനുകൾക്ക് ശേഷമായിരുന്നു ഭാര്യയുടെ പ്രസവം. അതുകൊണ്ടുതന്നെ ഒരുപാടു പ്രാർത്ഥനകളുമുണ്ടായിരുന്നു. അടുത്ത ദിവസംവരെ പ്രത്യേകിച്ച് കോപ്ലിക്കേഷൻസ് ഒന്നും ഉണ്ടായിരുന്നുമില്ല. പൂജപ്പുരയിലെ ഒരു ഡോക്ടറുടെ ട്രീറ്റ്മെന്റിലായിരുന്നു. ഹാർട്ട് ബീറ്റ് ഉണ്ടെന്നും പേടിക്കേണ്ടതായി യാതൊന്നുമില്ലെന്ന ഡോക്ടറുടെ വാക്കുകൾ നല്കിയ ആശ്വാസം കുറച്ചൊന്നുമായിരുന്നില്ല. പക്ഷേ ആ ചെക്കപ്പിന് ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുതൽ ഭാര്യയ്ക്ക് വയറുവേദന അനുഭവപ്പെട്ടുതുടങ്ങി. ഉടൻ തന്നെ ഡോക്ടറുടെ അടുക്കലേക്ക് പാഞ്ഞു. പക്ഷേ അവിടെ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞത് ഹാർട്ട് ബീറ്റ് ഇല്ലെന്നും കുഞ്ഞിനെ കിട്ടാൻ സാധ്യതയില്ലെന്നുമായിരുന്നു. തകർന്നുപോയ നിമിഷങ്ങൾ. രണ്ടു ദിവസം മുമ്പുവരെ കുഞ്ഞിന് യാതൊരു കുഴപ്പവുമില്ലെന്ന സാന്ത്വനം നല്കിയ ആൾ. ഇപ്പോഴിതാ പറയുന്നു കുഞ്ഞിനെ കിട്ടാൻ ചാൻസില്ല എന്ന്. ഏതാണ് വിശ്വസിക്കേണ്ടതെന്നും എന്താണ് ചെയ്യേണ്ടതെന്നും അറിയാതെ അന്തിച്ചുനിന്നു പോയി. ഡോക്ടർ ശോഭനയുടെ അടുക്കൽ നിന്ന് ഞങ്ങൾ പോയത് പിആർഎസ് ഹോസ്പിറ്റലിലേക്കും അവിടെ നിന്ന് കോസ്മോപോളീറ്റൻ ഹോസ്പിറ്റലിലേക്കുമായിരുന്നു. ഇപ്പോൾ ഞാൻ നില്ക്കുന്നത് കോസ്മോപോളീറ്റൻ ഹോസ്പിറ്റലിലെ പ്രസവമുറിയുടെ വാതില്ക്കലാണ്. എന്തായിരിക്കും ഡോക്ടർ പറയുന്നത്? കുഞ്ഞിന് എന്തെങ്കിലും അപകടമുണ്ടാവുമോ? ഭാര്യക്ക് എന്തെങ്കിലും പ്രശ്നമുണ്ടാവുമോ? ലേബർ റൂമിന്റെ വെളിയിൽ ഇതുപോലെ നിന്നിട്ടുള്ള ഓരോ പുരുഷന്മാർക്കും അറിയാം അവർ കടന്നുപോയിട്ടുള്ള വിഷമതകളും ആകുലതകളും. ഒരുപക്ഷേ പ്രസവമുറിക്കുള്ളിലുള്ള ഭാര്യയെക്കാൾ മറ്റൊരു രീതിയിലുള്ള വേദന മുഴുവൻ അനുഭവിക്കുന്നത് പാവം ഭർത്താക്കന്മാരാണ്. പ്രസവമുറിയുടെ വെളിയിൽ ഒറ്റയ്ക്ക് നില്ക്കുന്ന എന്നെ കണ്ടപ്പോൾ പലർക്കും പലവിധ സംശയങ്ങളും ചോദ്യങ്ങളുമായി. ആരും കൂടെയില്ലേ, ബന്ധുക്കളെവിടെ എന്നെല്ലാമായിരുന്നു അവർക്കറിയേണ്ടിയിരുന്നത്. സത്യത്തിൽ ഞങ്ങൾക്ക് അന്ന് തിരുവനന്തപുരത്ത് ആരും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നുവെങ്കിൽ തന്നെ അവരാരും ആ സമയം സഹായിക്കാനായി കൂടെയുണ്ടായിരുന്നുമില്ല. ഒരു അനാഥനെപോലെയാണ് ഞാൻ അവിടെ നിന്നത്. എന്റെ വ്യക്തമായ മറുപടി കിട്ടാത്തത് അവരെ തെല്ല് നിരാശപ്പെടുത്തിയെന്ന് തോന്നുന്നു. അല്ലെങ്കിൽ ഇതുപോലെയുള്ള അവസരങ്ങളിൽ ചോദിക്കാവുന്ന ചോദ്യങ്ങളല്ലല്ലോ അതൊന്നും. ആളുകൾക്ക് ഔചിത്യമില്ലെങ്കിൽ എന്തു ചെയ്യും? പണ്ടാരോ പറഞ്ഞതുപോലെ റോമാനഗരം കത്തിയെരിയുമ്പോൾ തന്നെ വേണം വീണവായന. എന്റെ നിസ്സഹായതയുടെയും ആകുലതകളുടെയും നിമിഷങ്ങൾക്കൊടുവിൽ ലേബർ റൂമിന്റെവാതിൽ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നു.
സോറി. കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
ആകാശവും ഭൂമിയും നടുങ്ങത്തക്കവിധം ഉറക്കെ കരയാനാണ് തോന്നിയത്. പക്ഷേ ഒരു ശബ്ദവും പുറത്തേക്ക് വരുന്നില്ല. എത്ര നാളുകളിലെ പ്രാർത്ഥനകൾ… സങ്കടങ്ങൾ… സ്വപ്‌നങ്ങൾ… അതെല്ലാമാണ് ഇപ്പോൾ തകർന്നുവീണിരിക്കുന്നത്. എത്രയോ നിസ്സാരമായിട്ടാണ് ഡോക്ടർക്ക് അങ്ങനെ പറയാൻ കഴിയുന്നത്. സോറി കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
വൈഫ്… തൊണ്ട ഇടറി ചോദിച്ചു.
ഷീയിസ് ഓക്കെ. എന്നെ എന്റെ സങ്കടങ്ങളുടെ ആഴക്കയങ്ങളിലേക്ക് തനിച്ചുവിട്ടതിന് ശേഷം അകത്തേക്ക് തിരിഞ്ഞു നടന്ന ഡോക്ടർ പെട്ടെന്ന് തിരിഞ്ഞുനിന്നിട്ട് എന്നോട് ചോദിച്ചു.
ബോഡി എന്തു ചെയ്യണം?
ബോഡി.
ഉടലിൽ നിന്ന് ജീവൻ അറ്റുപോയിക്കഴിയുമ്പോൾ അത് വെറും ബോഡിയാകുന്നു. ബോഡി മാത്രമാകുന്നു.
കുഞ്ഞ്..
ആൺകുട്ടിയായിരുന്നു
എനിക്കവനെ കാണണമായിരുന്നു..
ഡോക്ടർ തല കുലുക്കി അകത്തേക്ക് പോയി. ഏതാനും നിമിഷം കഴിഞ്ഞപ്പോൾ ഒരു വെള്ളത്തുണിയുമായി ഒരു നേഴ്സ് വന്നു. അവർ സഹാനുഭൂതിയോടെ ആ വെള്ളപ്പൊതി എനിക്ക് നേരെ നീട്ടി.
എന്റെ കൈകൾ വിറച്ചു. തൊണ്ണ പൊളിച്ച് കരയുന്ന കുഞ്ഞിനെ കൈകളിൽ ഏറ്റുവാങ്ങാൻ കൊതിച്ചിരുന്ന എന്റെ കൈകളിലേക്ക് ഇതാ ജീവനറ്റ എന്റെ മകൻ. എന്റെ രക്തത്തിൽ പിറന്ന, ഈ ഭൂമിയിൽ പിറന്നുവീണ എന്റെ ആദ്യജാതൻ. പക്ഷേ അവന് ഈ ലോകം കണ്ണുതുറന്നു കാണാൻ ഭാഗ്യമുണ്ടായില്ല. അല്ല അവനല്ല ഞാനാണ് ഭാഗ്യഹീനൻ. സ്വന്തം കുഞ്ഞിന്റെ ചേതനയറ്റ ശരീരം സ്വന്തം കൈകളിൽ ഏറ്റുവാങ്ങേണ്ടിവന്ന ഭാഗ്യഹീനൻ. കണ്ണുനിറഞ്ഞു. നിറകണ്ണുകളോടെ ഞാൻ അവനെ എന്റെ കൈകളിലേറ്റുവാങ്ങി. കുറച്ചുമുമ്പ് വരെ എന്നോട് വിശേഷങ്ങൾ തിരക്കിവന്നവരെല്ലാം ഓടിക്കൂടി. അവരുടെ മുഖങ്ങളിൽ സഹതാപവും സങ്കടവും നിറഞ്ഞു. ഞാൻ എന്റെ മകനെ നോക്കി. പൂർണ്ണവളർച്ചയെത്തിയ എന്റെ മകൻ. മോനേ മോനേ എന്ന സങ്കടം എന്റെ തൊണ്ടയിൽ തടഞ്ഞു. കണ്ണുനിറഞ്ഞ് ഞാൻ അവന്റെ മൂർദ്ധാവിൽ ഉമ്മ വച്ചു. അച്ഛന്റെ ചുട്ടുപൊള്ളുന്ന കണ്ണീരിന്റെ നനവേറ്റിട്ടെങ്കിലും അവൻ ഒന്ന് കരഞ്ഞിരുന്നുവെങ്കിൽ… ഒന്ന് അനങ്ങിയിരുന്നുവെങ്കിൽ… പക്ഷേ…
ഇപ്പോൾ എന്റെ മുമ്പിൽ ഉയർന്നു വന്നത് മറ്റൊരു ചോദ്യമായിരുന്നു. എന്റെ കുഞ്ഞിനെ എവിടെ സംസ്‌കരിക്കണം? വേണമെങ്കിൽ ആശുപത്രിക്കാർക്ക് അവനെ കൈമാറാം. അറുത്തുമാറ്റിയ ശരീരഭാഗങ്ങൾ എവിടെയെങ്കിലും കൊണ്ടുപോയി തള്ളുന്നതുപോലെ അവരെന്റെ കുഞ്ഞിനെ ഒരു പാഴ് വസ്തുവായി വലിച്ചെറിയും. ഇല്ല. എനിക്കത് സഹിക്കാൻ കഴിയില്ല. അടുത്ത നിമിഷം ഞാൻ മറ്റ് ചില തിരിച്ചറിവുകളിലൂടെ കടന്നുപോയി. തിരുവനന്തപുരത്ത് എനിക്ക് സ്വന്തമായി വീടില്ല. സ്ഥലമില്ല, വാടകവീട്ടിലാണ് താമസം. ഒരു വാടകവീട് ഒരിക്കലും മൃതശരീരത്തെ സ്വാഗതം ചെയ്യില്ല. അല്ലെങ്കിലും ആ വീട്ടിൽ ഞങ്ങൾ രണ്ടാളുമല്ലാതെ മറ്റൊരാളില്ല. ഭാര്യ ലേബർ റൂമിൽ. ഞാൻ വെളിയിലും. വാടകവീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടുപോകുക എന്ന സാധ്യത ആദ്യമേ തന്നെ ഞാൻ തള്ളിക്കളഞ്ഞു. ഇനിയുള്ളത് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുക എന്നതാണ്. പക്ഷേ അവിടെയുമുണ്ട് പ്രശ്നം. ഞങ്ങൾ ഇടവക ചേർന്നിട്ടില്ല. ഇടവകക്കാരല്ലാത്തവരെ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കുന്നതിൽ പ്രായോഗികബുദ്ധിമുട്ടുകളേറെയുണ്ട്.
ഞാൻ എന്റെ കുഞ്ഞിനെ വീണ്ടുംനോക്കി. സംസ്‌കരിക്കാൻ ഇടം പോലും കിട്ടാത്തവൻ. അതെ എന്റെ കുഞ്ഞ് നിർഭാഗ്യവാൻ തന്നെ. ഞാൻ അവനെ നെഞ്ചോട് ചേർത്തുപിടിച്ച് ആശുപത്രിയിൽ നിന്നിറങ്ങി. എന്റെ മനസ്സിൽ തൈക്കാട് ശ്മശാനം തെളിഞ്ഞുവന്നു. ആശുപത്രിയുടെ മുമ്പിൽ നിന്ന് ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു.
കുഞ്ഞിന്റെ ജീവനറ്റ ശരീരവുമായി ഞാൻ ഓട്ടോയിലേക്ക് കയറി. ശ്മശാനം എത്തുന്നതിന് മുമ്പേ ഇറങ്ങി. ശ്മശാനത്തിന്റെ വാതില്ക്കലാണ് വണ്ടി നിർത്തുന്നതെങ്കിൽ ഓട്ടോക്കാരൻ കൃത്യമായി കാര്യം ഗ്രഹിക്കും. എന്റെ കയ്യിലുള്ളത് ശവമാണെന്ന് അയാൾ തിരിച്ചറിയും. അയാൾക്കത് ശവമായിരിക്കാം. പക്ഷേ എനിക്ക് അത് മകനാണല്ലോ. ശവത്തെ ഓട്ടോയിൽ കയറ്റുന്നത് ഒരു ഡ്രൈവറും സമ്മതിക്കാത്ത കാര്യമാണ്. ശ്മശാനത്തിന്റെ വാതില്ക്കൽ ചെന്നിറങ്ങി അയാളുടെ വായിൽ നിന്ന് വീണേക്കാവുന്ന ചീത്ത വാക്കുകൾ കേൾക്കാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല. ഞാൻ അത്തരമൊരു മാനസികാവസ്ഥയിലായിരുന്നുമില്ല. അതുകൊണ്ടാണ് ശ്മശാനത്തിന് മുമ്പേ വണ്ടിയിറങ്ങിയത്. അവിടെ നിന്ന് ഞാൻ മുമ്പോട്ടു നടന്നു.അതൊരു ശവഘോഷയാത്ര തന്നെയായിരുന്നു. വിലാപഗാനങ്ങളും വൈദികരും കന്യാസ്ത്രീയമ്മമാരും ബന്ധുജനങ്ങളുമില്ലാത്ത ശവഘോഷയാത്ര. ലോകത്തിലേക്കും വച്ചേറ്റവും നിസ്സഹായനായ അച്ഛനാണ് ഞാനെന്ന് എനിക്കപ്പോൾ എന്നെക്കുറിച്ചു തന്നെ തോന്നി. അല്ലെങ്കിൽ എന്റെ മകന് ഈ ഗതികേടുവരുമായിരുന്നോ. ആരെങ്കിലും ബന്ധുക്കളുണ്ടായിരുന്നുവെങ്കിൽ… സ്വന്തമായി വീടുണ്ടായിരുന്നുവെങ്കിൽ… അന്നത്തെ രാത്രിക്ക് ഇരുട്ട് ഏറെയാണെന്ന് എനിക്ക് തോന്നി. ഒരു താരകം പോലും കണ്ണുതുറക്കാത്ത രാത്രി. എന്റെ മനസ്സിലെ ഇരുട്ടുപോലെ രാത്രി. ശ്മശാനത്തിന്റെ കവാടത്തിലെത്തിയപ്പോൾ എന്തോ ഓർമ്മവന്നതുപോലെ ഞാൻ എന്റെ കുഞ്ഞിന്റെ നെറ്റിയിൽ കുരിശുവരച്ചു. പിന്നെ മുകളിലേക്ക് നോക്കി മൗനമായി പ്രാർത്ഥിച്ചു.
എന്റെ ദൈവമേ… കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു അപ്പോൾ.
കുഞ്ഞിനെ ശ്മശാനചുമതലക്കാരന് കൈമാറി ഞാൻ അവിടെ നിന്ന് ഓടിപ്പോയി. എന്റെ മകനേ, മാപ്പ്. വർഷങ്ങൾക്കിപ്പുറത്തു നിന്ന് എനിക്ക് നിന്നോട് പറയാൻ അതുമാത്രമേയുള്ളൂ. നിനക്ക് വിശ്വാസ പരവും ആദരണീയവുമായ ഒരു സംസ്‌കാരം പോലും നല്കാൻ കഴിയാതെ പോയതിൽ… നിനക്ക് അച്ഛനും അമ്മയുമുണ്ടായിരുന്നു. എന്നിട്ടും…
പിന്നെ ഉറക്കം വരാതെ കണ്ണുതുറന്നു കിടക്കുമ്പോൾ കഴിഞ്ഞതെല്ലാം എന്റെ ഓർമ്മയിലൂടെ ഒരു സിനിമയിലെന്ന പോലെ കടന്നുപോകും. പിന്നെ എപ്പോഴോ ഞാൻ നിന്നെ വാനമേഘങ്ങൾക്കിടയിൽ ഒരു മാലാഖയായി സങ്കല്പിക്കും. ഉവ്വ് നീ അവിടെയല്ലാതെ മറ്റെവിടെയാണ് ഉണ്ടാവുക?
സ്വർഗ്ഗത്തിൽ നമ്മൾ കണ്ടുമുട്ടുന്ന നിമിഷം വരേയ്ക്കും നിന്നോട് വിട…
വി ജോയിക്കുട്ടി