കുട്ടനാടന്‍ കായലാല്‍ ചുറ്റപ്പെട്ട കാവാലം ദേശം…അവിടെ ഭൂജാതനായ കാവാലം നാരായണപ്പണിക്കര്‍…കവിത്വം, നാടകത്തം എന്നിവയാല്‍ സാംസ്ക്കാരികകേരളത്തിന്‍റെ കലാമുഖപുസ്തകത്തില്‍ നിറവുള്ള അക്ഷരങ്ങളാല്‍ എഴുതപ്പെട്ടു, അദ്ദേഹത്തിന്റെ നാമം!
മനോഹരമായ, തനിമയാര്‍ന്ന പ്രകൃതിയുടെ മടിത്തട്ടില്‍ പിറന്ന വ്യക്തിത്വമായതുകൊണ്ടുതന്നെയാവണം കാവാലം നാരായണപ്പണിക്കര്‍ നാടന്‍ ശീലുകളുടെയും, നാട്ടുകലകളുടെയും കൂട്ടുകാരനായത്. കേരളസംഗീതനാടക അക്കാദമിയുടെ അമരത്തേയ്ക്ക് എത്തിയപ്പോഴും അദ്ദേഹം നാടന്‍കലകളിലൂടെ അനുസ്യൂതം സഞ്ചരിച്ചു. മലയാള നാടന്‍കലകള്‍ക്കും, നാടകലോകത്തും അദ്ദേഹത്തിന്റെ സ്ഥാനലബ്ധി പകര്‍ന്നു കൊടുത്തത് ഉണര്‍വ്വിന്റെ പുതിയൊരു മുഖമായിരുന്നു.
ഇതിനിടെ സിനിമാഗാനരംഗത്തേയ്ക്കും പുത്തനൊരു ശൈലിയുമായി കാവാലം നാരായണപ്പണിക്കര്‍ രംഗപ്രവേശം ചെയ്തു. ജി അരവിന്ദനുമായുള്ള കൂട്ടുകെട്ടിലൂടെ സിനിമയില്‍ തുടക്കമിട്ടപ്പോള്‍ പകര്‍ന്നാടിയത് നാട്ടുഗന്ധമുള്ള സുന്ദരമായ ഗാനങ്ങളാണ്. “മുക്കുറ്റിയും, തിരുതാളിയും, കാടും, പാടലും” ഒക്കെ നിറഞ്ഞ കേരളമണ്ണിന്റെ ഹരിതാഭമായ ചാരുത കാവാലത്തിന്റെ നാടന്‍ വരികളിലൂടെ മലയാളികളുടെ ഗൃഹാതുരതയായി മാറി. “കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ…” (ചിത്രം:കുമ്മാട്ടി), പൂവാങ്കുഴലി പെണ്ണിനുണ്ടൊരു കിളുന്നു പോലുള്ള മനസ്സ്..” (വാടകയ്ക്കൊരു ഹൃദയം), മര്‍മ്മരം, രതിനിര്‍വ്വേദം, ആലോലം തുടങ്ങിയ ചിത്രങ്ങളിലെ മലയാളികള്‍ ഒരിക്കലും വിസ്മരിക്കാത്ത ഗാനങ്ങള്‍ ഏതെടുത്തു നോക്കിയാലും അതില്‍ കാവാലത്തെ ചുറ്റിക്കിടക്കുന്ന കുട്ടനാടന്‍ കായലിന്‍റെ കൈരളിഗന്ധം കലര്‍ന്നിട്ടുണ്ട്.
സാംസ്ക്കാരിക കേരളത്തിന്‍റെ അഭിമാനകരമായ കലാനേട്ടങ്ങളുടെ പട്ടികയില്‍ കാവാലം നാരായണപ്പണിക്കര്‍ ഒരുക്കിയ മലയാള – സംസ്കൃത നാടകങ്ങളുടെ കയ്യൊപ്പുകള്‍ മുന്‍നിരയില്‍തന്നെയുണ്ട്. കാവാലം നാരായണപ്പണിക്കര്‍ തന്‍റെ നാടകങ്ങളിലൂടെ പുരാണങ്ങളുടെ വേറിട്ടൊരു ദൃശ്യപരതയാണ് കാഴ്ച വെച്ചത്.
ജീവിച്ചിരുന്ന കാലമത്രയും കലാസപര്യയ്ക്കായി, കലാകേരളത്തിനു അകക്കാമ്പുള്ള സംഭാവനകള്‍ നല്‍കിയ കാവാലം നാരായണപ്പണിക്കര്‍ എന്ന മഹാനുഭാവന്റെ അഭൗമവ്യക്തിത്വത്തിനു മുമ്പില്‍ സ്മരണാഞ്ജലി!
(2019 ജൂണ്‍ 26 – ന് കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചിട്ട് മൂന്നു വര്‍ഷം തികയുന്നു!)