ചില അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് എത്ര അധികം പഞ്ചസാര കൊടുത്താലും മതിയാവില്ല. ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ പ്രത്യേകിച്ചും.
എങ്ങനെയെങ്കിലും ഭക്ഷണം കഴിക്കട്ടെ എന്ന അമിതമായ വാത്സല്യമാണ് ഇങ്ങനെ പഞ്ചസാര കൊടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. അമ്മമാരുടെ വിവേകരഹിതമായ ഇത്തരം സ്നേഹപ്രകടനങ്ങള്‍ മക്കള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സമ്മാനിക്കുന്നതെന്ന് അവരറിയുന്നില്ലല്ലോ? ചെറുപ്രായം മുതല്ക്കേ പഞ്ചസാരയ്ക്ക് അടിമയാകുന്ന കുഞ്ഞുങ്ങള്‍ മുതിര്‍ന്നുകഴിയുമ്പോഴും ആ ശീലം തുടരുന്നു. ഫലമോ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടി പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അധികമായ പഞ്ചസാര പ്രയോഗം വേണ്ട എന്നു തന്നെയാണ് ആരോഗ്യരംഗത്തെ വിദഗ്ദരുടെ അഭിപ്രായം. കാരണം പഞ്ചസാരയില്‍ ശൂന്യം കലോറിയാണുള്ളത്. പോഷകങ്ങള്‍ തീരെയില്ല.
മുതിര്‍ന്നവരുടെ ശരീരത്തിന് ആവശ്യമായത് വെറും 20 മുതല്‍ 30 ഗ്രാം പഞ്ചസാര മാത്രമാണ്. കുട്ടികള്‍ക്കാവട്ടെ അത് 40 മുതല്‍ 50 വരെയാകാം. ഇതില്‍ കൂടുതലായുള്ള പഞ്ചസാരയാണ് ശരീരപ്രക്രിയകളെ ഹാനികരമായി ബാധിക്കുന്നതും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതും. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര, കരിപ്പട്ടി എന്നിവ പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്നവയാണെന്നും ചില നിര്‍ദ്ദേശങ്ങളുണ്ട്.