ഇന്ന് ലോകത്തിന്റെ മുഴുവന്‍ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് പ്ലാസ്റ്റിക് മാലിന്യം, പ്ലാസ്റ്റിക് നേരാംവണ്ണം റീ സൈക്ലിംങ് നടത്തിയാല്‍ അതുകൊണ്ട് പലതരത്തിലുള്ള പ്രയോജനങ്ങളും ഉണ്ടാകാറുണ്ട്, പക്ഷേ എന്തുമാത്രം റീ സൈക്ലിംങ് നടക്കുന്നുണ്ട്, 20 മുതല്‍ 70 വരെ ശതമാനം പ്ലാസ്റ്റിക്കുകള്‍ മാത്രമേ റീ സൈക്ലിംങ് ചെയ്യപ്പെടുന്നുള്ളൂ എന്നാണ് കണക്കാക്കപ്പെടുന്നത്. അലക്ഷ്യമായി കടലിലേക്കും ജലാശയങ്ങളിലേക്കും വഴിയോരങ്ങളിലേക്കും നാം പ്ലാസ്റ്റിക് വലിച്ചെറിയുമ്പോള്‍ അത് സൃഷ്ടിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ മാത്രമല്ല ആരോഗ്യപ്രശ്നങ്ങള്‍ കൂടിയാണ്.
പുതിയ റിപ്പോര്‍ട്ട് പറയുന്നത് നാം ആഴ്ച തോറും കുടിക്കുന്ന വെളളത്തിലൂടെ ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലുപ്പത്തില്‍ പ്ലാസ്റ്റിക് അകത്തേക്ക് പോകുന്നുണ്ട് എന്നാണ്. പല വിദേശ രാജ്യങ്ങളിലും പ്ലാസ്റ്റിക് മാലിന്യം പുതിയ പ്രോഡക്ടുകളായി രൂപാന്തരപ്പെടുന്നുണ്ട്. പക്ഷേ അത്രത്തോളം പരീക്ഷണങ്ങള്‍ നമ്മുടെ രാജ്യത്ത് നടക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. മില്യന്‍ ടണ്‍ കണക്കിനാണ് ഓരോ വര്‍ഷവും അമേരിക്കയില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഷിപ്പ് ചെയ്യപ്പെടുന്നത്. 68, 000 കണ്ടെയ്നറുകളിലാണ് കഴ്ിഞ്ഞ വര്‍ഷം മാത്രം അമേരിക്കയില്‍ നിന്ന് പ്ലാസ്റ്റിക് കയറ്റി അയച്ചത്. അതില്‍ 70 ശതമാനവും അമേരിക്കയുടെ മാത്രം മാലിന്യമാണ്. കയറ്റി അയക്കപ്പെടുന്ന പ്ലാസ്റ്റിക് ഏറ്റവും കൂടുതല്‍ റിസൈക്ലിങിന് ഉപയോഗിക്കുന്നത് ചൈനയാണ്. ബംഗ്ലാദേശ്, എതോപ്യ, ലാവോസ്, സെനിഗല്‍ തുടങ്ങിയ ദരിദ്രരാജ്യങ്ങളിലേക്കും പ്ലാസ്റ്റിക് മാലിന്യം കയറ്റി അയ്ക്കാറുണ്ട്.
അലക്ഷ്യമായി വലിച്ചെറിയുന്ന ഓരോ തുണ്ട് പ്ലാസ്റ്റിക് പോലും നമ്മുടെ ആരോഗ്യത്തെയും വരുംതലമുറയുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കും എന്ന സത്യം നാം തിരിച്ചറിയണം. അതിന്റെ വരുംവരായ്കകളെക്കുറിച്ച് ബോധമുള്ളവരാകുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റിസൈക്ലിംങ് ചെയ്യാനുളള സാധ്യതകള്‍ കണ്ടെത്തുകയും വേണം.