പടി കയറുമ്പോഴോ അല്ലെങ്കില്‍ സാധാരണയായി ചെയ്തിരുന്നതിലും കൂടുതലായി എന്തെങ്കിലും ജോലിയോ ഭാരമുള്ള വസ്തുക്കള്‍ എടുക്കുകയോ ചെയ്യുമ്പോള്‍ നെഞ്ചിന്റെ നടുഭാഗത്തായി ചെറിയ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. കാരണം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതകളിലൊന്നാണ് ഈ ലക്ഷണം.
നാല്പതു വയസുകഴിഞ്ഞ പുരുഷനോ 50 വയസുകഴിഞ്ഞ സ്ത്രീയോ ആണ് നിങ്ങളെങ്കില്‍ പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധ വേണം. അതുപോലെ സാധാരണയല്ലാത്ത വിധത്തിലുള്ള കിതപ്പ്, പള്‍സിലുള്ള വ്യതിയാനം, രാത്രിയിലെ അമിതമായ നെഞ്ചിടിപ്പ്, അമിതക്ഷീണം, വൈകുന്നേരങ്ങളില്‍ കാല്പാദങ്ങളില്‍ കാണുന്ന നീര് എന്നിവയും ഹൃദയാഘാതത്തിന്റെ മുന്‍സൂചനകളായി വിദഗ്ദര്‍ വിലയിരുത്തുന്നുണ്ട്. അമിതവണ്ണം, ബിപി,,പ്രമേഹം ഉയര്‍ന്ന കൊളസ്‌ട്രോള്‍, പുകവലി, വ്യായാമമില്ലാത്ത ജീവിതശൈലി തുടങ്ങിയവ ഒരാളെ ഹൃദ്രോഗിയാക്കി മാറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. കുടവയറുകാര്‍ക്ക് ഹൃദ്രോഗസാധ്യത മറ്റുള്ളവരുമായി തട്ടിച്ചുനോക്കുമ്പോള്‍ കൂടുതലാണെന്നും പറയപ്പെടുന്നു. ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളിലും ഹദ്രോഗസാധ്യതയുടെ നിരക്ക് കൂടുതലാണ്. പച്ചക്കറികളും പഴങ്ങളും കഴിക്കാത്ത പുതിയ തലമുറയാണ് ഇവിടെ വളര്‍ന്നുവരുന്നത്. അത് വരുംകാലങ്ങളില്‍ നമ്മുടെയിടയിലെ ഹൃദ്രോഗ ബാധ വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ദരുടെ നിഗമനം.
അതുപോലെ ടിവിയുടെയും മൊബൈലിന്റെയും മുമ്പിലിരുന്ന് ഭക്ഷണം കഴിക്കുന്ന തലമുറയും ഇവിടെ വളര്‍ന്നുവരുന്നുണ്ട്. അമിതമായ ഭക്ഷണവും വ്യായാമമില്ലാത്ത ജീവിതവുമാണ് ഇവരുടേത്. ഈ കുട്ടികളും ഭാവിയില്‍ ഹൃദ്രോഗികളായി മാറാന്‍ സാധ്യതയുണ്ട്. ഹൃദയാരോഗ്യത്തിന് ഹാനികരമായ ഭക്ഷണരീതികള്‍ ഉപേക്ഷിക്കുകയും ഹൃദയാരോഗം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ വലിയൊരു പരിധിവരെ ഈ അസുഖത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും. കൂടാതെ വ്യായാമവും ശീലിക്കണം. ദിവസവും മുപ്പതു മിനിറ്റ് തുടര്‍ച്ചയായിട്ടാണ് വ്യായാമം ചെയ്യേണ്ടതെന്നും മറക്കരുത്.
ജീവിതശൈലിയിലുള്ള മാറ്റവും വ്യായാമമുള്ള ജീവിതവും ഹൃദ്രോഗത്തില്‍ നിന്ന് നമ്മെ അകറ്റിനിര്‍ത്തും. ഹൃദ്രോഗത്തിന്റെ സാധ്യതകളെ മുന്‍കൂട്ടി കാണിക്കുന്ന സൂചനകള്‍ അവഗണിക്കാതിരിക്കുക എന്നതും പ്രധാനപ്പെട്ടതു തന്നെ.