ജീവിതപങ്കാളിയെ മറ്റൊരാളുമായി താരതമ്യപ്പെടുത്താന്‍ തുടങ്ങിയോ?

അതെ, അതാണ്  ചോദ്യം. ജീവിതപങ്കാളിയെ മറ്റെതേങ്കിലും വ്യക്തിയുമായി താരതമ്യപ്പെടുത്താന്‍ ആരംഭിച്ചോ. എങ്കില്‍ തീര്‍ച്ചയാണ്. നിങ്ങളുടെ ദാമ്പത്യബന്ധത്തില്‍ ചില കല്ലുകടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നു തന്നെയാണ് അതിന് അര്‍ത്ഥം. കൂടെ ജോലിചെയ്യുന്ന വ്യക്തി, അല്ലെങ്കില്‍ അയല്‍വക്കത്തെ ആള്‍, സുഹൃത്തിന്റെ ജീവിതപങ്കാളി എന്നിങ്ങനെ പരിചയത്തിലുള്ള ഏതെങ്കിലുമൊക്കെ വ്യക്തികളുമായി സ്വന്തം ജീവിതപങ്കാളിയെ തട്ടിച്ചുനോക്കുകയും തന്റെ പങ്കാളിക്ക് ഇല്ലാതെപോയ നന്മകളും ഗുണങ്ങളുമോര്‍ത്ത് അസ്വസ്ഥപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങളുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നുവെന്നാണ് ഈ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം. താരമത്യം വരുന്നത് എപ്പോഴും അസംതൃപ്തിയില്‍ നിന്നാണ്. അതാവട്ടെ ബന്ധത്തിന്റെ ഗുണക്കുറവാണ് വ്യക്തമാക്കുന്നത്.

നിര്‍ദ്ദോഷമായ തമാശുകള്‍ പോലും ജീവിതപങ്കാളിയെ വേദനിപ്പിക്കുന്നതും ചെറിയ കുറ്റപ്പെടുത്തലുകള്‍ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നതും ബന്ധത്തിലെ അസ്ഥിരതയുടെ ബാഹ്യമായ ചില പ്രകടനങ്ങളാണ്. പങ്കാളിയോട് ആദരവില്ലാതെ സംസാരിക്കുന്നതും ഈ ഗണത്തില്‍ പെടുന്നു.അസഭ്യം പറയുന്നതും മാന്യതയില്ലാതെ സംസാരിക്കുന്നതും ജീവിതപങ്കാളിയോടുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സൂചനകള്‍ തന്നെയാണ്. ശാരീരികബന്ധത്തിന്റെ എണ്ണം കുറഞ്ഞുതുടങ്ങുന്നതും ബന്ധം ശിഥിലമാകുന്നതിന്റെ സൂചന നല്കുന്നുണ്ട്. പരസ്പരമുള്ള ആകര്‍ഷണവും സ്‌നേഹവും ഇല്ലാതെ വരുമ്പോള്‍ അത് ലൈംഗികജീവിതത്തെയും ബാധിക്കും. രണ്ടുമുറിയിലേക്ക് കിടപ്പ് മാറ്റുന്നതും സ്പര്‍ശിക്കുക പോലും ചെയ്യാത്തതും മനസുകളുടെ അകല്‍ച്ചയാണ് പ്രകടിപ്പിക്കുന്നത്.

പല കാര്യങ്ങളെക്കുറിച്ചുമുള്ള വിയോജിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്നു. പ്രധാനമായും അത് പണത്തിന്റെ മേഖലയിലായിരിക്കാം. പണത്തിന്റെ ദുരുപയോഗമോ പിശുക്കോ ബന്ധങ്ങളെ ചില കേസുകളിലെങ്കിലും വിവാഹമോചനത്തിലെത്തിക്കാറുണ്ട്. പങ്കാളിയോട് സംസാരിക്കാന്‍ വിഷയം ഇല്ലാതെ വരുക വാക്കുകള്‍ കുറഞ്ഞുവരിക എന്നിവയും അപകടകരമായ സൂചനകള്‍ തന്നെ. ആശയവിനിമയം ഇല്ലാതെ വരുന്നതാണ് പലപ്പോഴും ബന്ധത്തിന്റെ വിടവുകള്‍ കൂട്ടുന്നത്. ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ കാണിക്കുന്ന അവഗണന പിന്നീട് ഗുരുതരമായ പ്രശ്‌നമായി മാറുന്നു. അതുകൊണ്ട് ചെറിയ പ്രശ്‌നങ്ങളെ അവഗണിക്കാതെ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരായി മാറാതിരിക്കാന്‍ ദമ്പതികള്‍ ശ്രദ്ധിക്കണം.

error: Content is protected !!