കുടുംബജീവിതം വിജയിക്കാൻ ആറു നിയമങ്ങൾ

Date:

spot_img

ആറു നിയമങ്ങൾ പാലിച്ചാൽ കുടുംബജീവിതം വിജയപ്രദമാകുമോ? സംശയിക്കണ്ടാ. ഭർത്താവും പിതാവും ഒപ്പം ബ്ലോഗറുമായ റിയാൻ സ്റ്റീഫൻ പറയുന്നത് ഈ നിയമങ്ങൾ പാലിച്ചാൽ കുടുംബജീവിതം വിജയപ്രദം ആകുമെന്ന് തന്നെയാണ്. 2016 ലാണ് അദ്ദേഹം കുടുംബജീവിതക്കാർക്ക് വേണ്ടി ഒരു ബ്ലോഗ് ആരംഭിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ബ്ലോഗ് ശ്രദ്ധേയമായി. അടുത്തയിടെ കുടുംബജീവിതത്തിന്റെ വിജയത്തിനായി അദ്ദേഹം ട്വീറ്റ് ചെയ്ത ആറു നിയമങ്ങൾ വൈറലുമായി.  മാർച്ച് പതിനൊന്നാം തീയതിയാണ് റിയാൻ ഇക്കാര്യം ട്വീറ്റ് ചെയ്ത്. അന്നും പിറ്റേന്നുമായി 9,000 തവണയാണ് ആ ട്വീറ്റ് റീട്വീറ്റ് ചെയ്യപ്പെട്ടത്.

റിയാൻ പറഞ്ഞ കാര്യങ്ങൾ
1 . നിങ്ങളുടെ നാവിൽ നിന്ന് ഒരിക്കലും നിങ്ങളുടെ ജീവിതപങ്കാളിയെക്കുറിച്ച് മറ്റൊരാൾ മോശമായി കേൾക്കരുത്.ജീവിതപങ്കാളിയുടെ മോശം വശങ്ങളെക്കുറിച്ച് തമാശയ്ക്കായി പോലും സുഹൃത്തുക്കളോട് പങ്കുവയ്ക്കരുത്. എത്രയോ ഭാര്യമാരുണ്ട് ഭർത്താക്കന്മാരുടെ കുറ്റങ്ങൾ പറഞ്ഞുനടക്കുന്നവരായിട്ട്. അതുപോലെ പെണ്ണുങ്ങളെ അതിശയിപ്പിക്കുന്ന രീതിയിൽ ഭാര്യയുടെ കുറ്റം പറഞ്ഞു നടക്കുന്ന പുരുഷന്മാരും കുറവല്ല. കാരണമോ സാഹചര്യമോ എന്തുമായിരുന്നുകൊള്ളട്ടെ ജീവിതപങ്കാളിയുടെ കുറ്റങ്ങളും കുറവുകളും മറ്റുള്ളവരോട് പറയരുത്.

2. ആശയവിനിമയം ഫലപ്രദമായിരിക്കണം
ആർക്കും മറ്റൊരാളുടെ മനസ്സ് കൃത്യമായി വായിച്ചെടുക്കാനാവില്ല. പറഞ്ഞതും കേട്ടതും തെറ്റായി മനസ്സിലാക്കുന്നതുകൊണ്ടാണ് ദമ്പതികൾക്കിടയിൽ പല പ്രശ്നങ്ങളും ഉടലെടുക്കുന്നത്. അതുകൊണ്ട് ഭർത്താവ് പറഞ്ഞതിൽ ഭാര്യയ്ക്കോ തിരിച്ചും ആശയവ്യക്തതകുറവുണ്ടെങ്കിൽ അക്കാര്യം ചോദിച്ച് മനസ്സിലാക്കി അത് പരിഹരിക്കേണ്ടതാണ്. പറഞ്ഞതും കേട്ടതുമായ കാര്യത്തിൽ ഡബിൾ ചെക്ക് അത്യാവശ്യമാണ് എന്നു തന്നെ അർത്ഥം. ഉത്തരക്കടലാസ് പരീക്ഷാസമയം തീരുന്നതിന് മുമ്പ് ഒരുവട്ടമെങ്കിലും വായിച്ചുനോക്കണമെന്ന് പറയുന്നതുപോലെ തന്നെയാണ് ആശയവിനിമയത്തിലെ വ്യക്തത വരുത്തലും.

3. ഇരുവരും ഒരുമിച്ച് പുതിയ കാര്യങ്ങളിൽ ഏർപ്പെടുക
ജീവിതപങ്കാളികളിൽ ഒരാൾ ചിലപ്പോൾ മറ്റെയാളെക്കാൾ സാഹസികത ഇഷ്ടപ്പെടുന്ന ആളായിരിക്കും. അപ്പോൾ ആ സാഹസികതയ്ക്ക് കൂട്ടുനില്ക്കുക. ഓരോരുത്തരും തങ്ങളുടെ കംഫർട്ട്  സോണിൽ നിന്ന് പുറത്തുകടന്ന് മറ്റെയാളുടെ ഒപ്പം കൂടുക. ഇത് രണ്ടുപേരും പരസ്പരം കൈ കൊടുത്ത് വളരുന്നതിന് തുല്യമാണ്.

4. വിജയങ്ങൾ ഒരുമിച്ച് ആഘോഷിക്കുകയും പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
മറ്റെയാളെ താഴ്ത്തിക്കെട്ടാതിരിക്കുക. പങ്കാളിയുടെ വിജയങ്ങളിൽ അസൂയാലുവാകാതിരിക്കുക., സങ്കടങ്ങളിൽ കൂട്ടായിരിക്കുക, സന്തോഷങ്ങൾ പങ്കുവയ്ക്കുക. വർക്കൗട്ടുകളും അടുക്കളജോലികളും ഒരുമിച്ചുചെയ്യുക.

5. പരസ്പരം നന്ദിയുള്ളവരായിരിക്കുക
പണത്തിന്റെ കാര്യത്തിലോ ജോലിയുടെ കാര്യത്തിലോ കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന കാര്യത്തിലോ എന്തുമായിക്കൊള്ളട്ടെ പരസ്പരം നന്ദിയുള്ളവരായിരിക്കുക, നന്ദി പറയാൻ മടിക്കാതിരിക്കുക. നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന സ്ഥാനമാനങ്ങളിൽ എത്തിച്ചേരാൻ ജീവിതപങ്കാളി ഒരുപക്ഷേ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകാം. നിങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടാകാം. അതിന്റെ നന്ദി മനസ്സിൽ സൂക്ഷിച്ചാൽ മാത്രം പോരാ പറയുകയും വേണം.

6. പരസ്പരം വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുക
ദമ്പതികൾ പരസ്പരം വിശ്വസിക്കണം, ആദരിക്കണം പ്രത്യേകിച്ച് മറ്റുള്ളവരുടെ മുമ്പിൽ. കുട്ടികളുടെ മുമ്പിലും ഇക്കാര്യം പ്രധാനപ്പെട്ടതാണ്. നിങ്ങൾ നിങ്ങളുടെ ജീവിതപങ്കാളിയെ എപ്പോഴും വിലകുറച്ച് സംസാരിക്കുകയും മറ്റുള്ളവരുടെ മുമ്പിൽ അപമാനിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ മറ്റാര് അയാളെ അല്ലെങ്കിൽ അവളെ ആദരിക്കും?


More like this
Related

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ...

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും...
error: Content is protected !!