കുട്ടികളിലെ പൊണ്ണത്തടി പല അമ്മമാരുടെയും ഉറക്കം കെടുത്തുന്ന ഒരു വസ്തുതയാണ്. ഇന്ന് കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നും പൊണ്ണത്തടിയാണ്. എന്നാല്‍ ഇതിന് കാരണം അമ്മമാരുടെ ഗര്‍ഭകാലത്തെ ഭക്ഷണരീതികളാണ് എന്ന് എത്ര പേര്‍ക്കറിയാം? ഗര്‍ഭകാലത്ത് അമ്മമാര്‍ അമിതമായരീതിയില്‍ മധുരം കഴിക്കുന്നതും മധുരം കലര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും കുട്ടികളിലെ പൊണ്ണത്തടിക്ക് കാരണമാകുന്നുവെന്നാണ്.
അക്കാദമിക് പീഡിയാട്രിക്‌സ് എന്ന ജേര്‍ണലിലാണ് ഇത് സംബന്ധിച്ച പഠനം വന്നിരിക്കുന്നത്. ഗര്‍ഭകാലത്ത് ദിവസവും മധുരം കഴിക്കുന്നതും രണ്ടു വയസിന് മുമ്പേ കുഞ്ഞുങ്ങളുടെ മധുരത്തിന്റെ ഉപയോഗവും അവരുടെ പൊണ്ണത്തടി വര്‍ദ്ധിപ്പിക്കുന്നതില്‍പ്രധാന പങ്കുവഹിക്കുന്നു. ഗവേഷണകര്‍ത്താവായ ജെന്നിഫര്‍ വൂ പറയുന്നു. രണ്ടുവയസിനും അഞ്ചുവയസിനും ഇടയിലുള്ള കുട്ടികളില്‍ പൊണ്ണത്തടി വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് പുതിയ പഠനം പറയുന്നത്. ദിവസവും മക്കള്‍ക്ക് ഭക്ഷണത്തില്‍ ചേര്‍ത്തുകൊടുക്കുന്ന മധുരത്തിന്റെ അളവ് തങ്ങളെ അത്ഭുതപ്പെടുത്തുന്നതായി ഗവേഷകര്‍ പറയുന്നു.
ജ്യൂസ്, ശീതളപാനീയങ്ങള്‍ എന്നിവയെല്ലാം ആരോഗ്യത്തിന്റെ പേരില്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് നല്കുമ്പോള്‍ അതിനൊപ്പം നല്ല തോതില്‍ മധുരവും ചേര്‍ത്തിട്ടുണ്ട്. മധുരത്തോടുള്ള പ്രതിപത്തി ഒരു സ്വഭാവപ്രത്യേകത തന്നെയാണ്. മാതാപിതാക്കളിലെ ഇത്തരം പ്രവണതകള്‍ മക്കളിലും സ്വാധീനം ചെലുത്തുന്നു. അതുകൊണ്ട് മധുരത്തോട് ആരോഗ്യപരമായ അകലം പാലിക്കുകയാണെങ്കില്‍ മക്കളിലെ പൊണ്ണത്തടി ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.