സത്യം പറയുന്ന കുട്ടികൾ. എല്ലാ മാതാപിതാക്കളും മക്കളിൽ നിന്ന് ആഗ്രഹിക്കുന്നത് ഇതാണ്. പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ മാതാപിതാക്കൾക്ക് പലപ്പോഴും ഇത് മക്കളിൽ നിന്ന് കിട്ടാറില്ല. നുണ പറയുന്ന കുട്ടികൾ മാതാപിതാക്കളെ വളരെയധികം നിരാശപ്പെടുത്തുന്നുമുണ്ട്. ഈ നിരാശയുടെ പ്രതികരണം പലപ്പോഴും ദേഷ്യമായും ശകാരമായും ശിക്ഷയായും മാതാപിതാക്കളിൽന ിന്ന് പുറപ്പെടാറുമുണ്ട്. ഇങ്ങനെ ചെയ്യുന്നതിന് മുമ്പ് മാതാപിതാക്കൾ ഒരു കാര്യം മനസ്സിലാക്കുന്നതും മനസ്സിലാക്കാൻ ശ്രമിക്കുന്നതും വളരെ നല്ല കാര്യമാണ്. എന്തുകൊണ്ടായിരിക്കും മക്കൾ നുണ പറയുന്നത്? മക്കളുടെ കാഴ്ചപ്പാടിലൂടെ ഇക്കാര്യം ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കൂ.
സ്വയം രക്ഷ
കുരുത്തക്കേടുകൾക്ക് മാതാപിതാക്കൾ ശിക്ഷിക്കുമോയെന്ന ഭയം എല്ലാ കുട്ടികളിലുമുണ്ട്. ഈ ശിക്ഷയിൽ നിന്ന് ഒഴിവാകാൻ വേണ്ടി അവർ നുണ പറയാറുണ്ട്. പല കല്പിത കഥകളും പറയുകയോ മറ്റുള്ളവരുടെ മേൽ പഴിചാരുകയോ ചെയ്യും. തനിക്ക് രക്ഷപ്പെടാൻ വേറെ മാർഗ്ഗമൊന്നുമില്ലെന്നും താൻ അടഞ്ഞ ഒരു മുറിക്കുള്ളിലാണെന്നുമാണ് അവരുടെ ധാരണ. സത്യം തുറന്നുപറഞ്ഞാൽ മാതാപിതാക്കൾ ശിക്ഷിക്കും. ഇത്തരമൊരു അരക്ഷിതാവസ്ഥയും ഭയവും സ്വയം രക്ഷയ്ക്കു വേണ്ടി നുണ പറയാൻ കുട്ടികളെ പ്രേരിപ്പിക്കാറുണ്ട്.
മാതാപിതാക്കളുടെ ‘നോ’ യിൽ നിന്ന് രക്ഷ നേടാൻ
മാതാപിതാക്കളോട് ആവശ്യപ്പെടുന്ന ചില ചെറിയകാര്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അതിൽ നിന്ന് രക്ഷനേടാനും മക്കൾ നുണ പറയാറുണ്ട്. ഉദാഹരണത്തിന് ഒരു സിനിമയ്ക്ക് പോകണം, കൂട്ടുകാരുമൊത്ത് ഒരു ടൂർ പോകണം. പക്ഷേ വീട്ടിൽ നിന്ന് സമ്മതമില്ല, അനുവാദം തരുകയുമില്ല. ഈ സാഹചര്യത്തിൽ ഗ്രൂപ്പ് സ്റ്റഡിയെന്നോ സ്പെഷ്യൽ ക്ലാസെന്നോ പറഞ്ഞ് അവർ സിനിമയ്ക്കും ടൂറിനും പോകും. ആഗ്രഹങ്ങൾ സാധിച്ചുകിട്ടാൻ മാത്രം പണം കയ്യിൽ കിട്ടുന്നില്ല എങ്കിൽ അതിന് വേണ്ടിയും നുണ പറഞ്ഞ് കാശുവാങ്ങുന്ന കുട്ടികളുണ്ട്.
നല്ല ഇമേജ് നിലനിർത്താൻ
പല മാതാപിതാക്കളും മക്കളെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി സംസാരിക്കാറുണ്ട്. തങ്ങളെക്കാൾ മറ്റുകുട്ടികളാണ് നല്ലതെന്ന ധാരണ ഇങ്ങനെ മക്കളുടെ മനസ്സിൽ കയറിക്കൂടുന്നു ഇത് അവരിൽ അസൂയ ജനിപ്പിക്കുന്നു. തന്മൂലം തങ്ങൾ തെറ്റ് ചെയ്താലും മാതാപിതാക്കളിൽ നിന്ന് നല്ല അഭിപ്രായം കേൾക്കാനും തങ്ങളുടെ ഇമേജ് നിലനിർത്താനും അവർ മാതാപിതാക്കളോട് നുണ പറയാറുണ്ട്.
സ്വാർത്ഥലക്ഷ്യങ്ങൾക്ക് വേണ്ടി
മുതിർന്നവരെപോലെയും ഈ കാലഘട്ടത്തിലെ ഭൂരിപക്ഷം മനുഷ്യരെയും പോലെ കുട്ടികളിലുമുണ്ട് ചില സ്വാർത്ഥതകളും ഗൂഢലക്ഷ്യങ്ങളും. തങ്ങളുടെ ലക്ഷ്യസാധ്യത്തിന് വേണ്ടിയും മാതാപിതാക്കൾക്ക് തങ്ങളെക്കുറിച്ചുള്ള പ്രതീക്ഷ നിലനിർത്താൻ വേണ്ടിയും കുട്ടികൾ നുണ പറയാറുണ്ട്.
ചില പ്രതികരണങ്ങളുടെ തുടർച്ച
കുട്ടികളുടെ തെറ്റുകളോട് മാതാപിതാക്കൾ ചില നേരങ്ങളിൽ ക്ഷമയില്ലാതെ പ്രതികരിച്ചിട്ടുണ്ടാവും. സ്ഫോടനാത്മകമായ രീതിയിലായിരിക്കും അവർ മക്കളോട് ഇടപെട്ടിട്ടുണ്ടാവുക. ഇത് മക്കളുടെ മനസ്സിൽ മായാതെ കിടപ്പുണ്ടാകും. സമാനമായ സാഹചര്യം ആവർത്തിക്കുകയാണെങ്കിൽ ആദ്യപ്രതികരണത്തിന്റെ ഓർമ്മയിൽ കുട്ടികൾ മാതാപിതാക്കളോട് നുണ പറയും.തന്റെ തെറ്റ് കൊണ്ട് ഫളവർവേസോ ഗ്ലാസോ രണ്ടാം തവണ പൊട്ടുന്നത് ഉദാഹരണം.
മാതാപിതാക്കളുടെ അമിത നിയന്ത്രണം
സ്വാതന്ത്ര്യം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. കുട്ടികൾ പോലും. എന്നാൽ കടുത്ത നിയന്ത്രണങ്ങൾ അവർ പലപ്പോഴും നേരിടാറുണ്ട്. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ പോലും. ഇത്തരം സാഹചര്യങ്ങളിൽ അമിതമായ നിയന്ത്രണങ്ങളിൽ നിന്ന് രക്ഷനേടാനായി അവർ നുണ പറയും.
മാതാപിതാക്കളുടെ സ്വാധീനം
മക്കളുടെ മുമ്പിൽ കല്ലുവച്ച നുണ പറയുന്ന മാതാപിതാക്കളാണോ നിങ്ങൾ, തീർച്ചയായും നാളെ മക്കൾ നിങ്ങളോടും അങ്ങനെ തന്നെ നുണ പറയും. ഒരു സാഹചര്യത്തെ നേരിടാനോ ആളെ ഒഴിവാക്കാനോ ഒക്കെയായിരിക്കും മാതാപിതാക്കൾ നുണ പറയുന്നത്. പക്ഷേ മക്കൾ അത് കാണുന്നുണ്ടെന്നോ അവർ മനസ്സിലേക്ക് ഇക്കാര്യം ഒപ്പിയെടുക്കുന്നുണ്ടെന്നോ അവർ അറിയുന്നതേയില്ല. പക്ഷേ സംഭവിക്കുന്നത് അതാണ്. മാതാപിതാക്കളിൽ നിന്ന് കിട്ടുന്ന ഈ സ്വാധീനം മൂലം മക്കൾ പതുക്കെപതുക്കെ നുണ പറയുന്നവരായി മാറും.
ശിഥിലമായ കുടുംബബന്ധങ്ങൾ
ആരോഗ്യപ്രദവും സന്തോഷകരവുമായ കുടുംബസാഹചര്യം കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. കുടുംബാംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പമുള്ള ബന്ധം ഇക്കാര്യത്തിൽ പ്രധാനപ്പെട്ടതാണ്. ചുറ്റുമുള്ള ബന്ധങ്ങളിലെ അടുപ്പമില്ലായ്മയും സ്ഥിരതയില്ലായ്മയും കുട്ടികൾ മനസ്സിലാക്കുന്നുണ്ട്. അത് അവരെ നുണ പറയാൻ പ്രേരിപ്പിക്കുന്നു.
സമ്മർദ്ദങ്ങൾ
സമ്മർദ്ദം കൊണ്ടും സാഹചര്യം വഴിയും കുട്ടികൾ നുണ പറയാൻ നിർബന്ധിതരാകാറുണ്ട്. കുട്ടികളുടെ മനസ്സ് അടിസ്ഥാനപരമായി ശാന്തവും സ്വച്ഛവുമാണ്. അതിനെ ഏതുരീതിയിൽ വേണമെങ്കിലും നമുക്ക് പാകപ്പെടുത്തിയെടുക്കുകയും ചെയ്യാം. അതുകൊണ്ട് മാതാപിതാക്കളും കുടുംബസാഹചര്യങ്ങളും മക്കളുടെ നുണപറയുന്ന ശീലങ്ങളിൽ വലിയൊരു പങ്കുവഹിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്.