പറയാതിരിക്കാനാവില്ല തൊടുപുഴയിലെ ഏഴുവയസുകാരന്റെ അമ്മയോട്

Date:

spot_img

വീട്ടില്‍ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയിട്ടുള്ളവര്‍ക്കറിയാം തള്ളക്കോഴിയും കുഞ്ഞുങ്ങളും തീറ്റ തേടി പറമ്പില്‍ ചികഞ്ഞ് നടക്കുമ്പോള്‍ ഒരു കാക്കയുടെയോ കഴുകന്റെയോ ചിറകിന്റെ നിഴല്‍ കാണുന്ന മാത്രയില്‍ തള്ളക്കോഴിയുടെ മുന്നറിയിപ്പ്. കോഴിക്കുഞ്ഞുങ്ങള്‍ അതു കേള്‍ക്കുന്ന മാത്രയില്‍ ഒന്നുകില്‍ തള്ളക്കോഴിയുടെ ചിറകിന്‍ കീഴിലൊളിക്കും. അല്ലെങ്കില്‍ ഏതെങ്കിലും സുരക്ഷിത ഇടങ്ങളില്‍ ഓടിയൊളിക്കും. ചില തളളക്കോഴികളുണ്ട് തന്റെ കണ്ണുവെട്ടിച്ച്  കുഞ്ഞുങ്ങളില്‍ ഒന്നിനെ കാക്ക കൊത്തിയെടുത്ത് പറക്കുമ്പോള്‍ അതിനൊപ്പം  തനിക്കാകാവുന്നത്ര ഉയരത്തില്‍ പറന്നു ചെല്ലും. എന്തിനെന്നല്ലേ ആ കാക്കയുടെ കൊക്കില്‍ നിന്ന് തന്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാന്‍. ചിലപ്പോള്‍ ആ അപ്രതീക്ഷിത നീക്കത്തില്‍ കാക്കയും പതറിപ്പോകും. അറിയാതെ അത് തന്റെ ഇരയെ വിട്ടിട്ടുപോകും.

ഒരു തള്ളക്കോഴി കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന സുരക്ഷിതത്വവും ശത്രുവിന്റെകരങ്ങളില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ കാണിക്കുന്ന ശ്രമങ്ങളും പോലും ആ സ്ത്രീക്ക് ഇല്ലാതെപോയല്ലോ എന്നോര്‍ത്ത് സങ്കടപ്പെടാന്‍ തോന്നിയിട്ട് ദിവസങ്ങളായി. പക്ഷേ മാധ്യമങ്ങളില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ക്കപ്പുറം ശരിയും തെറ്റും എവിടെയാണെന്ന് കൃത്യമായി അറിയില്ലാത്തതുകൊണ്ട് ഒരു പക്ഷവും ചേരാതെയും ആരെയും കുറ്റം വിധിക്കാതെയും നിശ്ശബ്ദമായിരുന്നതേയുള്ളൂ. പക്ഷേ സ്വന്തം ആകുലതകള്‍ പോലെ  ചിന്താധാരകള്‍ പോലെ മറ്റ് പലരും ആ ഏഴുവയസുകാരന്റെ അമ്മയെക്കുറിച്ച പറഞ്ഞുതുടങ്ങുമ്പോള്‍  മനസ്സിലെ വിചാരങ്ങള്‍ക്ക് ദൃഢത കൈവരുന്നു.

മക്കളുടെ കുറ്റത്തിനോ അല്ലെങ്കില്‍  ദേഷ്യം കൊണ്ടോ മക്കളെ മാതാപിതാക്കള്‍ അടിക്കാറുണ്ട്. അങ്ങനെയുള്ളവര്‍ പോലും തന്റെ കുഞ്ഞിനെ അവന്റെ അമ്മയോ അച്ഛനോ  ആണെങ്കില്‍ പോലും അടിക്കുന്നത് ഇഷ്ടപ്പെടുന്നതേയില്ല എന്നാണ് തോന്നുന്നത്. സ്്‌നേഹമുള്ള അച്ഛന്‍ അടിക്കുമ്പോള്‍ തടസം നില്ക്കാന്‍ ഒരു അമ്മയുണ്ട് അല്ലെങ്കില്‍ വാത്സല്യമുള്ള അമ്മ അടിക്കുമ്പോള്‍ മതി തല്ലിയത് എന്ന് പറയാന്‍ ഒരു അച്ഛനുണ്ട് ഓരോ കുഞ്ഞിന്റെയും ബലവും ആശ്വാസവും അതാണ്. തല്ലിയ ആളുടെ അടുക്കലേക്കല്ല അടുത്തുനില്ക്കുന്ന ആളുടെ അടുക്കലേക്കാണ് അവന്‍ ഓടിച്ചെല്ലുന്നത്. അവിടെ കിട്ടുന്ന സാന്ത്വനമാണ് അവന്റെ കരച്ചിലിന് തുണ. 

പക്ഷേ ആ ഏഴുവയസുകാരനും നാലുവയസുകാരനും തനിക്ക് കിട്ടിയ കൊടും പീഡനങ്ങള്‍ക്ക് നടുവിലും അങ്ങനെയൊരു തണലുണ്ടായിരുന്നില്ല എന്നറിയുമ്പോള്‍ ചങ്ക് പൊടിയുന്നു. വിഷാദമോ മയക്കുമരുന്നോ അതോ നിസ്സംഗതയോ ഏതാണ് അവരെ പ്രസവിച്ച സ്ത്രീയുടെ മനസ്സിനെ അത്രയേറെ കടുപ്പമുളവാക്കിയത്.  ആ പെണ്‍കുട്ടിയെ ന്യായീകരിക്കുന്ന വാദഗതിക്കാര്‍ അങ്ങനെയെങ്കില്‍ മറ്റൊന്നിനുകൂടി മറുപടി പറയണം. സ്വയം രക്ഷിക്കാനും താന്‍ പിടിക്കപ്പെടുമോ എന്ന ഭയക്കാനും അവള്‍ക്ക് സുബോധമുണ്ടെങ്കില്‍ താന്‍ പ്രസവിച്ച കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ മാത്രം  അവള്‍ക്ക് കഴിയാതെ പോയതെന്ത്? പെട്ടെന്നൊരു ദേഷ്യത്തിന് ഒരൊറ്റദിവസം മാത്രം സംഭവിച്ചവയല്ല അവയെല്ലാം എന്നറിയുമ്പോഴാണ്് ആ മൗനം വിചാരണ ചെയ്യപ്പെടേണ്ടതും യഥാര്‍ത്ഥ കാരണം പുറത്തുവരേണ്ടതും. അതും നാലുവയസുകാരന്‍ പോലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടും. ഒരു സ്ത്രീക്ക് തന്റെ മക്കളുടെ  മനസ്സിനും ശരീരത്തിനും കാവല്‍ നില്ക്കാന്‍ കഴിയാതെ പോകുന്നത് എത്ര മേല്‍ ഭീകരമാണ്.  ആണൊരുവനോടുളള പ്രേമമോ ഭീതിയോ ആണോ അതോ സ്വന്തം മക്കളുടെ ജീവനോ ഒരു  അമ്മയ്ക്ക് വലുത്? മകന്റെ ജീവന്‍ രക്ഷിക്കുവാന്‍ ഒരു തിടുക്കവും ആ സ്ത്രീ കാട്ടാതെ പോയതും തന്റെ സുഹൃത്തിന്റെ  പീഡനങ്ങളില്‍ നിന്ന്  തന്റെ മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് കഴിയാതെ പോയതും അവളൊരിക്കലും നാസികളുടെയോ ഐഎസിന്റെ തടവില്‍ കഴിയുമ്പോഴായിരുന്നില്ല എന്നോര്‍ക്കണം. വിദ്യാഭ്യാസവും വിവരവുമുള്ള ഒരു  സ്ത്രീ സഞ്ചാരസ്വാതന്ത്ര്യവും സ്വാധീനവുമുള്ള ഒരു സ്ത്രീ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല? അമ്മേ നീ കൈവിട്ടാല്‍ ഈ ലോകത്ത് ആരാണ് ഒരു കുഞ്ഞിന് അഭയമായിട്ടുള്ളത്?  അമ്മേ നിനക്ക് തെറ്റിയാല്‍  ഈ ലോകത്തിന് മുഴുവനുമാണ് തെറ്റുന്നത്. 
 
ആരോ എഴുതിയതുപോലെ ആ നാലുവയസുകാരനെയോര്‍ത്താണ് എനിക്ക് സങ്കടം. ഈ ലോകത്തില്‍ അവന്‍ ആരെ വിശ്വസിക്കും. അവന്റെ കാഴ്ചയുടെയും അറിവിന്റെയും മുറിവുകളെ ആര്‍ക്കാണ് ഉണക്കാനാവുക? ദൈവമേ, ആ പാവം കുരുന്നിന്റെ മനസ്സിലെ ഭാരങ്ങള്‍ ആര്‍ക്കാണ് തിട്ടപ്പെടുത്താനാവുക? ഭാര്യയുമായുള്ള കശപിശകള്‍ക്കിടയില്‍ ഇരുവരുടെയുംസ്വരം ഉയരുമ്പോള്‍ അമ്പരപ്പുകലര്‍ന്ന കണ്ണുകളോടെ ഞങ്ങളെ മാറിമാറിനോക്കുന്ന ഇളയമകന്റെ മുഖമാണ് ഇപ്പോള്‍ ഓര്‍മ്മയില്‍വരുന്നത്. വീടിന്റെ പൊതുതാളത്തിന് എപ്പോഴെങ്കിലും ക്രമഭംഗം സംഭവിക്കുമ്പോള്‍ അത് മറ്റാരെക്കാളും ബാധിക്കുന്നത്  ഈ ഇളം കുരുന്നുകളെയാണ്.

ഇടുക്കിയിലെ ഷെഫീക്ക്, കോഴിക്കോട്ടെ അദിതി, തൊടുപുഴയിലെ ഇനിയും പേരു പ്രസിദ്ധപ്പെടാത്ത ഏഴുവയസുകാരന്‍… കുരുന്നുകളോടുള്ള ക്രൂരതകള്‍ എന്നെങ്കിലും അവസാനിക്കുമോ? കുഞ്ഞുങ്ങളുടെ സന്തോഷം നഷ്ടപ്പെടുത്താന്‍ ലോകത്ത്  ഒരാള്‍ക്കും ഇടവരാതിരിക്കട്ടെ. മനുഷ്യവംശത്തിന്റെ നിലനില്പ് തന്നെ ഈ കുഞ്ഞുങ്ങളിലാണല്ലോ?

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....
error: Content is protected !!