പച്ചപ്പും പുഴയും മലയും നിറഞ്ഞ ഒരു കുട്ടിക്കാലം പഴയതലമുറയ്ക്കുണ്ടായിരുന്നു. അവരൊക്കെ മണ്ണിലും പുല്ലിലും ചവിട്ടിയാണ് ജീവിച്ചിരുന്നത്.
പക്ഷേ കാലം മാറിയപ്പോള്‍, സാഹചര്യത്തിന് അനുസരിച്ച് ജീവിതരീതിയില്‍ മാറ്റം വന്നു. നഗരങ്ങള്‍ ഉടലെടുക്കുകയും ഫഌറ്റ് സംസ്കാരം രൂപപ്പെടുകയും ചെയ്തപ്പോള്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പ്രകൃതി അന്യമായി, പച്ചപ്പ് നഷ്ടമായി. അത് അവരുടെ വ്യക്തിപരമായ നഷ്ടം കൂടിയാണെന്നാണ് പില്ക്കാലത്ത് ചില പഠനങ്ങളും തെളിയിച്ചു.
ഫ്രണ്ടിയേഴ്സ് ഇന്‍ സൈക്കോളജി എന്ന അമേരിക്കന്‍ ജേര്‍ണലില്‍ അടുത്തയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നത് കുട്ടികളെ പ്രകൃതിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അനുവദിക്കണമെന്നും അത് അവരുടെ വ്യക്തിജീവിതത്തിലും സ്വഭാവത്തിലും ഏറെ മാറ്റങ്ങള്‍ വരുത്തുമെന്നുമാണ്. പ്രകൃതിയോട് ഇടപെടുകയും പ്രകൃതിയെ ആസ്വദിക്കുകയും ചെയ്യുമ്പോള്‍ കുട്ടികളിലെ പഠിക്കാനുള്ള കഴിവു വര്‍ദ്ധിക്കുന്നുമുണ്ട്.
മറ്റ് ചില ഗുണങ്ങള്‍ ഇവയാണ്.
ശ്രദ്ധിക്കാനുള്ള കഴിവ് കൂടുതല്‍ കിട്ടുന്നു, സ്ട്രെസില്‍ നിന്ന് മുക്തമാകുന്നു, ആത്മനിയന്ത്രണം കൂടുതലാകുന്നു,കായികക്ഷമത വര്‍ദ്ധിക്കുന്നു, സെല്‍ഫ് മോട്ടിവേഷന്‍ ലഭിക്കുന്നു.
പ്രകൃതിയെ കുറെക്കൂടി ഗൗരവത്തോടെ കാണേണ്ട സമയമാണിത്. ലേഖനകര്‍ത്താവായ മിങ് കുവോ പറയുന്നു.
പുറത്തേക്ക് വിടാതെ അടച്ചുപൂട്ടി പഠിപ്പിക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത്. അതുകൊണ്ട് ക്ലാസ്മുറികളില്‍ നിന്നും ഫഌറ്റ് സംസ്കാരത്തില്‍ നിന്നും കുട്ടികളെ കഴിയുന്നിടത്തോളമെങ്കിലും പുറത്തുകൊണ്ടുപോകാനും പ്രകൃതിയുമായി സമ്പര്‍ക്കം ഉണ്ടാക്കാനും മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്
.പ്രകൃതിയോളം വലിയൊരു പാഠപുസ്തകം വേറെയൊന്നും ഇല്ലല്ലോ?