ആൺ മേൽക്കോയ്മയുടെ കോട്ടകൊത്തളങ്ങളെയും അധികാരപ്രമത്തതയുടെ രാജകൊട്ടാരങ്ങളെയും ഉള്ളിലെ നന്മ കൊണ്ടും സത്യം കൊണ്ടും വെല്ലുവിളിച്ച ഒരു ശബ്ദം അടുത്തയിടെ ഉയർന്നുകേട്ടിരുന്നു. ഡോ . രേണുരാജ് എന്ന സബ് കലക്ടറുടെ ശബ്ദം.
കൊടിയുടെ നിറമോ രാഷ്ട്രീയത്തിന്റെ കക്ഷിപിടിക്കലുകളോ ഇല്ലാതെ സത്യത്തിന് വേണ്ടി നിലകൊള്ളാനും ശബ്ദിക്കാനുമുള്ള പ്രചോദനമാണ് ഡോ. രേണുരാജ് അതിലൂടെ ഉണർത്തിവിട്ടത്. അധികാരികളിലും ഭരണവ്യവസ്ഥയിലുമൊക്കെ സംശയം തോന്നുകയും എല്ലാവരും അഴിമതിക്കാരും അനീതിപ്രവർത്തിക്കുന്നവരുമാണെന്ന് സ്വയം വിശ്വസിക്കുകയും ചെയ്തിരുന്നവർക്കെല്ലാം ഭരണകൂടത്തിലും ഉദ്യോഗസ്ഥരിലുമെല്ലാം വിശ്വാസം തോന്നിക്കാനും പ്രസ്തുത സംഭവവും ഡോ. രേണുരാജും ഇടയാക്കുകയും ചെയ്തു. ഏതെങ്കിലും മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നുവെങ്കിൽ കുറെക്കൂടി സ്വസ്ഥത നേടുകയും സാമ്പത്തികം കൈവരിക്കുകയും ചെയ്യാമായിരുന്നിട്ടും അതെല്ലാം വേണ്ടെന്ന് വച്ച് ജനസേവനത്തിനായി ഇറങ്ങിത്തിരിച്ചത് വെറുതെയായില്ലെന്ന് ഈ സബ് കളക്ടർ തെളിയിച്ചു. ന്യായമായ ഒരു കാര്യത്തിന് വേണ്ടി എന്നെ കാണാൻ വരുന്നവർക്ക് രണ്ടാമതൊരിക്കൽ കൂടി അതേ ആവശ്യത്തിനായി വരേണ്ടിവരില്ലെന്ന ഈ സബ് കലക്ടറുടെ വാക്കുകൾക്ക് എത്രയോ തിളക്കമുണ്ട്.
ഇങ്ങനെയായിരിക്കണം ഭരണാധികാരികൾ… ഇങ്ങനെയായിരിക്കണം ഉദ്യോഗസ്ഥർ.
ഇത്തരം ചെറുപ്പക്കാരായ അധികാരികളിൽ നമുക്കേറെ പ്രതീക്ഷിക്കാനുണ്ട്. അതെ, വെളിച്ചം അണഞ്ഞുപോയ ഭൂമിയൊന്നുമല്ലിത്. ഏത് ഇരുട്ടിലും ചില മിന്നാമിനുങ്ങുകൾ; അനുപമയായും ചൈത്ര തെരേസയായും രേണുരാജാ യും ഇതിലെ പാറിപ്പറക്കുന്നുണ്ട്. നിങ്ങളിലെ വെളിച്ചം ഇരുളാകാതിരിക്കാൻ നിങ്ങളും ശ്രദ്ധിക്കണേ. ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ട്. ഡോ. രേണുരാജിന് ബിഗ് സല്യൂട്ട്.