രണ്ടു സുഹൃത്തുക്കള്‍ തമ്മിലോ അല്ലെങ്കില്‍ അച്ഛനും മകനും തമ്മിലോ അമ്മയും മകളും തമ്മിലോ ഒക്കെ വാഗ്വാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും സ്വഭാവികമാണ്. വിപരീത ആശയങ്ങളോടുള്ള ചേര്‍ച്ചക്കുറവോ വ്യത്യസ്തമായ മാനസികാവസ്ഥയോ എല്ലാം ചേര്‍ന്നായിരിക്കും രണ്ടുപേരെ തമ്മില്‍ പലപ്പോഴും ശണ്ഠ കൂടാന്‍ പ്രേരിപ്പിക്കുന്നത്.
ഇതില്‍ ചിലപ്പോള്‍ രണ്ടുപേരും ഒപ്പത്തിനൊപ്പം ശബ്ദമുയര്‍ത്തിയേക്കാം. മറ്റേയാള്‍ അതീവക്ഷമാശീലമുള്ള ആളാണെങ്കില്‍ അയാള്‍ ചിലപ്പോള്‍ അത്യധികം ശബ്ദമുയര്‍ത്തുകയുമില്ലായിരിക്കും. ആര് ആരെ തോല്പിക്കുന്നു. ആര് ജയിക്കണം എന്നെല്ലാം വാശി കൂടിയ സമയമാണ് വാഗ്വാദത്തിന്റേത്.
ഒടുവില്‍ അത് എങ്ങനെയും അവസാനിച്ചു എന്നിരിക്കട്ടെ. അതിന് ശേഷമാണ് ട്വിസ്റ്റ്. രംഗം തണുക്കുമ്പോള്‍, കോപം കെട്ടടങ്ങുമ്പോള്‍ അമിതമായി കണ്ഠക്ഷോഭം നടത്തിയ ആള്‍ ചിലപ്പോള്‍ മനസ്സില്‍ നന്മയുള്ള വ്യക്തിയാണെങ്കില്‍ അയാള്‍ സംഭവങ്ങളെ ഒന്ന് അപഗ്രഥിക്കാന്‍ ശ്രമിക്കും. പറഞ്ഞുപോയത് ഇത്തിരി കൂടിപോയില്ലേ എന്ന് ആത്മശോധന നടത്തും. അത്രയും വേണ്ടിയിരുന്നില്ല എന്ന് മനസ്സ് പിറുപിറുക്കും. ഒടുവില്‍ ചെന്ന് മറ്റേയാളോട് ക്ഷമ ചോദിച്ചെന്നുമിരിക്കും.
അപ്പോള്‍ പറയുന്ന സ്വയം വിശദീകരണമാണ് രസകരം.
എനിക്ക് ദേഷ്യം വന്നിട്ടല്ലേ ഞാന്‍ അങ്ങനെയൊക്കെ പറഞ്ഞത്?
ഞാനുള്‍പ്പടെ ഇത് വായിക്കുന്ന പലരും ജീവിതത്തില്‍ ഒരിക്കലെങ്കിലും മറ്റേയാളോട് പറഞ്ഞിട്ടുള്ള ഒന്നായിരിക്കാം ഇത്. എനിക്ക് ദേഷ്യം വന്നിട്ടല്ലേ ഞാന്‍ അങ്ങനെയൊക്കെ പറഞ്ഞത്? സത്യത്തില്‍ ഇത് ഒരു രക്ഷപെടലാണ്.. ആത്മവഞ്ചനയാണ്. അല്ലെങ്കില്‍ ഒന്ന് ആലോചിച്ചുനോക്കൂ
നാം ദേഷ്യത്തോടെ പറഞ്ഞവയൊക്കെ ആ നിമിഷം നാം പറഞ്ഞുപോയതാണോ? ഒരിക്കലുമല്ല എന്നാണ് എന്റെ അനുഭവം. മറ്റേയാളോടുള്ള നമ്മുടെ വിപ്രതിപത്തി,.വിയോജിപ്പുകള്‍ അയാള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍,അയാളുടെ കുറവുകള്‍, എല്ലാം അതിനും മുമ്പേ നമ്മുടെ മനസ്സില്‍ കയറിക്കൂടിയിട്ടുണ്ടായിരുന്നു. നാം എന്തൊക്കെ പറഞ്ഞ് അയാളെ തോല്പിക്കാന്‍ ശ്രമിച്ചുവോ അയാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചുവോ അതെല്ലാം അതിനുമുമ്പേ നാം ഉള്ളില്‍ കോപ്പുകൂട്ടിവച്ച ആയുധങ്ങളായിരുന്നു. അനുകൂലസമയത്ത് പ്രയോഗിക്കാന്‍ വേണ്ടി കരുതിവച്ച, ഓര്‍ത്തുവച്ചവ..
അല്ലെങ്കില്‍ എങ്ങനെയാണ് പണ്ടെന്നോ നടന്നവ പോലും പെട്ടെന്നൊരു നിമിഷം നാം എതിരാളിയെ തോല്പിക്കാനായി പ്രയോഗിക്കുന്നത്? ഓരോ ദേഷ്യപ്പെടലിന് പിന്നിലും പൊട്ടിത്തെറിക്കലിന് പിന്നിലും ഓരോ കുറ്റാരോപണങ്ങള്‍ക്ക് പിന്നിലും ഒരു കാരണമുണ്ട്. നാം ആ വ്യക്തിയെ മനസ്സില്‍ ഇത്രയും കാലം വിലയിരുത്തി അയാള്‍ക്കൊരു മാര്‍ക്കിടുകയായിരുന്നു. അയാളോട് അത്തരംചിലകാര്യങ്ങളില്‍ നമ്മുക്ക് യോജി്ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അയാള്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ ചെയ്ത പ്രവൃത്തി നമ്മുടെ ഉള്ളില്‍ ആഴത്തില്‍ മുറിവുണ്ടാക്കിയിരുന്നു.
ആ മുറിവില്‍ നിന്ന്, പ്രതികാരത്തില്‍ നിന്ന്, വെറുപ്പില്‍ നിന്ന്, സ്‌നേഹരാഹിത്യത്തില്‍ നിന്നാണ് നാം ഇന്നേരമത്രയും സംസാരിച്ചത്. നിറയെ വെള്ളമുള്ള കിണറ്റില്‍ നിന്ന് കോരിയെടുക്കുന്നതുപോലെയായിരുന്നു അത്. വറ്റിവരണ്ട കിണറ്റില്‍ നിന്ന് വെള്ളം കോരിയെടുക്കാനാവില്ല. നിറയെ വെള്ളമുള്ളതോ അല്ലെങ്കില്‍ തൊട്ടിയില്‍ കോരിയെടുക്കാന്‍ കഴിയത്തക്കവിധമുള്ളതോ ആയ കിണറ്റില്‍ നിന്നുമേ വെള്ളം കോരിയെടുക്കാനാവൂ. ഇതുപോലെയാണ് നാം ദേഷ്യത്തില്‍ മറ്റൊരാള്‍ക്ക് നേരെ വലിച്ചുതുപ്പുന്ന പരുഷവാക്കുകള്‍. അവ നമ്മുടെ ഉള്ളിലുണ്ടായിരുന്നു..
ചിന്തകളും വിചാരങ്ങളുമാണ് പ്രവൃത്തിയിലേക്ക് നയിക്കപ്പെടുന്നത് എന്ന പരമ്പരാഗതമായ ആ വിശ്വാസം തന്നെയാണ് ഇവിടെയും നിവര്‍ത്തിക്കപ്പെടുന്നത്. ഒരാളോട് ഉള്ളിലുള്ള സ്‌നേഹം തുറന്നുപറയാന്‍ ചിലപ്പോള്‍ നമുക്ക് കഴിയണമെന്നില്ല. എന്നാല്‍ അയാളോടുള്ള വെറുപ്പും വിദ്വേഷവും തുറന്നുപറയാന്‍ നമുക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെ എളുപ്പം കഴിയുന്നു. ദേഷ്യം വന്നതുകൊണ്ട് എന്ന പേരില്‍ നമുക്ക് അതില്‍ നിന്ന് ഒഴിവാകാനാവില്ല. നാം അങ്ങനെ നീതികരിക്കപ്പെടുന്നുമില്ല. ചില ബന്ധങ്ങളൊക്കെ ഒരിക്കലും കൂട്ടിയോജിപ്പിക്കാന്‍ കഴിയാത്തവിധം അകന്നുപോയതിന് പിന്നില്‍ വിശ്വാസവഞ്ചനയോ ക്രൂരമായ ശാരീരികപീഡനമോ ഒന്നുമല്ല വാക്കുകളുടെ രൂക്ഷപ്രയോഗം മാത്രമായിരുന്നു.
ഒരാളെ നാം കായികമായി ശിക്ഷിക്കുമ്പോള്‍ അത് ശരീരത്തിലാണ് കൂടുതല്‍ പതിയുന്നത്. അതിന്റെ മുറിവ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മാഞ്ഞുപോയേക്കാം. പക്ഷേ ഹൃദയത്തില്‍ നിന്ന് കടിച്ചുതുപ്പുന്ന പരുഷവാക്കുകള്‍ കാരമുള്ളുപോലെ മറ്റൊരാളുടെ ഹൃദയത്തിലേക്കാണ് വന്നുകൊളളുന്നത്. ഊരിയെടുത്താലും അതിന്റെ പാടുകള്‍ അവശേഷിക്കും. ആ മുറിവുകളില്‍ നിന്ന് ചോര കിനിയും. ചോര നിലച്ചാലും രക്തക്കറ മാഞ്ഞുപോവുകയില്ല.
ഒരാളെ വളര്‍ത്താനുള്ള വാക്കുകളാണ് നാം പ്രയോഗിക്കേണ്ടത്..ഒരാളെ നാം വാക്കുകള്‍ കൊണ്ട് തകര്‍ക്കുകയും തളര്‍ത്തുകയും ചെയ്യുമ്പോള്‍ അതിന് മറുവശത്ത് നാമും തളര്‍ന്നുവീഴുന്നുണ്ട്. അക്കാര്യം മറക്കരുത്. പരാജയപ്പെട്ടുപോകുന്നതും പിന്നീട് മുഖത്തുനോക്കാന്‍ കഴിയാതെ വരുന്നതും തീ തുപ്പിയവര്‍ക്ക തന്നെയായിരിക്കും.
സൗമ്യതയുടെ ഭാഷ പഠിക്കാനാണ് നാം ശീലിക്കേണ്ടതും. ജീവിതത്തിന്റെ ഇരുണ്ട നിമിഷങ്ങളില്‍ മറ്റുള്ളവര്‍ക്ക് നേരെ ഞാന്‍ കടിച്ചുതുപ്പിയ വാക്കുകളുടെ തീവ്രരൂക്ഷത എന്നെ ഇപ്പോള്‍ പൊള്ളിക്കുന്നുണ്ട്. മാപ്പ് എന്നല്ലാതെ മറ്റെന്ത് പറയാന്‍.
വിനായക് നിര്‍മ്മല്‍