ഇതു വായിക്കുന്ന എത്രപേരുടെ കുടുംബങ്ങളിൽ വൃദ്ധരായ മാതാപിതാക്കളുണ്ടാകും എന്ന് വെറുതെ ആലോചിച്ചുപോകുന്നു. ആ മാതാപിതാക്കളിൽ എത്രപേർ മക്കളുടെ സ്നേഹവും പരിഗണനയും സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നുണ്ടാവും? വളരെ കുറച്ചു എന്നായിരിക്കാം രണ്ടിനുമുള്ള ഉത്തരം. കാരണം നമ്മുടെ കുടുംബസങ്കല്പങ്ങൾ മാറിയിരിക്കുന്നു.
കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബവ്യവസ്ഥയിലേക്ക് നാം കൂട്ടുപിരിഞ്ഞപ്പോൾ നമ്മൾ വേണ്ടെന്ന് വച്ചത് വൃദ്ധരായ മാതാപിതാക്കളെയാണ്. അല്ലെങ്കിൽ സ്വത്തുഭാഗം വച്ചപ്പോൾ പങ്കിട്ടത് അവരെക്കൂടിയാണ്. ഏതെങ്കിലും ഒരാൾക്ക് മാത്രം കിട്ടിയ, അയാൾ ആഗ്രഹിക്കാത്ത സമ്പത്ത് എന്നു കൂടി വേണമെങ്കിൽ പറയാം. കാരണം വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നത് അത്രയെളുപ്പമുള്ള കാര്യമൊന്നുമല്ല. തറവാട് വീതം വയ്ക്കുമ്പോൾ തറവാട്ഭാഗം കൈപ്പറ്റിയ ആൾക്കോ അല്ലെങ്കിൽ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാം എന്ന് എഴുതിവച്ചിട്ടുള്ള ആൾക്കോ മാത്രമുള്ളതാകുന്നു വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം. അയാളാവട്ടെ അത് അത്രമേൽ സന്തോഷത്തോടും സ്നേഹത്തോടും കൂടിയാണ് ഏറ്റെടുക്കുന്നതെന്ന് പറയാനും കഴിയില്ല. വൃദ്ധരായ മാതാപിതാക്കളെ ഇങ്ങനെ ഏതെങ്കിലും ഒരാൾക്ക് കെട്ടിവച്ച് പോകുമ്പോൾ ബാക്കിയുള്ളവർക്ക് തോന്നുന്ന ആശ്വാസമുണ്ടല്ലോ അത് നിർവചിക്കാനാവാത്തതുതന്നെ. സ്വത്തിൽ അല്പം കുറവു വന്നിട്ടുണ്ടെങ്കിലെന്താ, വലിയൊരു ഭാരം ചുമക്കേണ്ടതില്ലല്ലോ എന്നാണ് അവരുടെ മനസ്സിലിരിപ്പ്.
അടക്കിനിർത്തിയ ആ സന്തോഷത്തോടെ മക്കളുടെ കൈയ്ക്കും പിടിച്ചുള്ള ആ പോക്ക് ഒന്ന് കാണേണ്ടതുതന്നെ. പക്ഷേ അവരപ്പോഴൊന്നും ഓർക്കുന്നില്ല, നാളെ അല്ലെങ്കിൽ മറ്റന്നാൾ തങ്ങൾക്കും ഇതായിരിക്കും ഗതിയെന്ന്. മക്കൾക്കുവേണ്ടി പെടാപ്പാട് പെടുന്നു എന്ന് അവകാശപ്പെടുകയും നെട്ടോട്ടമോടുകയും ചെയ്യുന്ന നമ്മൾ, നമുക്ക് വേണ്ടി ഓടിത്തീർത്ത അപ്പന്റെ കാലുകളെയും നമ്മളെ ചുമന്ന അമ്മയുടെ ചുമലുകളെയും എന്തുകൊണ്ടാണ് മറന്നുപോകുന്നത്? പിഞ്ചുമക്കളുടെ രോഗങ്ങളുടെയും മറ്റും രാത്രികളിൽ എത്ര ഉറക്കമിളച്ചിരുന്നും ശുശ്രൂഷിക്കാൻ ചെറുപ്പക്കാരായ മാതാപിതാക്കളെന്ന നിലയിൽ നമുക്ക് ഒട്ടും മടിയില്ല. പക്ഷേ വൃദ്ധയായ അമ്മ രാത്രിയിൽ രോഗബാധിതയായി അസ്വസ്ഥത പ്രകടിപ്പിക്കുമ്പോൾ അത് നമുക്കൊരു ശല്യമായി തോന്നുന്നു. ഉറക്കം പോയതിലുള്ള ഈർഷ്യയോടെ നാം പിറുപിറുക്കുന്നു. പിഞ്ചുമക്കളുടെ മലമൂത്രാദികൾ നെറ്റി ചുളിക്കാതെ നാം ഗ്ലൗസുകളുടെയൊന്നും സഹായം കൂടാതെ കൈകാര്യം ചെയ്യുന്നു. ശയ്യാവലംബിയായ അച്ഛന്റെ വിസർജ്യം എടുത്തുമാറ്റുമ്പോൾ ഓക്കാനവും ഛർദ്ദിയും വരുന്നു. മക്കൾ അവരുടെ നാവിന് രുചി തോന്നുന്ന ആഹാരപദാർത്ഥങ്ങൾ പറയുമ്പോൾ അടുക്കളയിൽ പാതിരാവരെ അതുണ്ടാക്കാൻ അമ്മയ്ക്കോ അല്ലെങ്കിൽ മക്കളുടെ ഇഷ്ടപലഹാരത്തിന് വേണ്ടി എത്ര ദൂരം വരെ പോകാൻ അച്ഛനോ മടിയില്ല. പക്ഷേ വൃദ്ധരായ മാതാപിതാക്കൾ അവരുടെ വായ്ക്കു രുചിയോടെ കഴിക്കാനുള്ള എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ വീട്ടിലുണ്ടാക്കുന്നത് കഴിച്ചാൽ മതിയെന്ന് ശാഠ്യക്കാരാകുന്നു നാം.
എന്തൊരു വൈരുദ്ധ്യമാണിത്. നമുക്കൊരു കുട്ടിക്കാലമുണ്ടായിരുന്നുവെന്നും നമുക്കും രോഗകാലമുണ്ടായിരുന്നുവെന്നും എത്രവേഗം മറന്നുപോകുന്നു നാം. വൃദ്ധരായ മാതാപിതാക്കൾ എത്രയും പെട്ടെന്ന് മരിച്ചുപോകണമെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന മക്കൾ പോലുമുണ്ട്. പല വൃദ്ധരും ആയുസെത്തും മുമ്പ് മരിച്ചുപോകുന്നത് അവർ നേരിടുന്ന തിരസ്ക്കരണങ്ങളുടെയും അവഗണനയുടെയും ഫലമായിട്ടുകൂടിയാണ്. എങ്ങനെയെങ്കിലും ഒന്നു തീർന്നുകിട്ടിയാൽ മതിയായിരുന്നുവെന്ന് ഒരിക്കലെങ്കിലും കരുതാത്ത, സങ്കടപ്പെടാത്ത എത്ര വൃദ്ധരുണ്ടാവും ഈ ഉലകിൽ? സംശയമുണ്ട്. എഴുപതിലും എൺപതിലും ഒക്കെ ആത്മഹത്യ ചെയ്യുന്ന വൃദ്ധരുടെ അരങ്ങൊഴിയലിനു പിന്നിലുള്ളതും ഇതൊക്കെ തന്നെയാകും. തങ്ങൾ ഭാരമാണെന്ന ചിന്ത..മക്കൾക്ക് തങ്ങൾ വേണ്ടെന്ന് തിരിച്ചറിവ്.. ജീവിച്ചിരിക്കുന്നതിലെ അർത്ഥശൂന്യത, പോരാഞ്ഞ് രോഗങ്ങളും വല്ലായ്മകളും.
ഭൂരിപക്ഷം മാതാപിതാക്കളും വാർദ്ധക്യത്തിൽ അവഗണിക്കപ്പെടുന്നതിന് കാരണം മക്കളെക്കാൾ കൂടുതൽ മരുമക്കളുടെ ഇടപെടലാണ്. ‘ബ്രിഡ്ജ്’ എന്ന സിനിമയിൽ സലീം കുമാറിന്റെ മകൻകഥാപാത്രം ശാന്താദേവിയുടെ അമ്മകഥാപാത്രത്തെ പൂച്ചക്കൊപ്പം വഴിവക്കിലുപേക്ഷിക്കുന്നത് അയാൾക്ക് അമ്മയെ സ്നേഹമില്ലാഞ്ഞിട്ടായിരുന്നോ ഒരിക്കലുമല്ല. ഭാര്യയുടെ ശല്യം… വഴക്ക്… അമ്മയെ ബാൽക്കണിയുടെ മുകളിൽ നിന്ന് തള്ളിയിട്ടുകൊന്ന ഒരു പ്രഫസറെക്കുറിച്ച് മാസങ്ങൾക്ക് മുമ്പ് വായിച്ചതും ഓർക്കുന്നു. അയാളെ അതിന് പ്രേരിപ്പിച്ചതും ഒരുപക്ഷേ തന്റെ ഭാര്യയായിക്കൂടായ്കയില്ല. ചില സാധ്യതകളെയും ചില അനുഭവങ്ങളെയും വെളിച്ചത്തിലുള്ള നിഗമനമാണിത്. ഭർത്താവിന്റെ അമ്മയെയും അച്ഛനെയും പരിഗണിക്കാതെയാണ് നീ നിന്റെ മക്കളെ നെഞ്ചോട് ചേർത്തുപിടിക്കുന്നതും സ്നേഹിക്കുന്നതും. ആ മക്കൾക്ക് എന്തു മാതൃകയാണ് നീ കാണിച്ചുകൊടുക്കുന്നത്. നിന്റെ പെരുമാറ്റത്തിലൂടെ നിന്റെ മക്കൾ കണ്ടുപഠിക്കുന്നത് എന്താണ്? മക്കൾക്ക് നല്ല മാതൃക കാണിച്ചുകൊടുക്കുക.
വൃദ്ധരായ മാതാപിതാക്കളെ പരിഗണിക്കുകയും സനേഹിക്കുകയും ചെയ്യുന്ന മാതാപിതാക്കളാണ് നിങ്ങളെങ്കിൽ നിങ്ങൾ കാണിച്ച മാതൃകയിലൂടെ നിങ്ങളുടെ മക്കളും അതുതന്നെ പഠിക്കും. അതല്ല വൃദ്ധരോട് കലിതുള്ളുകയും ഇറക്കിവിടുകയും ചെയ്യുന്ന മാതൃകയാണ് നീ നല്കുന്നതെങ്കിൽ കണ്ടുവളരുന്ന മക്കൾ നാളെ നിനക്ക് കൈമാറാൻ പോകുന്നതും മറ്റൊന്നായിരിക്കില്ല. നീ വിതച്ചതേ നിനക്ക് കൊയ്യാൻ കഴിയൂ എന്ന് നീ ഓർമ്മിക്കാത്തതെന്ത്? വളർന്നുവരുന്ന മക്കളിൽ പലരുടെയും കുടുംബത്തെക്കുറിച്ചുള്ള ചിന്ത രൂപപ്പെട്ടിരിക്കുന്നത് അച്ഛൻ, അമ്മ ഒന്നോ രണ്ടോ മക്കൾ എന്ന് മാത്രമാണ്. അതിനപ്പുറം ഒരു കുടുംബസങ്കല്പം അവർക്ക് ചിന്തിക്കാൻ കഴിയുന്നില്ല. കാരണം അവർ കണ്ടുവളരുന്നത് അത്തരത്തിലുള്ള കുടുംബചിത്രീകരണമാണ്. മുത്തശ്ശന്മാരോടും മുത്തശ്ശിമാരോടുമുള്ള സ്നേഹം പഴങ്കഥകളിലും സിനിമകളിലും മാത്രമേയുള്ളൂ ഇപ്പോൾ. മൊബൈൽ ഗെയിമും കമ്പ്യൂട്ടറും ടിവിയുമെല്ലാം ആധിപത്യം പുലർത്തുന്ന ഇക്കാലത്ത് കഥയ്ക്കോ കവിതയ്ക്കോ വേണ്ടി അവർക്കൊരു മുത്തച്ഛന്റെയും ആവശ്യമില്ല. ഉപദേശവും നൽവഴിയുമാണെങ്കിൽ അതവർക്ക് വേണ്ട താനും. മാതാപിതാക്കളുടെ സ്വഭാവം അത്ര നല്ലതല്ല എന്നാണ് അവരെ അവഗണിക്കുന്നതിന് ഒട്ടുമിക്ക മരുമക്കളും പറയുന്ന ന്യായീകരണം. ശരിയായിരിക്കാം. അവരുടെ സ്വഭാവം തീർത്തും നല്ലതായിരിക്കില്ല. പക്ഷേ അവരുടെ സ്വഭാവത്തോട് നീയും ചേർന്നുനില്ക്കുകയാണെങ്കിൽ അവരും നീയും തമ്മിൽ എന്താണ് വ്യത്യാസം?
മക്കളുടെ സ്നേഹവും പരിചരണവുമാണ് വൃദ്ധമാതാപിതാക്കളുടെ സമ്പത്ത്. അതുതന്നെയാണ് അവരുടെ ആരോഗ്യവും. പക്ഷേ അവർക്ക് അത് അത്രയധികമായിട്ടൊന്നും കിട്ടാറില്ല മാതാപിതാക്കളെ സ്നേഹിക്കാനും പരിചരിക്കാനും പരിഗണിക്കാനും ഓരോ മക്കൾക്കും അവകാശമുണ്ട്. അതവരുടെ വിളിയാണ്. ആ വിളിയോട് കാണിക്കുന്ന വിശ്വസ്തതയാണ് അവരുടെ ഭാവിജീവിതത്തിന്റെ പ്രത്യാശയും വളർച്ചയും. മാതാപിതാക്കളുടെ കണ്ണീരു വീണ ഒരു കുടുംബവും ഒരുകാലത്തും രക്ഷപ്പെട്ടിട്ടില്ല എന്ന് നാം അറിയണം. മാതാപിതാക്കളുടെ അനുഗ്രഹം ലഭിച്ച കുടുംബം ഏതു പ്രതിസന്ധിയിലും തളിർ ചൂടാതെ പോയിട്ടില്ലെന്നും.