”എന്നിട്ട്..?”
”എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു…”
രാജകുമാരിക്ക് രാജകുമാരനെ കിട്ടി…
കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ അടുത്തെത്താൻ പറ്റി…
വിശന്നുറങ്ങിയ കുഞ്ഞിന് ദേവത, ഒരിക്കലും ഉണ്ട് തീരാത്ത പാത്രം നൽകി…
ചെന്നായ ഇളിഭ്യനായി ഓടിപ്പോയി…
അവർക്ക് അവരുടെ നായകുട്ടിയെ തിരിച്ചുകിട്ടി….
കഥ കഴിഞ്ഞു. കേട്ടവരും പറഞ്ഞവരും അവരവരുടെ തിരക്കുകളിലേയ്ക്ക് പോയി.
കഥാകാരൻ മാത്രം പക്ഷേ, ആ ഇരുട്ടിൽ തന്നെ നിന്നു. ഒറ്റയ്ക്ക്!
പഴയ വിളക്കുകാലുകളെ അനുസ്മരിപ്പിച്ച്, ലോകത്തിന് മുഴുവൻ വെളിച്ചം നൽകുമ്പോഴും, ഇരുട്ടിൽ അങ്ങനെ ഒറ്റയ്ക്ക്.
സെബാസ്റ്റ്യൻ പള്ളിത്തോടിന്റെ ആത്മകഥാ കുറിപ്പുകളിൽ (തോരാതെ പെയ്യുന്ന മഴയിൽ) ഒരു ക്രിസ്തുമസ് കാലമുണ്ട്. ദേശം മുഴുവൻ ക്രിസ്തുമസ് നക്ഷത്രങ്ങൾ വർണ്ണവിളക്കുകൾ പേറി ആകാശം തൊട്ട് നിൽക്കുന്ന സുന്ദര രാത്രികൾ. സെബാനും അമ്മയോട് വാശിപിടിക്കുന്നുണ്ട്, ‘അമ്മേ, എനിക്കും ഒരു നക്ഷത്രം’ അമ്മ ദേഷ്യപ്പെട്ടു ‘ചെക്കൻ, മനുഷേനേ ദേഷ്യം പിടിപ്പിക്കാൻ നിക്കാണ്ട് പോ ..: വറുതിയുടെയും കൊടുംപട്ടിണിയുടെയും അപമാനത്തിന്റെയും വസന്തകാലത്തിൽ ഒരു നക്ഷത്രം!
അവന്റെ തുടർച്ചയായ നിർബന്ധങ്ങൾക്ക് ഒടുവിൽ അമ്മ ചില്ലറ തുട്ടുകൾക്ക് വാങ്ങിയ വർണ്ണം മങ്ങിയ വർണ്ണ പേപ്പറുകൾ കൂട്ടിയൊട്ടിച്ച് മുളം കീറുകൾ ചീകിയൊതുക്കികെട്ടി ജീവിതത്തിലാദ്യമായൊരു നക്ഷത്രമുണ്ടാക്കി.
”ഹാ മനോഹര താരമെ!
വാനിലേകാകിയല്ല നീ.
ഇളകിയാടുന്ന ചെറുകാറ്റിൽ
ഞാനും നീയും നമ്മുടെ സ്വപനങ്ങളും”
മണ്ണെണ്ണ വിളക്കിൽ തെല്ലുയർന്നു നിൽക്കുന്ന നക്ഷത്രത്തെയും നോക്കിയാണ് അവർ പാതിരകുർബ്ബാനയ്ക്ക് പോകുന്നത്. അവിടെ നിൽക്കുമ്പോഴും അവന്റെ ഹൃദയം നക്ഷത്രത്തിനൊപ്പം കാറ്റിലുലഞ്ഞപ്പോൾ അവർ രണ്ടുപേരും വീട്ടിലേയ്ക്ക് തിരിച്ചു. വറവ് മണങ്ങളുടെ അങ്ങാടി താണ്ടി, ധനികന്റെ നക്ഷത്ര വിളക്കുകളുടെ പൊങ്ങച്ച വെളിച്ചങ്ങളും കടന്ന് പാടവരമ്പിലെയ്ക്ക് ഊർന്നിറങ്ങുമ്പോൾ. സ്വതേ ഇരുട്ടിലായ വീട് അകലെ നിന്ന് തന്നെ കണ്ടു.
”എവിടെ നമ്മുടെ നക്ഷത്രം അമ്മേ…”
അമ്മ നടത്തം വേഗത്തിലാക്കി. വീടിന്റെ മുറ്റത്ത്, പച്ച മുളംതണ്ടുകൾ മാത്രം അവശേഷിപ്പിച്ച് കരിഞ്ഞുകത്തികിടക്കുന്നു അവന്റെ അൽപസന്തോഷത്തിന്റെ കുഞ്ഞു താരകം. മഹാനായ ദാവീദിന്റെ അടയാള നക്ഷത്രം!
”ദൈവമേ… ന്റെ കുഞ്ഞിന്റെ നക്ഷത്രം…” അമ്മയുടെ നെടുവീർപ്പ് വിലാപമായി.
ദരിദ്രന്റെ നക്ഷത്ര വിളക്കുകൾ മാത്രം എറിഞ്ഞുടയ്ക്കുന്ന പരമകാരുണ്യത്തിനു സ്തുതി ചൊല്ലി അയാൾ പേന താഴെവയ്ക്കുമ്പോൾ പതിവ് പോലെ എഴുത്തുകാരൻ ഇരുട്ടിൽ തന്നെയാണ്. കത്തിക്കരിഞ്ഞുപോയ ആ നക്ഷത്രത്തിന്റെ അവശേഷിപ്പുകൾക്ക് മുന്നിൽ നിന്ന് വാർദ്ധക്യത്തിൽ പോലും അയാൾക്ക് മോചനമുണ്ടാകില്ല.
അകാലത്തിൽ, തന്നെ വിട്ട് ആത്മഹത്യയിൽ അഭയം തേടിയ സ്‌നേഹമയനായ അപ്പന്റെ മൃതശരീരം മകൻ ജീവിതത്തിലുടനീളം ഹൃദയത്തിൽ പേറി നടന്നു എന്ന് അമേരിക്കൻ സാഹിത്യശാഖ കുറിച്ചത് വിഖ്യാത പണ്ഡിതനും ആത്മാനുതാപ കാവ്യങ്ങളുടെ തമ്പുരാനുമെന്നു വിശേഷിപ്പിയ്ക്കപ്പെട്ട ജോൺ ബെറിമാനെ കുറിച്ചാണ്. മുറിവിന്റെ വേദന പിന്നീട് വടുവായി മാറിയാലും ഈ വർഗ്ഗത്തിന് മാത്രം വടുവിൽ തൊടുമ്പോഴെല്ലാം ചോര കിനിയാൻ തുടങ്ങും. തലവിധിയാണത്.
വെളിച്ചത്തെ കുറിച്ചെഴുതുമ്പോഴും തുടർച്ചയായി ഇരുട്ടിൽ നിൽക്കേണ്ടി വരുന്ന, കരൾ പിളരുന്ന വേദനയിലും പ്രത്യാശയുടെ താരത്തെ സ്വപ്‌നം കാണാൻ, ഇരുളിനെ വെളിച്ചമാക്കുന്ന എല്ലാ എഴുത്തുകാരെയും ഓർത്ത് കൊണ്ട് … നന്ദി !
”ഈ കിളിക്ക് എന്നും അന്തിയാണ് മാഷെ, എന്നാലോ കൂടൊട്ട് പറ്റാറുമില്ല..”
”ആരും കൂട് പറ്റാറില്ല”
”നേരാ മാഷെ..”
അപ്പോഴും അസ്തമയത്തിലൂടെ, പനന്തത്തകളുടെ ധനുസ്സുകൾ പറന്നകന്നുകൊണ്ടിരുന്നു.
സന്തോഷ് ചുങ്കത്ത്