ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ. അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു അദ്ദേഹമെന്ന് ഭൂരിപക്ഷത്തിനും മനസ്സിലായത്. അതെപ്പോഴും അങ്ങനെയാണ് താനും. ഒരാളെക്കുറിച്ച് നല്ലതുപറയാനും അയാളിലെ നന്മ കണ്ടെത്താനും അയാളുടെ മരണം വേണ്ടിവരുന്നു. ഒരു ദിവസത്തിൽ തന്നെ എത്രയോ പേരുമായി അടുത്തബന്ധം പുലർത്തുന്നവരാണ് നമ്മൾ. ഓരോ ദിവസവും ഓരോരുത്തരിൽ നിന്നും ഏതെല്ലാംവിധത്തിലുള്ള സഹായങ്ങൾ കൈപ്പറ്റുന്നവരാണ് നമ്മൾ. എന്നാൽ എപ്പോഴെങ്കിലും അവരുടെ നന്മകളെക്കുറിച്ചു നാം ചിന്തിച്ചിട്ടുണ്ടോ? അതെല്ലാം അവരുടെ കടമയാണെന്നോ ജോലിയാണെന്നോ ലഘൂകരിച്ച് കടന്നുപോകുന്നവരാണ് എല്ലാവരും. ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ നന്ദിയെന്നോ നല്ലതെന്നോ പറയാൻ മറന്നുപോകുന്നവരാകുന്നു നമ്മൾ. അപ്രതീക്ഷിതമായി അവർ നമ്മുടെ ജീവിതത്തിൽ നിന്ന് വേർപെട്ടുപോയിക്കഴിയുമ്പോഴാണ് അവരുടെ നന്മകളെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ. പറയാൻ കഴിയാതെ പോയ നല്ല വാക്കുകൾ അപ്പോൾ നമുക്കുതന്നെ കയ്ക്കുന്നവയായി അനുഭവപ്പെടും. ചുറ്റിനുമുള്ളവരുടെ നന്മകൾ കാണാനും അഭിനന്ദിക്കാനും നല്ലതുപറയാനും ഇനിയും വൈകാതിരിക്കുക. ഒരുപക്ഷേ അവർ നമ്മുടെ വേതനം കൈപ്പറ്റുന്നവരായിരിക്കാം. അതിനെന്ത്?
രത്തൻ ടാറ്റയെക്കുറിച്ചാണല്ലോ പറഞ്ഞുതുടങ്ങിയത്. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു നിരീക്ഷണം ഏറെ ശ്രദ്ധേയമായി തോന്നി. നല്ല ജീവിതം നയിക്കുക മാത്രമല്ല മറ്റുള്ളവരുടെ ജീവിതം കൂടി നല്ലജീവിതമാക്കിമാറ്റുകയാണ് അദ്ദേഹം ചെയ്തതെന്നായിരുന്നു അതിലൊന്ന്. നമ്മൾ നല്ലതുപോലെ ജീവിച്ചതുകൊണ്ടുമാത്രം കാര്യമില്ല. നമ്മൾ ജീവിക്കുന്ന നല്ല ജീവിതം മറ്റുള്ളവർക്കും അവകാശപ്പെട്ടതാണെന്ന്. ഇങ്ങനെയൊരു ചിന്ത നമുക്കില്ലാതെ പോകുന്നതുകൊണ്ടല്ലേ രക്ഷിക്കാനും സഹായിക്കാനും കഴിയുമായിരുന്ന ചുറ്റിനുമുള്ളവരുടെ പോലും ജീവിതങ്ങൾക്ക് ഇപ്പോഴും ഒരു മാറ്റമുണ്ടാവാത്തത്?
വേഗത്തിൽ എത്തണമെങ്കിൽ ഒറ്റയ്ക്ക് നടക്കണം. ദീർഘദൂരം നടക്കണമെങ്കിൽ കൂടെ ആളുണ്ടായിരിക്കണം. ഇതായിരുന്നുവല്ലോ ടാറ്റായുടെ തത്വശാസ്ത്രം? ഒറ്റയ്ക്കാണെങ്കിലും ദീർഘദൂരമാണെങ്കിലും നടന്നുതീർത്ത വഴികളിലെല്ലാം മനുഷ്യത്വത്തിന്റെ വിജയം പ്രകടമാക്കിയ രത്തൻ ടാറ്റാ… അങ്ങേയ്ക്ക് ടാ..റ്റാ..
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്