ഭക്ഷണം വിരുന്നാകുമ്പോൾ

Date:

spot_img

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട് ഒരു സിനിമയിൽ. അല്പം പഴയതാണ്.

പ്രായമായവർ പലരും പറഞ്ഞുകേട്ടിട്ടുണ്ട്, വയർ നിറയാൻ ആഘോഷങ്ങൾക്ക്  കാത്തിരുന്നൊരു കാലമുണ്ടായിരുന്നു മലയാളിയ്ക്ക് എന്ന്. ആ യുഗത്തിൽ പിറന്നവർക്കറിയാം അതിന്റെ നീറ്റൽ. കാലം മാറി. അന്നൊക്കെ വിശേഷാവസരങ്ങളിൽ  മാത്രം വിളമ്പിയിരുന്ന ഭക്ഷണം ഇന്ന് തീൻമേശയിലെ ഒരു സാധാരണ ഇനമായി. ഇന്നാരും ആഘോഷങ്ങൾക്ക് പോകുന്നത് വിശപ്പടക്കാനല്ല. പലർക്കും ലക്ഷ്യം പലതാണ്. അത് ഒരുപക്ഷേ, വല്ലപ്പോഴും മാത്രം കാണുന്ന ബന്ധുക്കളെ ഒന്ന് കാണാൻ ആകാം, പുതിയ വസ്ത്രം  പ്രദർശിപ്പിക്കാനാകാം, ‘വിശപ്പ് ‘ എന്നത് വിരുന്നിന്റെ പ്രാധാന്യം കുറഞ്ഞൊരു ആവശ്യമായി മാറി. പക്ഷെ ആ വിശപ്പെന്ന സത്യത്തിന്റെ എത്രയോ ഇരട്ടി വിഭവങ്ങളാണ് നമുക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടുക… സങ്കടമാണത്. എന്ന് കരുതി വിരുന്നുകൾ അനാവശ്യമാണെന്ന് പറയാനും പറ്റില്ല. കാട്ടിക്കൂട്ടലുകളുടെ ആഢംഭരത്തെ മാറ്റി നിറുത്തിയാൽ വിരുന്നുകൾ അനിവാര്യമായ ഒന്നാണെന്ന് തന്നെ പറയേണ്ടിവരും. 

സ്‌നേഹ വിരുന്ന് 

ഫംഗ്ഷനുകളിൽ വിളമ്പുന്ന ഭക്ഷണത്തെ സ്‌നേഹവിരുന്ന് എന്ന് വിളിക്കുന്ന പതിവുണ്ട്. വിരുന്ന് സ്‌നേഹത്തോടെയും സ്‌നേഹം പങ്കുവയ്ക്കാനും ആകുമ്പോഴാണ് അത് സ്‌നേഹവിരുന്നാകുന്നത്. ഭക്ഷണമേശയ്ക്ക് ചുറ്റുമിരുന്ന് ഹൃദയവും മനസ്സും കൈമാറുന്ന എത്രയോ രംഗങ്ങൾ നാം സിനിമകളിൽ കണ്ടിരിക്കുന്നു. സന്തോഷങ്ങൾ പങ്കുവയ്ക്കാൻ പലപ്പൊഴും നമ്മൾ ഭക്ഷണ ശാലകൾ തിരഞ്ഞെടുക്കാറുമുണ്ട്. ഭക്ഷണം ശരീരത്തിന്റെ ആവശ്യമാണെങ്കിലും അത് രുചിയോടെ കിട്ടുമ്പോഴുള്ള മാനസിക സന്തോഷമാണ് പ്രധാനം. നാവിലെ രുചിമുകുളങ്ങൾ രുചിയുള്ള ഭക്ഷണത്തെ സ്വീകരിക്കുമ്പോൾ അവിടെ ഉത്തേജിപ്പിക്കപ്പെടുന്ന രുചിയുടെ സ്വീകർത്താക്കൾ തലച്ചോറിന്റെ ആഗ്രഹത്തെ സംതൃപ്തിപ്പെടുത്തുകയും തന്മൂലം അത് സന്തോഷവും സംതൃപ്തിയുമായി നമുക്കനുഭവപ്പെടുകയും ചെയ്യുന്നു. ഈ സന്തോഷമാണ് രുചിതേടി അലയാൻ പോലും മനുഷ്യനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം, സ്‌നേഹ വിരുന്നിന്റെ ഫിലോസഫിയും. 

ഭക്ഷണത്തിന്റെ മാജിക് 

ചില പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്ന മീറ്റിങ്ങുകളിലും മിക്കവാറും ആഘോഷങ്ങളിലും ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വിരുന്ന്. എന്താണവിടെ സംഭവിക്കുക? ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും അത് പങ്കുവച്ചെടുക്കുമ്പോഴും സൗഹൃദം വളരുന്നതോടൊപ്പം മറ്റൊരു പ്രധാന കാര്യം കൂടി അവിടെ നടക്കുന്നുണ്ട്. ഭക്ഷണത്തിന് ഒരാളെ മാനസികമായി അനുനയിപ്പിക്കാനുള്ള കഴിവുണ്ട്. ഒരാളെ സംബന്ധിച്ച് അത്ര സ്വീകാര്യമല്ലാത്ത ഒരാശയം, നല്ലൊരു ഭക്ഷണത്തിന്റെ ഒപ്പം അയാളുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ടാൽ ആ ആശയം രുചികരമായി തോന്നിക്കാനുള്ള സാധ്യതയും വിരുന്നൊരുക്കുന്നവന്റെ മുന്നിലുണ്ട്. ആ സാധ്യത തിരിച്ചറിയുന്നവരാണ് പലപ്പൊഴും അങ്ങനെയൊരു അവസരം സൃഷ്ടിക്കുന്നതും. 

അസമയം

ആരോഗ്യം ഏതൊരു ജീവിയെ സംബന്ധിച്ചും പ്രധാനമാണ്. നേരം തെറ്റിയുള്ള ഭക്ഷണക്രമം മലയാളിയുടെ ആരോഗ്യത്തെ ഒരുപാട് നെഗറ്റീവായി ബാധിച്ചിരിക്കുന്നു എന്നതാണ് ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നവർ ആദ്യമേ സൂചിപ്പിക്കുന്ന കാര്യം. ശരിയാണത്. കാരണം, രാത്രി ഒരുപാട് വൈകി ഭക്ഷണശാലകൾ തേടി മലയാളി പോകുന്നത് ഇന്ന് സർവസാധാരണമാണ്. പാതിരായ്ക്ക് ശേഷം അൺലിമിറ്റഡ് ഓഫർ ഉള്ള ഹോട്ടലുകൾ അവർക്ക് വളം വച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷണത്തിന്റെ ആർഭാടം മലയാളിയെ രോഗിയാക്കി എന്നൊക്കപറയുന്നത് ഇതുകൊണ്ടൊക്കെയാണ്. അത് ശരിയാണ്താനും. ശരീരത്തെ മാത്രം തൃപ്തിപ്പെടുത്താൻ അമിതായി ഭക്ഷണത്തിന്റെ പുറകെ പോകുമ്പോഴാണ് അത് ഒരാളെ രോഗാവസ്ഥയിലെത്തിക്കുന്നത്. അതിനെ നിയന്ത്രിക്കുക എന്നതാണ് ആദ്യത്തെ കാര്യം. പക്ഷെ സമയം തെറ്റി ഒരാൾ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ അതിന് അയാളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. 

അങ്ങനെ നോക്കിയാൽ,  ഭക്ഷണം കഴിക്കുന്നയാളുടെ തൊഴിൽ പ്രധാനപ്പെട്ട  കാര്യം തന്നെയാണ്. പകൽ ജോലി ചെയ്ത് രാത്രി വിശ്രമിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും ഒരുപാട് ദൂരെയായി നമ്മൾ. ഇന്നിപ്പോൾ ഭക്ഷണം കഴിക്കുന്നയാൾക്ക് അല്പം സമയം തെറ്റിയാലും അത് കിട്ടാനുള്ള സാധ്യതകൾ ഏറെയാണ്. അത് എത്തിച്ചു കൊടുക്കുന്നയാൾക്ക് അതും അയാളുടെ ഒരു ജോലിയാണുതാനും. സ്വിഗി, സോമാറ്റോ എന്നൊക്കെയുള്ള വൻകിട കമ്പനികൾ അതൊക്കെ വലിയൊരു ജോലിസാധ്യതയുള്ള ഒന്നായി എപ്പോഴേ കണ്ടുകഴിഞ്ഞു. ഡെലിവറി ബോയ്‌സിന്റെ വരവോടെ ചില വീടുകളുടെ അടുക്കള എറ്റവും കുറവ് ഉപയോഗിക്കുന്ന ഒരു മുറിയും ഒട്ടും അഴുക്ക് പിടിക്കാത്ത ഇടവുമായി മാറി എന്ന് ചില അടക്കം പറച്ചിലുമുണ്ട്. 
എന്ത് കഴിക്കുന്നു എപ്പോ കഴിക്കുന്നൂ എങ്ങനെ കഴിക്കുന്നു എന്നതൊക്കെ തീർത്തും ഒരാളുടെ സ്വകാര്യ തിരഞ്ഞെടുപ്പല്ലേ എന്ന് പറഞ്ഞ് ആശ്വസിയ്ക്കാൻ വരട്ടെ. ഇന്നത്തെ പല വിരുന്നുകളുടെ സമയവും വിളമ്പുന്ന വിഭവങ്ങളും ആരോഗ്യപ്രദം ആണോ എന്നതും ചിന്തനീയമാണ്. 

ഫുഡ് വ്‌ളോഗർമാർ 

കുറച്ചു കാലങ്ങളായി കാണുന്നൊരു ട്രെൻഡ് ആണ് ഭക്ഷണം തേടി കിലോമീറ്ററുകൾ സഞ്ചരിക്കുന്ന വ്‌ളോഗർമാർ. അവരുടെ സ്വാധീനവും ഒട്ടും ചെറുതല്ല. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ‘ഹേ ഗയ്സ്’ എന്ന് പറഞ്ഞ് തുടങ്ങുന്ന അവരുടെ followers ആണെന്ന് പറയുമ്പോൾ അവരുടെ സ്വാധീനം ഒന്ന് നോക്കൂ…

ഇന്നാണെങ്കിൽ ഹോട്ടലുകൾക്ക് യാതൊരു പഞ്ഞവുമില്ല. സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗിച്ച് ഭക്ഷണശാലകളുടെ ‘ റിച്ചും’ കൂടിയിട്ടുണ്ട്. നല്ല ഭക്ഷണം കിട്ടുന്ന ഇടങ്ങൾ തേടി വളരെ ദൂരത്ത് നിന്നുവരെ ജനങ്ങൾ വരുന്നു. ചില കുഞ്ഞുചായക്കടക്കളിൽ പോലും ക്യൂ നിന്നാലേ ഭക്ഷണം കിട്ടൂ എന്ന അവസ്ഥയാണുതാനും. 

ഒരു നിമിഷം 

എന്തൊക്കെയായാലും വിരുന്നു മേശകൾ സൗഹൃദത്തെ ഊട്ടി ഉറപ്പിക്കും എന്നുള്ളത് പൊതുവെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അതുകൊണ്ട് ഒരു നിമിഷം ആലോചിക്കാം, ആർക്കും തീരെ സമയമില്ലാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കൂട്ടുകാരും ബന്ധുക്കളും പോലും തമ്മിൽ കണ്ടിട്ട് ഒരുപാട് കാലമായിട്ടുണ്ടാവും. സൗഹൃദത്തിന്റെ വൈകുന്നേരങ്ങളും ബന്ധങ്ങളുടെ ഊഷ്മളതയും തിരിച്ചുപിടിക്കാൻ ഇടയ്‌ക്കൊക്കെ ചില വിരുന്നുകൾ ആവട്ടെ. ഒന്നു മാത്രം മറക്കരുത്, അമിതമായാൽ അമൃതും വിഷമാണ്.  ഉദരം നിറയ്ക്കുന്ന ഭക്ഷണത്തെ എടുത്ത് വിളമ്പുമ്പോഴാണ് അത് മനസ്സ് നിറയ്ക്കുന്ന വിരുന്നാകുന്നത്. ഒരു പൊതിച്ചോർ പോലും വിരുന്നാകുന്നതു ഇലയുടെ മറ്റേ അറ്റം അവന്റെ കയ്യെത്തും ദൂരത്തേക്ക് അടുപ്പിക്കുമ്പോഴാണ്. നമ്മുടെയൊക്കെ ഭക്ഷണങ്ങൾ വിരുന്നുകളാവട്ടെ, ഊട്ടു മേശകൾ വിരുന്നു മേശകളും.

സനു തെറ്റയിൽ

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...

കണ്ണാനെ കണ്ണേ…

കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും   ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും...
error: Content is protected !!