കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ  

Date:

spot_img

ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ.  ഇക്കഴിഞ്ഞ ജൂലൈ 2 ന് ഉത്തർപ്രദേശിലെ ഹത്രസിൽ ബോലേ ബാബയുടെ അനുയായികൾ സംഘടിപ്പിച്ച ഒരു  ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുഞ്ഞുങ്ങൾ അടക്കം 121 പേർ ചവിട്ടേറ്റ് കൊല്ലപെട്ടു. ബാബയുടെ കാൽ ചുവട്ടിലെ മണ്ണ് ശേഖരിക്കാൻ ശ്രമിച്ചപ്പോഴാണത്രേ അത്രയും മനുഷ്യർ മരിച്ചുവീണത്. അപകടം സംഭവിച്ചാൽ ഉടൻ ദൈവങ്ങൾ ഒളിവിൽ പോകുമല്ലോ  ബാബ ഒളിവിലാണ്. കഷ്ടിച്ച് അറുപതിനായിരം പേർക്ക് നിൽക്കാൻ കഴിയുന്നിടത്താണ് ഏകദേശം രണ്ടര ലക്ഷത്തോളം മനുഷ്യർ തടിച്ചുകൂടിയത്. പതിവ് പോലെ പോലീസും അധികാരികളും ഒക്കെ അപകടം നടന്നതിന് ശേഷമാണ് കാര്യങ്ങൾ അറിഞ്ഞത് എന്ന സ്ഥിരം ക്ലീഷേ പത്രങ്ങളിൽ വായിക്കാൻ സാധിച്ചു. 

‘ബ്ലൂവെയിൽ ചലെഞ്ച്’ എന്ന കളിയിൽ പെട്ട് ടീനേജ് കുട്ടികൾ അപകടത്തിൽ പെടുന്ന വാർത്ത വന്നപ്പോൾ ഒരു പത്രപ്രവർത്തകന്റെ കുറിപ്പ് ശ്രദ്ധേയമായി. ആളെകൊല്ലിയായ ‘ബ്ലൂവെയിൽ ചലെഞ്ച്’ എന്ന ഗെയിം നിരോധിക്കണമെന്ന ആവശ്യമാണ് എങ്ങും. അതിനേക്കാൾ ഭീകരമായ, ആളെകൊല്ലി ചലെഞ്ച് നടക്കുന്ന ഇടമാണ് ഇന്ത്യ. ‘കാർഷിക വൃത്തി’ എന്നതാണ് ആ ഗെയിമിന്റെ പേര്. കഴിഞ്ഞ പത്തുകൊല്ലത്തിനുള്ളിൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞിരിക്കുന്നു. രണ്ടര ലക്ഷം കർഷകർ!
ടി20 ലോകകപ്പിൽ വിജയികളായ  ഇന്ത്യൻ ടീമിന് 125 കോടിയാണ് ബിസിസിഐ പ്രഖ്യാപിചിരിക്കുന്നത്. നല്ല കാര്യം, സ്‌പോർട്‌സിനെ പ്രോത്സാഹിപ്പിക്കേണ്ടത് തന്നെ; ഒപ്പം അന്നം തരുന്ന കർഷകന് കൂടെ കൈത്താങ്ങായി എന്തെങ്കിലും ചെയ്യാനാകുമോ? രാജ്യ തലസ്ഥാനത്ത് കർഷകരെ വരവേൽക്കാൻ ഭരണകൂടം റോഡിൽ പരവതാനി വിരിച്ച കാഴ്ചകൾ മറന്നിട്ടില്ലല്ലോ അല്ലെ.

കേരളത്തിലോ ജാർഖണ്ടിലോ, ഒഡീഷയിലോ ആയാലും ആദിവാസി  വനവാസി സമൂഹത്തിന്റെ ജീവിതത്തിന് എന്ത് മാറ്റമാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടുള്ളത് എന്ന് ഓർക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. 1985ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, സൈലന്റ് വാലി പദ്ധതിയുടെ ഉദ്ഘാടനവേളയിൽ നടത്തിയ പ്രസംഗത്തിൽ വേദനയുളവാക്കുന്ന ഒരു കാര്യം പറയുകയുണ്ടായി. ‘ആദിവാസി ക്ഷേമത്തിനായി ഒരു രൂപ മുകളിലേക്ക് എറിഞ്ഞാൽ, പതിനഞ്ചു പൈസയാണ് താഴേക്ക് വീഴുക’ എന്ന്.  ഇടനിലക്കാർ കൂടുതൽ കരുത്ത് നേടിയ, ചൂഷണം കൂടുതൽ ആസൂത്രിതവും സ്വാഗതാർഹവുമായി മാറിയ ഈ കാലഘട്ടത്തിൽ ആ പതിനഞ്ച് പൈസയെങ്കിലും താഴെ വീഴുമോ? പോഷകാഹാരക്കുറവും അരിവാൾ രോഗം പോലെയുള്ള മാരകരോഗങ്ങളും ബാധിച്ച് മരിച്ചുവീഴുന്ന ആദിവാസി കുഞ്ഞുങ്ങളുടെ കണക്കുകൾ ഭീകരമാണ്. അഞ്ഞൂറ് ഗ്രാമും അതിൽ കുറവുമൊക്കെയായി ജനിച്ചു വീഴുന്ന  ശിശുക്കൾ അപ്പോൾത്തന്നെ മരിച്ചുവീഴുന്നതിന്റെ കാരണം ചികഞ്ഞപ്പോൾ, ‘അത് ഗർഭിണികളായ സ്ത്രീകളുടെ മദ്യപാന ശീലം മൂലമാണ്’ എന്ന് ഒരു ആരോഗ്യമന്ത്രി കരുണയേതുമില്ലാതെ പറഞ്ഞതും  മറക്കാൻ വഴിയില്ല. വിശപ്പിന്റെ പേരിൽ മോഷ്ടിച്ചുവെന്ന കുറ്റത്തിന് പരിഷ്‌കൃത സമൂഹം തച്ചുകൊന്ന മധുവും ആദിവാസിയാണ്. 
പറഞ്ഞുവന്നത്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ കിതപ്പിനെ പറ്റിയാണ്.

ജനാധിപത്യം എന്നത് എങ്ങനെയാണ് എല്ലാവരും ധരിച്ചുവശായിരിക്കുന്നത് എന്നതും വലിയ ചർച്ചയ്ക്ക് കോപ്പുള്ള വിഷയമാണ്. ഭൂരിപക്ഷത്തിന്റെ തോന്ന്യാസമാണ് ജനാധിപത്യം എന്ന് ചിന്തിക്കുന്നവരുടെ എണ്ണം തുലോം വർധിച്ചുവരുന്നത് ചില്ലറ ഭീഷണിയൊന്നുമല്ല. സുനിൽ മാഷ് പറയുന്നത് പോലെ, ‘നൂറ് പേരുണ്ടായിരിക്കെ, അതിൽ തൊണ്ണൂറ്റി ഒമ്പത് പേരും കൂടെ ചേർന്ന്, നൂറാമത്തെ മനുഷ്യനെ തല്ലിക്കൊല്ലാൻ തീരുമാനിക്കുന്ന ഭൂരിപക്ഷ ഭീകരതയുടെ പേരല്ല, ജനാധിപത്യം’. ഭൂരിപക്ഷമുണ്ട് എന്നുള്ളത് എന്തും ചെയ്യാനുള്ള തിണ്ണമിടുക്കും മസിൽ പവറും ആണെന്ന് ആരെങ്കിലും ചിന്തിച്ചാൽ അതീ രാജ്യത്തിന്റെ അവസാനം കുറിക്കുന്നതാകും എന്നതാണ് സത്യം. തുടക്കത്തിലേ തകർന്ന് പോകുമെന്ന്  ബാൽക്കനൈസിംഗ്  ലോകം മുഴുവൻ വിധിയെഴുതിയ രാജ്യം 75വർഷങ്ങളും കഴിഞ്ഞ് മുന്നോട്ട് പോകുന്നത്, അതിന്റെ ആന്തരികഘടന രൂപപ്പെട്ടിരിക്കുന്നത് വ്യത്യസ്തമായതുകൊണ്ടാണ്. കേവല അഹിംസയല്ല, മറിച്ച് സഹവർതിത്വവും സമഭാവനയും  അതിന്റെ പൊതുസ്വഭാവമായതുകൊണ്ടാണ്. അതാരുടെയെങ്കിലും സൗജന്യബുദ്ധിയോ, ക്ഷമയോ സഹിഷ്ണുതയോ ആയി വ്യാഖ്യാനിക്കുന്നുവെങ്കിൽ അവർക്ക് ഈ രാജ്യത്തിന്റെ ആത്മാവിനെ പിടികിട്ടിയിട്ടില്ലെന്നു ചുരുക്കം. 

എന്താണ് ജനാധിപത്യ ഇന്ത്യയുടെ സ്വഭാവമായിരിക്കുക, എന്ന ചോദ്യത്തിന് ഗാന്ധിജി നൽകിയ ഉത്തരം തന്നെ മതിയാകും എന്ന് കരുതുന്നു. 
”ജനാധിപത്യം എന്നത് കേവലം ഭൂരിപക്ഷത്തിന്റെ ആഘോഷമല്ല. അവസാനത്തെ ആളെയും കേൾക്കുക എന്നുള്ളതാണ് അതിന്റെ ധർമം. പന്തയത്തിൽ പങ്കെടുത്ത് തോറ്റവരെയും കൂടെ കേൾക്കുക. ഒറ്റയ്ക്ക് ആർക്കും ഓടി ജയിക്കാനാവില്ലല്ലോ” അവസാനത്തെ ആളെകൂടി കേൾക്കുക, സാധാരണക്കാരന്റെ കണ്ണീർ ഒപ്പുക എന്ന  അടിസ്ഥാന ആശയങ്ങളിൽ നിന്നും മാറി നടന്നാൽ രാജ്യത്തിന്റെ പുരോഗതി എന്നത് വെറും മേനിനടിക്കൽ മാത്രമായിപോകും. ശക്തികുറഞ്ഞവരെ, എണ്ണത്തിൽ ന്യൂനപക്ഷമായവരെ ചേർത്ത് നിർത്താൻ കഴിയുന്നതാകണം ഭരണനിർവ്വഹണം. 
പുതിയ പാർലമെന്റിൽ മണിപ്പൂരിൽ നിന്നുള്ള അംഗം, പ്രൊഫ. അന്‌ഗോമ്ച്ച ബിമോൽ അക്കൊയ്ച്ചം നടത്തിയ ഹൃദയസ്പർശിയായ പ്രസംഗം ആരും മറന്നുകാണാൻ വഴിയില്ല. മണിപ്പൂരിനെ മറന്നുപോയ ഗവണ്മെന്റിനെ അദ്ദേഹം നിർദ്ദയം വിമർശിക്കുകയുണ്ടായി. ”ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം, പലരും മൂടിവയ്ക്കാൻ ശ്രമിച്ചിട്ടും, ഈ പാതിരാവിലെങ്കിലും ചർച്ചയായി വരുന്നത് വല്ലാത്ത വൈരുധ്യമാണ്. ആത്മരോഷം കൊണ്ട് മുറിഞ്ഞുപോയിരുന്ന വാക്കുകൾ മണിപ്പൂർ എന്ന വലിയ മുറിവിന്റെ വേദന പൊതുസമൂഹത്തെ അറിയിക്കുന്നതായിരുന്നു: ”നിങ്ങൾ ഞങ്ങളുടെ വേദന കാണുക…അറുപതിനായിരത്തിലധികം ജനങ്ങൾ വീട് നഷ്ടപ്പെട്ടവരായി ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ഗ്രാമങ്ങൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. ജനത രണ്ടായി വിഭജിക്കപ്പെട്ട അവസ്ഥയിലാണ്. ഇരുന്നൂറിലധികം മനുഷ്യർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് സ്ത്രീകൾ ആക്രമിക്കപ്പെട്ടു, അപമാനിക്കപ്പെട്ടു. ആഭ്യന്തരയുദ്ധ സമാനമായ അന്തരീക്ഷം നടമാടിയപ്പോഴും ദൽഹി, മണിപ്പൂരിനോട് പുറം തിരിഞ്ഞുനിന്നു. അധികാര കേന്ദ്രങ്ങളും പാർലമെന്റും ഈ വിഷയത്തിൽ പുലർത്തിയ കുറ്റകരമായ മൗനത്തെ വരും കാലം വിചാരണം ചെയ്യും. ഈ  ഹതഭാഗ്യരായ ജനതയെ ഓർത്ത് ഹൃദയത്തിൽ കൈവച്ചല്ലാതെ നിങ്ങൾ ജനാധിപത്യം എന്ന വാക്ക് ഇനിമേൽ ഉച്ചരിക്കരുത്…” പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ഉയർന്നു കേട്ട  ഏറ്റവും ഹൃദയസ്പർശിയായ പ്രസംഗങ്ങളിൽ ഒന്നായിരുന്നു പ്രൊഫസറുടേത്. 

എന്തുകൊണ്ടായിരിക്കാം, നമ്മുടെ മാധ്യമങ്ങൾക്കും നേതാക്കൾക്കും മണിപ്പൂർ വളരെയധികം ദൂരത്തായിപോയത്?
Come, and see the blood in the streets ഇപ്പോൾ കരയുന്നത് പാബ്ലോ നെരൂദയല്ല, മണിപ്പൂരിലെ തകർക്കപെട്ട ജനതയാണ്.

ഇന്ത്യ ഒരുകാലത്തും ഏകാശിലാത്മകമായിരുന്നില്ല. സ്വാതന്ത്ര്യ സമരകാലത്തും അതിന് മുമ്പുള്ള ആക്രമണ കാലഘട്ടങ്ങളിലും സ്വതന്ത്രാനന്തരകാലത്തും അതിന്റെ  വൈജാത്യങ്ങളെയും വൈസാദൃശ്യങ്ങളെയും ഉൾക്കൊണ്ടും പ്രഘോഷിച്ചുമൊക്കെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിന്റെയുള്ളിലും ഇന്ത്യ ഒരു വികാരമായി കൊണ്ടുനടക്കാൻ ഇവിടുത്തെ ഭൂരിപക്ഷം പട്ടിണിപ്പാവങ്ങളും നിരക്ഷരരും ആയ ജനതയ്ക്ക് കഴിഞ്ഞു. അവരുടെയൊക്കെ കണ്ണീരിന്റെയും വിയർപ്പിന്റെയും രക്തത്തിന്റെയും ഫലമായി രാജ്യം പുരോഗതിയിലേക്ക് നടന്നുക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അവയുടെ ഫലങ്ങൾ അനുഭവിക്കാൻ, സ്വസ്ഥതയോടെ ജീവിതങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ അവരെ സമ്മതിക്കാത്തത് ക്രൂരതയല്ലാതെ മറ്റെന്താണ്.  ജനതയില്ലാതെ രാഷ്ട്രമോ രാജാവോ ഉണ്ടാകുന്നില്ല. ഭരണഘടനയില്ലാതെ ഭരണവും ഉണ്ടാവുന്നില്ല. അതുകൊണ്ട്, ജനതയും ഭരണഘടനയും തന്നെയാണ് ആഘോഷിക്കപ്പെടേണ്ടത്, പ്രഥമഗണനീയവുമാകേണ്ടത്.

സന്തോഷ് ചുങ്കത്ത്‌

More like this
Related

മനുഷ്യനായി ജീവിക്കാൻ

''ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്‌ക്കെതിരെ ഞാൻ പോരാടും,...

വീണ്ടും നിപ്പയുടെ ഭീതിയിൽ

പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ....

സൂര്യഗ്രഹണത്തിൽ തൂക്കി എറിയപ്പെട്ട ഒരു തരിമണൽ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ എഴുതിയതുപോലെ മറച്ചുവെക്കുന്ന എല്ലാ വസ്തുക്കളും തുറന്നു...

വിവാഹത്തിന്റെ പേരിലെ ആഭാസങ്ങൾ

കണ്ണൂർ തോട്ടടയിൽ വിവാഹസംഘത്തിന് നേരെ യുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ...
error: Content is protected !!