ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ മനുഷ്യരാരും ഏകാന്തത ഇഷ്ടപ്പെടുന്നവരല്ല. കാരണം മനുഷ്യൻ സാമൂഹികജീവിയാണ്. സമൂഹത്തോട് ഇടപഴകിയും സൗഹൃദങ്ങൾ സ്ഥാപിച്ചും കൂട്ടുകൂടിയും പങ്കിട്ടും മുന്നോട്ടുപോകുന്ന ഒരു ജീവിതമാണ് എല്ലാവരുടെയും ആഗ്രഹം. എന്നിട്ടും ചില നേരങ്ങളിൽ മനുഷ്യർ തീരെ ഒറ്റപ്പെട്ടുപോകാറുണ്ട്. ഏകാന്തത അവരെ വീർപ്പുമുട്ടിക്കാറുമുണ്ട്.
ഏകാകിയാണോയെന്നും ഏകാന്തത അനുഭവിക്കുന്നുണ്ടോയെന്നും മനസ്സിലാക്കാൻ ചില സൂചനകൾ സഹായിക്കും.
ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ വാരിവലിച്ചുവാങ്ങിക്കൂട്ടുന്നവരുണ്ട്. മാളുകളും ഷോപ്പിങ് കോംപ്ലക്‌സുകളും കയറിയിറങ്ങി സാധനങ്ങൾ തുടർച്ചയായി വാങ്ങുന്നത് ഒരു ശീലമാണെങ്കിൽ അത് ആ വ്യക്തി ഏകാന്തത അനുഭവിക്കുന്നുവെന്നതിന്റെ അടയാളമാണ്. സാധനസാമഗ്രികളിലൂടെ മനസ്സിന്റെ ഏകാന്തത പരിഹരിക്കാനുള്ള വൃഥാശ്രമങ്ങളുടെ ഭാഗമാണ് അവയെല്ലാം.
സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരും ഏകാന്തത അനുഭവപ്പെടുന്നവരായിരിക്കും. ഉള്ളിലുള്ള ഏകാന്തതയെ മറികടക്കാൻ അവർ കണ്ടെത്തുന്ന മാർഗങ്ങളാണ് അവയെല്ലാം. ആരൊക്കെയോ ഉണ്ടെന്ന് സ്വയം വിശ്വസിപ്പിക്കുന്നതിന്റെ ഭാഗവുമാണ്.
അതുപോലെ തന്നെ ടിവിയുടെ മുമ്പിൽ മുഴുവൻ സമയം ചെലവഴിക്കുന്നതും ഏകാന്തതയിലൂടെ കടന്നുപോകുന്നവരാണെന്ന് ചില പഠനങ്ങൾ അഭിപ്രായപ്പെടുന്നു.
എപ്പോഴും ക്ഷീണം, തളർച്ച, ഉന്മേഷമില്ലായ്മ ഇവയൊക്കെയും ഏകാന്തതയുടെ കൂടി ലക്ഷണങ്ങളാണ്. ആരും എന്നെ മനസ്സിലാക്കുന്നില്ല, ആരും എന്നെ സ്‌നേഹിക്കുന്നില്ല എന്നീ വിചാരങ്ങൾ തുടർച്ചയായി അലട്ടിക്കൊണ്ടിരിക്കുന്നുണ്ടോ അതും ഏകാന്തത അനുഭവിക്കുന്നതിന്റെ സൂചനയാണ്.