ഇങ്ങനെയും സ്‌നേഹിക്കാം…

Date:

spot_img

സ്‌നേഹിക്കുമ്പോഴും സ്‌നേഹിക്കപ്പെടുമ്പോഴും സ്‌നേഹത്തെക്കുറിച്ചു പല അബദ്ധധാരണകളും കൊണ്ടുനടക്കുന്നവരാണ് നമ്മൾ. സ്‌നേഹം ഇങ്ങനെയായിരിക്കണം എന്ന കടുംപിടിത്തം വച്ചുപുലർത്തുന്നവർ ഏറെയാണ്. ഒരേ താളത്തിലും ഒരേ ഈണത്തിലും പാടുന്ന മധുരഗാനം പോലെയാണ് സ്‌നേഹത്തെ അവർ വിലയിരുത്തുന്നത്. അതിന് താളക്രമമുണ്ടാവുമെന്നോ അപസ്വരങ്ങൾ പുറപ്പെടുവിക്കുമെന്നോ വിചാരിക്കാൻ പോലുമാവില്ല. എന്നും എപ്പോഴും പ്രണയോദാരമായി സംസാരിച്ചും സ്‌നേഹപൂർവ്വം തൊട്ടുതലോടിയും  ഒരു വളർത്തുനായ് കണക്കെ ഉരുമ്മിനടക്കണം എന്നു വിചാരിക്കുന്നവരും കുറവൊന്നുമല്ല. എന്നാൽ യഥാർഥ സ്‌നേഹം അങ്ങനെ മാത്രമാണോ?

സ്‌നേഹത്തിന്റെ ശക്തിയെക്കുറിച്ചു നമുക്ക് സംശയമൊന്നുമില്ല.  എല്ലാപ്രശ്‌നങ്ങളെയും അതി ജീവിക്കാനും എല്ലാ തടസ്സങ്ങളെയും പ്രതിരോധിക്കാനും സ്‌നേഹത്തിന് പ്രകൃത്യാ ഒരു കഴിവുണ്ട്. പക്ഷേ സ്‌നേഹബന്ധം നിലനിർത്തിക്കൊണ്ടുപോകാൻ നമ്മുടെ ഭാഗത്തുനിന്ന്  ശ്രമം ഉണ്ടാവണമെന്ന് പലർക്കും അറിയില്ല. അതുപോലെ ചില വിട്ടുവീഴ്ചകളും സ്‌നേഹം ആവശ്യപ്പെടുന്നുണ്ട്. ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്നതുകൊണ്ട് എന്നെ നീ പൂർണ്ണമായും സഹിക്കണം എന്ന കടുംപിടിത്തവും പാടില്ല. 

ചതുരംഗക്കളത്തിൽ ഒരാൾ മറ്റെയാളെ വെട്ടാനായി കരുക്കൾ നീക്കുന്നതുപോലെ ഒരാൾ മാത്രം ജീവിതമെന്ന കളത്തിൽ സ്‌നേഹത്തിന്റെ കരുക്കൾ നിരക്കിക്കൊണ്ടിരിക്കുകയും പാടില്ല. മറ്റെയാളെ തോല്പിക്കുകയോ ഒരാൾ മാത്രം വിജയിക്കുകയോ ചെയ്യുന്ന ചതുരംഗക്കളിയൊന്നുമല്ല സ്‌നേഹം. ഒരുമിച്ചു ജയിക്കുകയും ഒരുമിച്ചു മുന്നേറുകയും ചെയ്യുന്ന ടീം പോലെയാകണം സ്‌നേഹത്തിന്റെ ഭാഗമാകുന്നവർ. 

രണ്ടുപേരുടെ സ്‌നേഹം വെല്ലുവിളികൾ നേരിടുമ്പോൾ ചിലപ്പോഴെങ്കിലും പുറത്തുനിന്നു പിന്തുണപോലും വേണ്ടിവന്നേക്കാം.
നീ എന്നെ മാത്രം സ്‌നേഹിക്കണമെന്നാണ് സ്‌നേഹത്തിലായിരിക്കുന്നവർ എപ്പോഴും വാശിപിടിച്ചു കരയുന്നത്. അതുകൊണ്ടാണ് താൻ സ്‌നേഹിക്കുന്ന വ്യക്തി മറ്റൊരാളെ സ്‌നേഹിക്കുന്നുവെന്ന് തോന്നുമ്പോൾ പോലും അസ്വസ്ഥതയുണ്ടാകുന്നത്. പരാതിപ്പെടുകയും ശണ്ഠകൂടുകയും ചെയ്യുന്നത്. ഒരാൾക്ക് ഒരു വ്യക്തിയെ മാത്രമല്ല സ്‌നേഹിക്കാൻ കഴിയുന്നത്. 
ജീവിതത്തിലൂടെ കടന്നുപോകുന്ന പലരെയും സ്‌നേഹിക്കാൻ നമുക്കാവും. പക്ഷേ ആ സ്‌നേഹങ്ങൾ ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കുമെന്നു മാത്രം. തീവ്രതയും ആഭിമുഖ്യവും പല തരത്തിലുമായിരിക്കും. ഓരോ സ്‌നേഹത്തിനും ഓരോ നിറവും ഓരോ ഗന്ധവുമാണ്.  നിന്നെ പ്പോലെ എനിക്ക് മറ്റൊരാളെയും സ്‌നേഹിക്കാൻ  കഴിഞ്ഞേക്കും.  ഒരു വ്യക്തിക്ക് പകരമായി മറ്റൊരു വ്യക്തി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാറില്ലേ?  ആ വ്യക്തിയെ നമ്മൾ സ്‌നേഹിക്കുകയും ചെയ്യുന്നു. കാരണം ഒരു വ്യക്തിക്കുമാത്രമായി നീക്കിവച്ചിരിക്കുന്നതല്ല നമ്മുടെ സ്‌നേഹം. സ്‌നേഹം യഥാർത്ഥത്തിൽ പങ്കിടലാണ്. 

കുന്നുകൂടികിടക്കുന്നവയിൽ നിന്ന് പലർക്കായി നാം വീതം വച്ചുകൊടുക്കുന്നു. എന്നാൽ ചിലർ മാത്രം അർഹതയോടെ സ്വീകരിക്കുന്നു, വേറെ ചിലർ അനർഹമായി സ്വീകരിക്കുന്നു. ഇനിയും ചിലർ അനാദരവോടെ സ്വീകരിച്ച് അവഗണിച്ചുകളയുന്നു. ഓരോരുത്തരുടെയും സ്‌നേഹത്തിന്റെ രീതികൾ വൈവിധ്യം നിറഞ്ഞവയാണ്.

സ്‌നേഹം എപ്പോഴും ഒരേ രീതിയിൽ ഉച്ചസ്ഥായിയിൽ നില്ക്കണമെന്നില്ല. വ്യക്തികളുടെ ശാരീരികമാനസികവൈകാരിക ഭാവങ്ങൾക്കനുസരിച്ച് സ്‌നേഹത്തിന് ഉയർച്ചതാഴ്ചകളുണ്ടാവും. സ്‌നേഹിക്കുന്ന ഒരാൾ ദേഷ്യപ്പെട്ടേക്കാം, പിണങ്ങിയേക്കാം, അകൽച്ച കാണിച്ചേക്കാം. ആരോഹണാവരോഹണങ്ങളിലൂടെ കടന്നുപോകുന്ന ഒരു ഗാനമാണ് സ്‌നേഹം.  

ദേഷ്യപ്പെട്ടുവെന്ന് കരുതി സ്‌നേഹം ഇല്ലാതാകുന്നില്ല, മിണ്ടാതിരിക്കുന്നതുകൊണ്ട് സ്‌നേഹം നഷ്ടപ്പെട്ടുവെന്നു വിചാരിക്കാനും പാടില്ല. വേനൽക്കാലങ്ങളിൽ പുഴകൾ വറ്റിവരണ്ടുപോകാറുണ്ട്. പുറമെ ഒരു തുള്ളിപ്പോലും നീരൊഴുക്കില്ലാതെ. പക്ഷേ ആ മണൽപ്പരപ്പിന് ചുവടെ ഉറവകളുണ്ട്. ഒരു മഴ പെയ്താൽ വീണ്ടും പൊട്ടിയൊലിക്കുമെന്ന് ഉറപ്പുള്ള ഉറവകൾ. അതുപോലെയാണ് സ്‌നേഹവും. ചിലപ്പോഴൊക്കെ അതു നമ്മുടെ ഉളളിൽ നിന്നും വറ്റിവരണ്ടുപോകും. വേറെ ചിലപ്പോൾ കാലവർഷത്തിലേതുപോലെ കുത്തിയൊലിക്കും.

ക്ഷമാപണങ്ങളോ തെറ്റുകളോ സ്‌നേഹത്തിലുണ്ടാവുകയില്ലെന്ന് ആരാണ് പറഞ്ഞത്?  ആരോഗ്യപരമായ സ്‌നേഹബന്ധങ്ങളിൽ ക്ഷമാപണങ്ങളുണ്ട്, സന്ധിസംഭാഷണങ്ങളുണ്ട്, വിശ്വാസ്യത വീണ്ടെടുക്കലുണ്ട്. തെറ്റിദ്ധാരണകൾ നീക്കേണ്ടതുണ്ട്. സന്നദ്ധതയും സമർപ്പണവുമുണ്ട്.

സ്‌നേഹത്തെ ഒരു റൊമാന്റിക് ഭാവമായിട്ടാണ് വിലയിരുത്തുന്നത്. തീർച്ചയായും സ്‌നേഹത്തിന് കാല്പനികഭംഗിയുണ്ട്. എന്നാൽ അതിന്റെ റിയലിസം കൂടി നാം ഉൾക്കൊണ്ടിരിക്കണം. സ്‌നേഹ ത്തിന്റെ റിയാലിറ്റി മനസ്സിലാക്കാതെ അതിന്റെ റൊമാന്റിസസം മാത്രം നോക്കിയിരുന്നാൽ നാം നിരാശപ്പെട്ടുപോകും.

More like this
Related

error: Content is protected !!