സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ പല കാര്യങ്ങളെക്കുറിച്ചും നാം കേൾക്കുകയും വായിക്കുകയും ചെയ്യാറുണ്ട്. സമയം പാഴാക്കുന്നതുകൊണ്ട് ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കൈവരിക്കാതെ പോയവരെക്കുറിച്ചും കേട്ടിട്ടുണ്ട്. തീർച്ചയായും സമയം ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ആവശ്യത്തിന് വിശ്രമവും വിനോദവും കൂടി ചേരുമ്പോൾ മാത്രമേ ജീവിതം കൂടുതൽ വിജയപ്രദവും ആസ്വാദ്യകരവുമായിത്തീരുകയുള്ളൂ. ചത്തുകിടന്ന് മീൻ പിടിക്കുക എന്നൊരു ചൊല്ല് നാട്ടിൻപുറങ്ങളിലുണ്ട്. സ്വന്തം ആരോഗ്യമോ സന്തോഷമോ കണക്കിലെടുക്കാതെ എല്ലാസമയവും ജോലി ചെയ്ത് പണം സമ്പാദിക്കുന്നതിനെക്കുറിച്ചാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഈ രീതി തെല്ലും ആശാസ്യമല്ല.
ആവശ്യത്തിന് വിശ്രമവും വിനോദവും മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു അനിവാര്യമാണ്. മികച്ച ചിന്തകൾ രൂപപ്പെടുന്നതിനും ചിന്തകൾക്ക് വ്യക്തതയുണ്ടാവുന്നതിനും പുതിയ ആശയങ്ങൾ രൂപപ്പെടുന്നതിനും ക്രിയാത്മകഫലങ്ങൾ പുറപ്പെടുവിക്കുന്നതിനുമെല്ലാം വിശ്രമം വേണം. വിശ്രമകാര്യങ്ങളിൽ മുമ്പന്തിയിലുള്ളത് ഉറക്കമാണ്. നന്നായിഉറങ്ങുക. അല്ലെങ്കിൽ റിലാക്സ് ചെയ്യുക. ചുമ്മാതിരിക്കുക എന്ന് പറയാറില്ലേ. പ്രത്യേകമായി ഒന്നും ചെയ്യാതെയിരിക്കുക. ഇത് ശരീരത്തെയും മനസ്സിനെയും റീചാർജ് ചെയ്യാൻ സഹായിക്കും. ചുമ്മാതെയിരിക്കുന്ന സമയം ജീവിതത്തിൽ നിന്ന് പാഴാക്കിക്കളഞ്ഞ സമയമാണെന്ന് വിചാരിക്കരുത്. കൂടുതൽ നന്നായി പ്രവർത്തിക്കാനും മികച്ച വിജയങ്ങൾ നേടാനുമുള്ള ഫലപ്രദമായ സമയമാണ് ചുമ്മാതിരിക്കുന്ന സമയം, ഉറങ്ങുന്ന സമയം. മതിയായ ഉറക്കവും വിശ്രമവും വിനോദവും ആരോഗ്യകരമായ ബന്ധങ്ങളും കൂടി ചേരുമ്പോഴാണ് ജീവിതം മനോഹരവും അർത്ഥപൂർണ്ണവുമാകുന്നത്.