നിന്റെ സന്തോഷം എവിടെയാണ്?

Date:

spot_img

ചോക്കുമലയുടെ മുകളിൽ നിന്ന് ചോക്ക് അന്വേഷിക്കുന്നവരെക്കുറിച്ച് ഒരു കഥയുണ്ട്. ആ കഥ  സന്തോഷിക്കാൻ ആഗ്രഹിക്കുന്ന ഭൂരിപക്ഷം പേർക്കും ബാധകവുമാണ്. നമുക്കറിയില്ല നമ്മുടെ സന്തോഷം എവിടെയാണ് കുടികൊള്ളുന്നതെന്ന്. മികച്ച കരിയർ, നല്ല ബന്ധങ്ങൾ, സാമൂഹികാംഗീകാരം, മെച്ചപ്പെട്ട സാമ്പത്തികസ്ഥിതി, രോഗങ്ങളില്ലാത്ത അവസ്ഥ ഇതൊക്കെയാണ് ജീവിതത്തിലെ സന്തോഷങ്ങളുടെ കാരണങ്ങളെന്നാണ് പലരുടെയും ധാരണ. ഇവയിൽ ഏറ്റക്കുറച്ചിൽ അനുഭവപ്പെടുമ്പോഴോ ഇവയിലേതെങ്കിലും ഒന്ന് കുറയുമ്പോഴോ ഒക്കെ സന്തോഷത്തിലും ഏറ്റക്കുറച്ചിലുകൾ വന്നുപോകാറുണ്ട്. ചുറ്റുപാടുകളും വ്യക്തികളുമാണ് നിന്നിലെ സന്തോഷം നിശ്ചയിക്കുന്നതെങ്കിൽ അവരെ ആസ്പദമാക്കിയായിരിക്കും ജീവിതത്തിലെ മുഴുവൻ സന്തോഷങ്ങളും നിശ്ചയിക്കപ്പെടുന്നത്.

വ്യക്തികളിൽ സന്തോഷം കേന്ദ്രീകരിച്ചാൽ അവർ നഷ്ടമായിക്കഴിയുമ്പോൾ നമ്മുടെ ജീവിതം നിരാശാഭരിതമാകും. സംഗതികളിലും സാഹചര്യങ്ങളിലും സന്തോഷം വികേന്ദ്രീകരിച്ചുകഴിയുമ്പോൾ അവ കടന്നുപോയിക്കഴിയുമ്പോഴോ ഇല്ലാതായിക്കഴിയുമ്പോഴോ സന്തോഷിക്കാൻ  കഴിയാതെവരും. സ്വന്തം കഴിവിലോ സമ്പത്തിലോ സൗന്ദര്യത്തിലോ സന്തോഷം കണ്ടെത്തുകയുമരുത്. അതും ഇന്നല്ലെങ്കിൽ നാളെ നഷ്ടപ്പെടുകയോ കുറഞ്ഞുപോവുകയോ ചെയ്യാം. അപ്പോഴും നമുക്ക് സന്തോഷം നഷ്ടപ്പെടാം,
യഥാർത്ഥത്തിൽ നമ്മുടെ സന്തോഷം എവിടെയായിരിക്കണം.  നമ്മുടെ സന്തോഷത്തിന്റെ കാരണക്കാർ ആരായിരിക്കണം?

സത്യത്തിൽ നമ്മുടെ സന്തോഷത്തിന്റെ ഉത്തരവാദിത്വം നമ്മുടെ കൈയിലാണ്. സാഹചര്യങ്ങളെയോ വ്യക്തികളെയോ അക്കാര്യത്തിൽ പഴിക്കേണ്ടതില്ല. അവരൊക്കെ ചില ബാഹ്യഘടകങ്ങൾ മാത്രമാണ്.   കൊച്ചുകുട്ടികൾ ചിലതൊക്കെ കൈയിൽ മുറുകി പിടിച്ചിരിക്കുന്നത്  കണ്ടിട്ടില്ലേ. എന്തുവന്നാലും വി്ട്ടുകൊടുക്കുകയില്ലെന്ന മട്ടിൽ. വലിയ സംഗതികളൊന്നുമായിരിക്കില്ല അവരുടെ കൈയിലുള്ളത്. എങ്കിലും അവരതിൽ സന്തോഷം കണ്ടെത്തുന്നു. മറ്റൊരാൾക്ക് നല്കാൻ അവർ തയ്യാറാകുന്നില്ല,
അതുപോലെയായിരിക്കണം നമ്മളും. ജീവിതത്തിലെ സന്തോഷങ്ങളെ  മുറുകെപിടിക്കുക. നാംഎന്ന വ്യക്തിയായിയിരിക്കണം നമ്മുടെ സന്തോഷങ്ങൾക്ക് കാരണം എനിക്ക് എന്തെല്ലാം ഉണ്ട് എ്ന്നത് ഒരിക്കലും എന്റെ സന്തോഷത്തിന്റെ കാരണമാകരുത്. എനിക്ക് എന്തെല്ലാം ഉണ്ടെങ്കിലും എന്തെല്ലാം ഇല്ലാതെപോയാലും എന്റെ മനസ്സിൽ എനിക്ക് സന്തോഷിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഞാനായിരിക്കുന്ന അവസ്ഥയിൽ,എന്റെ എല്ലാ കുറവുകളോടും പരിമിതികളോടും കൂടെ  സന്തോഷിക്കാൻ എനിക്കാവുന്നുണ്ടോ?
ആരൊക്കെ ശ്രമിച്ചാലും ആരൊക്കെ അപഹരിക്കാൻ ശ്രമിച്ചാലും ജീവിതത്തിലെ നമ്മുടെ സന്തോഷങ്ങളെ നഷ്ടപ്പെടുത്തരുത്.  ബാഹ്യഘടകങ്ങൾ എല്ലാം അനുകൂലമായിക്കഴിഞ്ഞാൽ മാത്രം സന്തോഷിക്കാമെന്ന് കരുതരുത്. പ്രകൃതിയിൽ പോലും അവസ്ഥാഭേദങ്ങൾ പ്രകടമാണ്. വെയിലും മഴയും മഞ്ഞും മാറി വരുന്നുണ്ട്. ജീവിതവും അതുപോലെയാണ്. അവസ്ഥാഭേദങ്ങൾ പലതുണ്ടാവാം. പക്ഷേ സന്തോഷിക്കുമെന്നുള്ള തീരുമാനത്തിൽ മാറ്റമുണ്ടാവരുത്.

എന്തുവന്നാലും ആസ്വദിക്കണമീ
മുന്തിരിച്ചാറുപോലുള്ളൊരീജീവിതത്തെ

എന്ന് ചങ്ങമ്പുഴ പാടിയിട്ടില്ലേ. അതൊരുതരം ജീവിതദർശനമാണ്. നിഷേധാത്മകമായ രീതിയിൽ അതിനെ വിലയിരുത്തുന്നുവരുണ്ട്. പക്ഷേ  ആ വാക്കുകളിൽ ജീവിതാസക്തിയുണ്ട്. ജീവിതത്തോടുള്ള പ്രണയമുണ്ട്. അവനവരിൽ നിന്നുളള പ്രണയത്തിൽ നിന്നാണ് ജീവിതത്തോടുള്ള പ്രണയമുണ്ടാകുന്നത്. അവനവരിൽ പ്രണയം നിറയണമെങ്കിൽ അവനവനിൽ സന്തോഷമുണ്ടായിരിക്കണം.  അവനവനിലെ സന്തോഷങ്ങൾ കെടുത്തരുത്. അവനവനിൽ ചെറിയ ചെറിയ സന്തോഷങ്ങൾ കണ്ടെത്തുക. ആ സന്തോഷങ്ങൾ കൊണ്ട് ജീവിതം നിറയ്ക്കുക.

More like this
Related

ഹാപ്പിയാണോ, ഹാപ്പിയാകണ്ടെ?

ബിബിമോൻ ഹാപ്പിയാണോ...? അടുത്തയിടെ ഹിറ്റായ ആവേശം സിനിമയിലെ അമ്മ ചോദിക്കുന്ന ചോദ്യമാണ്...

നിങ്ങൾ സന്തോഷമുള്ള വ്യക്തിയാണോ?

എന്തിന്റെയൊക്കെയോ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ് നമ്മൾ ഓരോരുത്തരും. ജോലിക്കയറ്റം,  പുതിയ വീട്, കാർ,...

താരതമ്യങ്ങൾ കെടുത്തുന്ന വെളിച്ചങ്ങൾ

സന്തോഷമാണോ ആഗ്രഹിക്കുന്നത്... എങ്കിൽ അതിന് വിഘാതമായി നില്ക്കുന്നവയിൽ നിന്ന് ഒഴിവാക്കേണ്ട ഒന്നാണ്...
error: Content is protected !!