ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും സംയുക്തമായി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ ഇന്ത്യയിലെ എല്ലാ പ്രായക്കാരും കഴിക്കേണ്ടതായ ഭക്ഷണത്തെക്കുറിച്ച് സവിസ്തരം പ്രസ്താവിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഇന്ത്യക്കാരുടെ ഭക്ഷണകാര്യങ്ങളിൽ പ്രധാനപ്പെട്ട പല മാറ്റങ്ങളും വന്നുകഴിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് പോഷകസമ്പുഷ്ടമായ ഭക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ രോഗകാരണങ്ങളിൽ 56.4 ശതമാനവും അനാരോഗ്യകരമായ ഭക്ഷണശീലം വഴിയുണ്ടാകുന്നതാണെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ മാർഗ്ഗനിർദ്ദേശമനുസരിച്ച് ദിവസവും 250 ഗ്രാം ധാന്യങ്ങളം 400 ഗ്രാം പച്ചക്കറിയും 100 ഗ്രാം പഴവർഗ്ഗങ്ങളും 85 ഗ്രാം മുട്ട,/ഫ്രഷ് ഫുഡ് എന്നിവയും 35 ഗ്രാം നട്സും വിത്തും 27 ഗ്രാം ഓയിലും ഭക്ഷണത്തിലുണ്ടായിരിക്കണം.
പഞ്ചസാരയുടെ ഉപയോഗത്തെക്കുറിച്ച് പ്രത്യേകമായി ഇതിൽ പരാമർശിച്ചിട്ടുണ്ട്. രണ്ടുവയസുവരെ പ്രായമുള്ളകുട്ടികൾക്ക് പഞ്ചസാര തീരെ ഒഴിവാക്കണം. ചെറുപ്രായം തൊട്ട് മധുരത്തിന്റെ അമിത ഉപയോഗം ദന്തരോഗങ്ങൾക്ക് വഴിതെളിക്കും. മധുരം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളിൽ പോഷകങ്ങൾ വളരെ കുറവാണ്. ചെറുപ്രായം തൊട്ടേ ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളെ പരിശീലിപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ പോഷകസമ്പുഷ്ടമായ ഭക്ഷണം ശീലമാക്കാൻ പരിശ്രമിക്കുക. അതോടൊപ്പം വ്യായാമവും ശീലമാക്കുക.