സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

Date:

spot_img

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.

സ്‌നേഹം  പൊട്ടിമുളച്ചുവരുന്ന ഒരു വിത്തുപോലെയാണ്..കുഴിച്ചുവച്ച വിത്ത്  അനുകൂലസാഹചര്യത്തിൽ  മുളച്ചുപൊന്തുന്നതുപോലെ സ്‌നേഹിക്കാൻ കൊളളാവുന്നതെന്ന് തോന്നുന്ന നിമിഷത്തിൽ അത് തല നീട്ടുന്നു. പിന്നെ ഇല വരുന്നു,കായ് വരുന്നു, ഫലം ചൂടുന്നു, തണൽ നല്കുന്നു.പോകപോകെ ഇലകൊഴിയുന്നു, ഉണങ്ങുന്നു, വീണ്ടും തളിർക്കുന്നു. 
സ്‌നേഹം സൂര്യനെപ്പോലെയുമാണ്. ഉദിച്ചുയരുന്ന സൂര്യനെ കണക്കെയാണ് അത്. ഉദിച്ചുയരുമ്പോൾ സൂര്യകിരണങ്ങൾക്ക് ചുട്ടുപൊള്ളിക്കുന്ന ചൂടില്ല. സ്‌നേഹവും അങ്ങനെ തന്നെ. രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ എന്തൊരു സൗമ്യതയോടെയാണ് ഇടപെടലുകൾ. പക്ഷേ സ്വാതന്ത്ര്യവും ദു:സ്വാതന്ത്ര്യവുമായിക്കഴിയുമ്പോൾ മീനമാസത്തിലെ നട്ടുച്ചയുടെ ചൂടാണ് സ്‌നേഹത്തിന്. പൊള്ളലേല്പിക്കാനും കറുത്തു കരുവാളിപ്പിക്കാനും കഴിയുന്ന വിധത്തിലേക്ക് സ്‌നേഹം രൂപം മാറുന്നു. തിളച്ചുതൂവിയ പാൽ അടുപ്പിൽ നിന്ന് ഇറക്കിവയ്ക്കുമ്പോൾ ശാന്തമാകുന്നതുപോലെ സ്‌നേഹം പിന്നീട് ശാന്തമാകുകയും ചെയ്യുന്നു.

സായാഹ്നത്തിലെ വെയിൽ കണക്കായിക്കഴിയും അപ്പോഴേയ്ക്കും സ്‌നേഹം. എല്ലാസ്‌നേഹങ്ങൾക്കും ഉയർച്ചകളും താഴ്ചകളുമുണ്ട്. അകലങ്ങളും അടുപ്പങ്ങളുമുണ്ട്. വെറുപ്പം വീഴ്ചകളുമുണ്ട്. കണ്ണീരും  സ്വപ്‌നങ്ങളുമുണ്ട്. ഒരേപോലെയാകുമ്പോൾ സ്‌നേഹം പോലും എത്ര വിരസമായേനേ! 

ഓരോരുത്തരുടെയും സ്‌നേഹത്തിന്റെ രീതികൾ പോലും വ്യത്യസ്തമാണ്. നടപ്പൂരീതിയും ശൈലിയും ഭക്ഷണപ്രിയങ്ങളും നിറവും വണ്ണവും രൂപവും പോലെ.. അവർക്ക് അങ്ങനെയേ സ്‌നേഹിക്കാനാവൂ.  അവരുടെ സ്‌നേഹം അങ്ങനെയാണ്. പിടി്ച്ചുകെട്ടിയും കൂട്ടിലിട്ടും വളർത്തിയിട്ടും ചില മൃഗങ്ങൾ അഴിച്ചുവിട്ടുകഴിയുമ്പോൾ സഹജപ്രവണതകളിലേക്ക് മടങ്ങാറുള്ളതുപോലെ ഏതൊക്കെ രീതിയിൽ തിരുത്തിയെഴുതാൻ ശ്രമിച്ചാലും സ്‌നേഹത്തിന്റെ തനതുവഴികളിൽ നിന്ന് അവർക്ക് മാറിനടക്കാനാവില്ല. അതിന് അവരെ കുറ്റപ്പെടുത്തുന്നതിന് പകരം ആ സ്‌നേഹത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കി സ്വയം തയ്യാറായാൽ മതി. രണ്ടുണ്ട് പ്രയോജനം. അവനവർക്ക് നിരാശപ്പെടേണ്ടിയും വരില്ല മറ്റേ ആൾക്ക് മുറിവേല്‌ക്കേണ്ടിയും വരില്ല.

ചിലർ അധികമൊന്നും സംസാരിക്കേണ്ട ആവശ്യം പോലുമില്ല. വാക്കുകളെക്കാൾ അനുഭവിക്കാൻ കഴിയുന്ന വിധത്തിലാണ് അവരുടെ സ്‌നേഹങ്ങൾ. കാറ്റുപോലെ.. കാറ്റിനെ കാണാനാവുമോ.. ഇല്ല.. വിയർത്തുകുളിച്ചുനില്ക്കുമ്പോൾ കുളിരുമായി കടന്നുവരുന്ന കാറ്റുപോലെയാണ് അവർ. അനുഭവിപ്പിച്ചേ അവർ മടങ്ങൂ. 

സ്‌നേഹത്തെക്കുറിച്ച് എഴുതുമ്പോഴെല്ലാം ഞാൻ നിന്നെയോർക്കുന്നു. നിന്നെയോർമ്മിച്ചെഴുതുന്ന സ്‌നേഹത്തിന്റെ വരികൾക്കെല്ലാം വല്ലാത്ത  സുഗന്ധമുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു. അല്ലെങ്കിൽ സ്‌നേഹത്തെക്കുറിച്ച് എഴുതുമ്പോഴെല്ലാം നീ കടന്നുവരുന്നതാവും.  ഇനി നിനക്കോ  എനിക്കോ ഒരിക്കലും പഴയതുപോലെയാവാനാവില്ല. 

എനിക്കും നിനക്കുമിടയിൽ ഔപചാരികമായ ഒരുപാട് മതിലുകളുമുണ്ട്. പക്ഷേ ഒരു മതിലും ചാടികടക്കേണ്ടാത്തവിധം നമുക്കിടയിൽ ഞാൻ മതിൽതീർത്തിട്ടില്ല എന്നതാണ് എന്റെ ആശ്വാസം. കാരണം സ്‌നേഹമെന്നത് ഒരു വ്യക്തിയുമായി പലതരത്തിൽ അകന്നുപോയിട്ടും വീണ്ടുംവീണ്ടും ആവ്യക്തിയുമായി തന്നെ അകന്നുപോകാൻ കഴിയാത്ത അവസ്ഥയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.  അതിന് പിന്നിലെ ധാർമ്മികപ്രശ്‌നങ്ങളെക്കുറിച്ച് ഞാൻ തലപുകയ്ക്കുന്നുമില്ല. ഞാൻ നിന്നെ സ്‌നേഹിക്കുന്നതുകൊണ്ട് മറ്റുളളവർക്കോ നിനക്കുപോലുമോ എന്റെ സ്‌നേഹത്തിന്റെ പേരിൽ പോറലുകൾ ഉണ്ടാകാത്തതുകൊണ്ടുകൂടിയാണ് അത്. മറ്റുളളവരറിയാതെ ചിലരൊക്കെ ചില നിക്ഷേപങ്ങൾ നടത്താറില്ലേ അതീവരഹസ്യമായി..  അതുപോലെയാണ് നിന്നോടുളള എന്റെ സ്‌നേഹവും.

നിനക്കു മുമ്പും ഞാൻ പലരെയും സ്‌നേഹിച്ചിട്ടുണ്ട്. നിനക്ക് ശേഷവും ഞാൻ പലരെയും സ്‌നേഹിച്ചിട്ടുണ്ട്. ഇപ്പോഴും ഞാൻ  പലരെയും സ്‌നേഹിക്കുന്നുണ്ട്. പക്ഷേ  പലതവണ അകന്നും പലതവണ വെറുത്തും വീണ്ടുംവീണ്ടും ഞാൻ സ്‌നേഹത്തിലായിരിക്കുന്നത് നിന്നോടുമാത്രമേയുള്ളൂ.

കടൽത്തിരപോലെയും പെയ്തുതോരാത്ത മഴപോലെയും ഞാനെന്തിനാണ് നിന്നെ ഇപ്പോഴും ഇങ്ങനെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നത്?

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...
error: Content is protected !!