മുറിവുകൾ തളിർക്കുമ്പോൾ…

Date:

spot_img

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും ഓരോ കഥകൾ ഉണ്ട് . ഇത് കുറിക്കുമ്പോൾ  അനവധി നിരവധി മാനസികവും ശാരീരികവുമായ  മുറിവുകളുടെ കഥകളും തിരക്കഥകളുമൊക്കെ  തിരമാലകൾ കണക്കെ മനസ്സിന്റെ തീരത്ത് തിരതല്ലുകയാണ്. ഈ കഥകളൊക്കെയും ചേർത്തുവച്ച് പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ അത് ഒരുപക്ഷെ ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ   പുസ്തകമായി തീർന്നേനെ എന്ന് തോന്നുന്നു. കാലം മായ്ക്കാത്ത മുറിവുകൾ ഒന്നുമില്ല എന്ന് പഴമക്കാർ അശ്വസിപ്പിക്കുമ്പോളും നിറയെ മുറിവുകളും നീറുന്ന മുറിവുകളുമായി നനഞ്ഞ വിറകുകൊള്ളി കണക്കെ പുകഞ്ഞുകൊണ്ടിരിക്കുന്ന എത്രയോ ജീവിതങ്ങളാണ് നമുക്ക് ചുറ്റിലും ഉള്ളത്. ഇത്തരം വേളകളിൽ വീണുകിടക്കുന്ന കുഞ്ഞിനെ വാരി പുണർന്നു ആശ്വസിപ്പിക്കുന്ന അമ്മയെ കണക്ക് ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ചു പോകാത്ത ആരുണ്ട്.

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട്  താൻ ജീവനുതുല്യം സ്‌നേഹിച്ച ഭാര്യയെ കൊലചെയ്ത് ജീവപര്യന്തരം തടവിന് വിധിക്കപ്പെട്ടിരിക്കുന്ന ഒരു മനുഷ്യനെ ഈ അടുത്ത നാളുകളിലെ ജയിൽ സന്ദർശന വേളയിൽ പരിചയപ്പെടുകയുണ്ടായി. ഒരൊറ്റ നിമിഷത്തെ പാഴ്ചിന്ത കൊണ്ട് ജീവിതം മുഴുവൻ കൊളുത്തി വലിക്കുന്ന വേദനയുമായി ജീവിക്കുന്നൊരാൾ. പിരിയുന്നേരം ‘സാരമില്ല ചേട്ടാ എല്ലാം ശരിയാകും’ എന്ന ആശ്വാസവാക്ക്  ആ മനുഷ്യന്റെ കവിൾത്തടങ്ങളിലൂടെ തീർത്തത് കണ്ണുനീർ  പ്രളയം തന്നെയാണ്. ലാവ കണക്കെ ഒഴുകിയിറങ്ങിയ ആ കണ്ണുനീരിന്റെ ചൂട് ഇപ്പോഴും മനസ്സിനെ പൊള്ളിക്കുന്നുണ്ട്. എന്റെ പ്രിയ സുഹൃത്തേ നിന്റെ രക്തം കിനിയുന്ന മുറിവുകളാണ് എനിക്കും നിനക്കും മധ്യേയുള്ള സൗഹൃദത്തിന്റെ കിളിവാതിൽ. യഥാർത്ഥത്തിൽ മുറിവുകളിലൂടെയാണ് മനുഷ്യനെ അറിയുന്നത്. ഇതിനെ സാധൂകരിക്കും പോലെ ഈ അടുത്ത നാളുകളിൽ വായിച്ച ഒരു സംഭവകഥ അവസാനിക്കുന്നത് ഇങ്ങനെയാണ് ‘ഇതുവരെ കഴിഞ്ഞ 15 വർഷമായി അയാൾ എന്റെ വെറും പരിചയക്കാരനായിരുന്നു ഇന്നുമുതൽ തന്റെ മുറിവുകൾ എന്റെ മുൻപിൽ തുറന്നുകാട്ടിയ ഈ ദിവസം മുതൽ അയാൾ എന്റെ സുഹൃത്താണ്.’

മുറിവിന്റെ ഭാഷ മനസ്സിലാകാത്തവരായി ഈ ലോകത്തിൽ ആരും തന്നെ കാണില്ല. മുറിവ് ഉണർത്തുന്ന ഭാഷകളൊക്കെ സനാതനമാണ്, സാർവ്വത്രികമാണ്. ഒരർത്ഥത്തിൽ മുറിവില്ലാത്ത ഭാഷകളെല്ലാം വെറും കൊച്ചു വർത്തമാനങ്ങളാണ്. മനുഷ്യന്റെ വർത്തമാനങ്ങളെയെല്ലാം മുറിവുകളുടെ അടിസ്ഥാനത്തിൽ തരം തിരിക്കാം എന്ന് തോന്നുന്നു. മുറിപ്പെടുത്തുന്ന വാക്കുകളും മുറിപ്പെടുമെന്നു കരുതി മുറിഞ്ഞു പോകുന്ന വാക്കുകളും. ഏറ്റം ഖേദകരം എന്തെന്നാൽ നമ്മുടെ ഇടയിലും ഇടങ്ങളിലുംമൊക്കെ ഇതിൽ ആദ്യത്തേത് ഗണ്യമായി പെരുകുകയും രണ്ടാമത്തേത് ഗണ്യമായി കുറയുകയുമാണ്  ചെയ്യുന്നത്.

ആയതിനാൽ ഇന്നത്തെ ലോകത്തോട് പ്രഘോഷിക്കേണ്ടത് മുറിവിലൂടെ കടന്നുവരുന്ന പ്രകാശത്തിന്റെ സന്ദേശമാണ്. കാരണം മുറിവുകളുടെ നീളവും വീതിയും ഉയരവും ആഴവും എണ്ണവും ഒന്നുമല്ല മറിച്ച് അതിൽ നിന്ന് ഉരുത്തിരിയുന്ന ഉൾക്കാഴ്ചകളാണ് മനുഷ്യനെ എന്നും പരുവപ്പെടുത്തുന്നതും പ്രകാശിതരാക്കുന്നതും. അപ്പോഴാണ് സ്വർണം ഉലയിൽ ശോധന ചെയ്യപ്പെടുന്നത് പോലെ മുറിവ് അനുഭവങ്ങളിലൂടെ യഥാർത്ഥ മനുഷ്യരും രൂപപ്പെടുക. ഒന്ന് കണ്ണോടിച്ചു നോക്കിയാൽ നമുക്ക് ചുറ്റുമുള്ള ഈ പ്രകൃതി തന്നെ ഇതിനു  ഒരു ദൃഷ്ടാന്തമാണ്. മുളന്തണ്ട് മുരളിയാകുന്നതും, മൺതരി പവിഴമാകുന്നതും, പുഴു പൂമ്പാറ്റ ആകുന്നതുമൊക്കെ മുറിവ് അനുഭവങ്ങളിലൂടെയാണ്. ഒരു സുഹൃത്ത് പങ്കുവച്ചതുപോലെ ”മുറിവുകളൊക്കെ നെല്ലിക്ക പോലെയാണ്. ആദ്യം കയ്ക്കുമെങ്കിലും പിന്നീട് അവ മധുരിക്കുക തന്നെ ചെയ്യും.” എത്രയോ ശരിയായ ഒരു പ്രസ്താവനയാണത്. 

ജീവിതത്തിന്റെ നിലക്കണ്ണാടിയിലൂടെ  നോക്കുമ്പോൾ കടന്നു പോയ പല മുറിവുകളും ഇന്ന് ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്നുണ്ട്, ഉള്ളിൽ ആനന്ദം നിറയ്ക്കുന്നുണ്ട്. കാരണം മുറിവുകളുടെ അളവുകോൽ നിരാശയല്ല പ്രത്യുത പ്രത്യാശയാണ്. പ്രത്യാശയുടെ ലേപനം പുരട്ടിയ മുറിവുകളൊക്കെ ഒരു മായാജാലം പോലെ എത്ര പെട്ടെന്നാണ് ഉണങ്ങുന്നതും, തളിർക്കുന്നതും.ആയതിനാൽ മുറിവുകൾ തളിർക്കുന്ന ആ നന്മനിറഞ്ഞ കാലത്തിനായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.

ജെമിൻ ജോസ്

More like this
Related

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...

പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ...
error: Content is protected !!