വിഡ്ഢിദിനം വിഡ്ഢികളുടെയോ വിഡ്ഢികളാക്കപ്പെട്ടവരുടെയോ ദിനമല്ല മറിച്ച് വർഷത്തിലെ എല്ലാ ദിവസവും നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന അമളികളെക്കുറിച്ച് ഓർത്ത് ചിരിക്കാനുള്ള ദിവസമാണ്- മാർക്ക് ട്വയിൻ
വിദേശരാജ്യങ്ങളിൽ മാത്രം ആചരിച്ചുകൊണ്ടിരുന്ന വിഡ്ഢിദിനം ഇന്ത്യയിൽ ആഘോഷിച്ചുതുടങ്ങിയത് ബ്രിട്ടീഷുകാരുടെ വരവോടെയായിരുന്നു. ഇംഗ്ലണ്ടിലും സ്കോട്ട്ലാന്റിലും വിഡ്ഢിദിനം ആഘോഷിക്കാൻ ആരംഭിച്ചത് പതിനെട്ടാം നൂറ്റാണ്ടോടെയായിരുന്നു. ഏപ്രിൽ ഒന്നിനാണ് വിഡ്ഢിദിനം പൊതുവെ ആഘോഷിക്കുന്നതെങ്കിലും മെക്സിക്കോയിൽ ഡിസംബർ 28 ആണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. പോർച്ചുഗീസുകാരാകട്ടെ ഈസ്റ്റർ നോമ്പിന്റെ നാല്പതാം ദിവസം മുമ്പുള്ള ഞായർ, ,തിങ്കൾ ദിവസങ്ങളിലായിട്ടാണ് വിഡ്ഢിദിനം ആഘോഷിക്കുന്നത്.
പലപല കഥകളും ഇങ്ങനെയൊരു ദിനാചരണത്തിന് പിന്നിലുണ്ട്. ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്കുള്ള മാറ്റത്തെ പരിഹസിക്കാനാണ് ഏപ്രിൽ ഫൂൾദിനാചരണം ആരംഭിച്ചതെന്നാണ് ഇതിൽ കൂടുതൽ പ്രചരിച്ച കഥ. 1582 വരെ ജൂലിയൻ കലണ്ടറായിരുന്നു നിലവിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ 1582 ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ജൂലിയൻ കലണ്ടറിനെ പരിഷ്ക്കരിച്ച് ഗ്രിഗോറിയൻ കലണ്ടർ നടപ്പിലാക്കി. അതനുസരിച്ച് പുതുവർഷം ജനുവരി ഒന്നിലേക്ക് മാറ്റി. ഈ മാറ്റത്തിന് മുമ്പ് ഏപ്രിൽ ഒന്നിനായിരുന്നു പുതുവർഷം ആചരിച്ചിരുന്നത്.
പക്ഷേ പല ജനങ്ങളും ഇങ്ങനെയൊരു മാറ്റത്തെക്കുറിച്ച് അറിഞ്ഞില്ല. ഇന്നത്തേതുപോലെ വാർത്താവിനിമയ മാധ്യമങ്ങൾ അക്കാലത്ത് ഇല്ലായിരുന്നുവല്ലോ. സ്വഭാവികമായും കലണ്ടർ മാറ്റവും പുതുവർഷമാറ്റവും ജനങ്ങൾ അറിയാതെ പോയി. ഈ സാഹചര്യത്തിൽ ചിലർ ജനുവരി ഒന്നിനും വേറെ ചിലർ ഏപ്രിൽ ഒന്നിനും പുതുവർഷം ആഘോഷിച്ചുതുടങ്ങി. പുതിയ മാറ്റം അറിയാതെ പഴയതുപോലെ ഏപ്രിൽ ഒന്നിന് പുതുവർഷം ആഘോഷിച്ചവർ മണ്ടന്മാരായി. അതോടൊപ്പം തന്നെ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തവരെല്ലാം മണ്ടന്മാരായി വിശേഷിപ്പിക്കപ്പെടാനും ആരംഭിച്ചു. ഇങ്ങനെയാണ് ഏപ്രിൽ ഒന്ന് വിഡ്ഢിദിനമായി ആചരിച്ചുതുടങ്ങിയത്.
മറ്റുള്ളവരെ വിഡ്ഢികളാക്കാനാണ് ഈ ദിവസം പൊതുവെ എല്ലാവരും മത്സരിക്കുന്നത്.ചെറുതും വലുതുമായ നുണകൾ പറഞ്ഞ് ആളുകളെ പറ്റിക്കുന്നതിൽ മത്സരിക്കുന്നവർ ഇക്കാലത്തുണ്ട്. ലോകജനത മുഴുവനും തന്നെ ഏപ്രിൽ ഫൂൾ ആഘോഷിക്കുന്നുണ്ട്. ഒരു നേരമ്പോക്കിനപ്പുറം വലിയ പ്രശ്നങ്ങളിലേക്ക് ഏപ്രിൽ ഒന്ന് ആഘോഷങ്ങൾ എത്തിച്ചേരാതിരിക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്.