കുട്ടികളെ പോസിറ്റീവാക്കാം

Date:

spot_img

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ മാർക്കിന്റെ തിളക്കത്തിലോ മാത്രമല്ല കുട്ടികളുടെ മിടുക്ക് നാം കണക്കാക്കേണ്ടത്. കുട്ടികളുടെ ജീവിതസമീപനവും കാഴ്ചപ്പാടുകളും പെരുമാറ്റവും ശുഭാപ്തിവിശ്വാസവും എല്ലാം അവരെ മിടുക്കരാക്കി മാറ്റുന്ന ഘടകങ്ങളാണ്. എന്നാൽ ഇവയെല്ലാം നൊടിയിടെ കൊണ്ട് സംഭവിക്കുന്നവയല്ല.
 മക്കളെയോർത്ത് പലകാരണങ്ങൾ കൊണ്ടും ടെൻഷൻ അനുഭവിക്കുന്നവരാണ് മാതാപിതാക്കൾ. നാം കടന്നുപോകുന്ന ലോകത്തു നിന്ന് കിട്ടുന്ന വാർത്തകൾ അത്തരം ആശങ്കകളെ വർദ്ധിപ്പിക്കുന്നവയുമാണ്. ലോകം തങ്ങളുടെ കുട്ടികളെ നെഗറ്റീവാക്കി മാറ്റുമോയെന്ന്  ഭയപ്പെടുന്ന മാതാപിതാക്കൾ മക്കളുടെ ദിനചര്യകളെ വേണ്ടവിധം ക്രമീകരിച്ചാൽ അവയിൽ നിന്ന് വിമുക്തരാവുക തന്നെ ചെയ്യും. അതിനാദ്യംചെയ്യേണ്ടത്  ചില നല്ല ശീലങ്ങൾ കുട്ടികളെ പഠിപ്പിക്കുകയാണ്. അതുവഴിയായി അവരിൽ പോസിറ്റീവ് മനോഭാവങ്ങൾ രൂപപ്പെട്ടുകൊള്ളും. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ:

വായനാശീലം വളർത്തിയെടുക്കുക

സോഷ്യൽ മീഡിയായുടെ ഇക്കാലത്തും  പുസ്തകവായനയുടെ അതും അച്ചടി പുസ്തകങ്ങളുടെ പ്രസക്തി ഇല്ലാതായിട്ടില്ല. വായനയും പുസ്തകങ്ങളും ഒരു സംസ്‌കാരം ഇവിടെ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ഇന്ന് സമൂഹം ആർജ്ജിച്ചിരിക്കുന്ന നന്മകളെല്ലാം  പുസ്തകവായനയുമായി ബന്ധപ്പെട്ട് ആവിർഭവിച്ചവയുമാണ്. അതുകൊണ്ട് കുട്ടികളെ പുസ്തകങ്ങളുടെ കൂട്ടുകാരാക്കി മാറ്റുക. നല്ല പുസ്തകങ്ങൾ അവരെക്കൊണ്ട് വായിപ്പിക്കുക. പാഠപുസ്തകങ്ങൾക്ക് പുറമെ ദിവസം പാഠ്യേതര വിഷയങ്ങൾ പ്രതിപാദിക്കുന്ന പുസ്തകങ്ങൾ ഒന്നോ രണ്ടോ പേജെങ്കിലും വായിക്കാൻ ശീലിപ്പിക്കുക.

മറ്റുള്ളവരെ ആദരിക്കാൻ പഠിപ്പിക്കുക

ഇന്ന് കുട്ടികൾക്ക് മുതിർന്നവരോടുള്ള ബഹുമാനവും ആദരവും കുറഞ്ഞുവന്നുകൊണ്ടിരിക്കുകയാണ്. എല്ലാവരും ഒരുപോലെയെന്ന മട്ടാണ് പുതുതലമുറയ്ക്ക്. തുല്യതയുടെ തലതിരിഞ്ഞ  സാധ്യതകളെക്കുറിച്ചാണ് അവർ സംസാരിക്കുന്നത്. ഇങ്ങനെയൊരു അന്തരീക്ഷത്തിൽ മറ്റുള്ളവരെ ആദരിക്കാൻ കുട്ടികളെ പഠിപ്പിക്കുക.  നാം കൊടുക്കുന്നതെല്ലാം തിരികെ കിട്ടുമെന്നത് പ്രപഞ്ച സത്യംകൂടിയാണ്. മറ്റുളളവരെ ആദരിക്കുന്നതിലൂടെ നമ്മളും ആദരിക്കപ്പെടുകയാണെന്ന് മറക്കരുത്.

ശുഭാപ്തിവിശ്വാസം പഠിപ്പിക്കുക

ലോകത്തെക്കുറിച്ചും വ്യക്തികളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും  നല്ലതുമാത്രം സംസാരിക്കാൻ ശ്രദ്ധിക്കുക. വളരെ നിരാശാജനകമായി സംസാരിക്കുന്ന പല കാര്യങ്ങളും കുട്ടികളിലും അശുഭാപ്തിയാണ് നിറയ്ക്കുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാൻ പ്രതീക്ഷയെക്കുറിച്ച് സംസാരിക്കുക. നന്മകളെക്കുറിച്ച് സംസാരിക്കുക. ഏതൊരു സംഭവത്തിലും പോസിറ്റീവ് വശമുണ്ടെന്ന് അവർക്ക് പറഞ്ഞുകൊടുക്കാൻ മറക്കരുത്.

നന്ദിപറയാൻ പഠിപ്പിക്കുക

നന്ദിപറയാൻ കുട്ടികളെ പഠിപ്പിക്കുക. അവർ നന്ദിയുള്ളവരായി മാറിക്കോളും. പണം കൊടുത്തുവാങ്ങുന്ന സേവനങ്ങൾക്ക് പോലും നന്ദി പറഞ്ഞുതുടങ്ങുക.  ഉദാഹരണത്തിന് ഒരു ടാക്സി ഡ്രൈവറോട്, മാളിലെ ജോലിക്കാരിയോട്, ഹോട്ടലിലെ വെയിറ്ററോട്.. അതുകേട്ടുവളരുന്ന കുട്ടിയുടെ മനസ്സിലും നന്ദിയുടെ സംസ്‌കാരം രൂപപ്പെടും. എല്ലാവരുടെയും സഹായസഹകരണങ്ങൾ കൊണ്ടാണ് സുഖക രമായി ജീവിക്കുന്നതെന്ന് മനസ്സിലായിക്കഴിയുമ്പോൾ എല്ലാറ്റിനോടും എല്ലാവരോടും നന്ദിയുള്ളവരായി മാറും.

ഒരുമിച്ചായിരിക്കാൻ ശ്രദ്ധിക്കുക

കുട്ടികളുമൊത്ത് സമയംചെലവഴിക്കുക.  അവരെ കേൾക്കുക. അവരുമായി വിനോദങ്ങളിൽ ഏർപ്പെടുക. വ്യക്തിപരമായ വളർച്ചയ്ക്കും മാനസികവികാസത്തിനും കുടുംബം നല്കുന്നത്ര  നല്കാൻ മറ്റൊന്നിനും കഴിയില്ല.

More like this
Related

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

എത്രത്തോളം കർക്കശക്കാരാവാം?

ഏറ്റവും  ബുദ്ധിമുട്ടേറിയ ഒരു ജോലിയായിട്ടാണ് പേരന്റിംങിനെ ഇന്ന് ലോകം കാണുന്നത്. കാരണം...
error: Content is protected !!