എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പല
വിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം, സാമ്പത്തിക വിജയം, ബിസിനസ് വിജയം, ജോലിവിജയം..എന്താണെങ്കിലും വേണ്ടില്ല വിജയിച്ചാൽ മതി. വിജയിക്കാത്തവൻ ജീവിക്കാൻ അർഹനല്ല. ഇങ്ങനെയൊരു കാഴ്ചപ്പാടാണ് പൊതുവെയു ള്ളത്.
പക്ഷേ യഥാർത്ഥവിജയം എന്താണെന്നും അതിലേക്ക് എങ്ങനെയാണ് എത്തുന്നതെന്നുമാണ് 12വേ ളമശഹ എന്ന സിനിമ പറഞ്ഞുതരുന്നത്. വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്നും എങ്ങനെയെങ്കിലും വിജയിക്കുന്നതല്ല അർഹതയോടും ന്യായത്തോടും അദ്ധ്വാനത്തോടും കൂടി വിജയിക്കുന്നതാണ് യഥാർത്ഥവിജയമെന്നും പറഞ്ഞുതരുന്ന സിനിമ. അത്തരമൊരു വിജയത്തിലേക്ക് നയിക്കാൻ അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് ചില മാലാഖമാർ കടന്നുവരുക തന്നെ ചെയ്യുമെന്നും ഈ സിനിമ വാഗ്ദാനം നല്കുന്നുണ്ട്.
2023 ഒക്ടോബർ 27 ന് പ്രദർശനത്തിനെത്തിയതാണെങ്കിലും അടുത്തയിടെ ഒടിടി വഴിയാണ് ചിത്രം ശ്രദ്ധ നേടിയെടുത്തത്. ഇന്ത്യൻ പോലീസ് സർവീസ് ഓഫീസറായ മനോജ് കുമാർ ശർമ്മയുടെ യഥാർത്ഥ ജീവിതകഥയാണ് ഇവിടെ ചലച്ചിത്രാവിഷ്‌ക്കാരം നേടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിലെ സംഭവങ്ങളെയും കഥാപാത്രങ്ങളെയും അവിശ്വസിക്കേണ്ടതില്ല.
സ്വപ്നങ്ങൾ സ്വന്തമാക്കാനുള്ള യാത്രയിൽ മനോജ് എന്ന ചെറുപ്പക്കാരൻ നേരിടുന്ന വെല്ലുവിളികളും അതിനെ അവൻ ഏതെല്ലാം വിധത്തിലാണ് അതിജീവിക്കുന്നതെന്നുമാണ് ഈ സിനിമ പറയുന്നതെന്ന് ചുരുക്കത്തിൽ എഴുതാം. എന്നാൽ അങ്ങനെയൊരു ഒറ്റവാക്കിൽ ഒതുക്കിനിർത്തേണ്ടതല്ല ഈ സിനിമ. വിവിധ മാനങ്ങളുള്ള ഒരു സിനിമയാണ് ഇത്.
സത്യസന്ധനായ അച്ഛൻ മുതൽ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന പോലീസുദ്യോഗസ്ഥൻ ദുഷ്യന്തൻവരെ മനോജിന്റെജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. അതുപോലെ അവിചാരിതമായി ഹോട്ടലിൽ വച്ച് കണ്ടുമുട്ടുന്ന സുഹൃത്ത്. ഒന്നുമില്ലാത്തവനാണെന്ന് അറിഞ്ഞിട്ടും മനോജിനെ പ്രണയിക്കാൻ സന്നദ്ധയാവുന്ന പിന്നീട് ഭാര്യയായിത്തീർന്ന ശ്രദ്ധ, എന്തിനേറെ മനോജിന് സൗജന്യമായി ഭക്ഷണംനല്കുന്ന ഹോട്ടലുടമ പോലും മനസ്സിൽ മായാതെ നില്ക്കുന്ന കഥാപാത്രങ്ങളാണ്.
നമ്മുടെ ചെറുപ്പക്കാരെയെല്ലാം നിശ്ചയമായും കാണിച്ചിരിക്കേണ്ട ഒരു സിനിമ കൂടിയാണ് ഇത്. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി, അലസരായി ജീവിച്ച് സ്വന്തം കുടുംബത്തിന് തന്നെ ഭാരമായി മാറിയിരിക്കുന്ന പുതുതലമുറയിലെ ന്യൂനപക്ഷത്തിനെങ്കിലും ഈ സിനിമ ഒരുപ്രചോദനമായി മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
അസാധാരണമായ വിധത്തിൽ പോസിറ്റീവ് ചിന്തകൾ നല്കാൻ കഴിയുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കണ്ണുനനയ്ക്കാനും മനസ്സ് നിറയ്ക്കാനും ഇതിന് കഴിവുണ്ട്.. സിനിമ കണ്ടുതീരുമ്പോഴും മനസ്സിൽ ആവർത്തിച്ചുമുഴങ്ങുന്നത് ഒരൊറ്റ വാക്കാണ്. റീ സ്റ്റാർട്ട്… റീ സ്റ്റാർട്ട്…
അതെ, ജീവിതത്തിൽ ചില ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള ഓട്ടത്തിനിടയിൽ എത്ര ശ്രമിച്ചിട്ടും പരാജയപ്പെട്ടുപോയവരായിരിക്കാം നമ്മൾ. പരാജയപ്പെട്ടുവെന്ന് കരുതി പരിശ്രമം അവസാനിപ്പിക്കാതിരിക്കുക. എല്ലാം പുതുതായി വീണ്ടും ആരംഭിക്കുക. മനസ്സ് മടുക്കാതെ… പ്രതീക്ഷ കൈവിടാതെ… അതുകൊണ്ട് ഈ സിനിമയുടെ സന്ദേശവും അതുതന്നെയാണ്. റീസ്റ്റാർട്ട്…