പോസിറ്റീവാകൂ നല്ലതുപോലെ…

Date:

spot_img


കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും വ്യക്തികളുടെ മനസ്സിനും ശരീരത്തിനും ഗുണം ചെയ്യും. ഭാവിജീവിതത്തിലേക്കുള്ള നല്ലൊരു വഴികാട്ടി കൂടിയാണ് പോസിറ്റീവ് ചിന്തകൾ. 

പക്ഷേ നമ്മളിൽ പലരും പോസിറ്റീവ് അല്ല. അല്ലെങ്കിൽ എപ്പോഴും പോസിറ്റീവ് ആയിരിക്കാൻ നമുക്ക് സാധിക്കാറില്ല. പോസിറ്റീവായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് ജീവിച്ചിരിക്കുന്നതിന് തന്നെ അർത്ഥമുള്ളതായി  അനുഭവപ്പെടുന്നത്. തലച്ചോറിന് പുതിയ പുതിയ നല്ലചിന്തകൾ നല്കുന്നതു വഴി പോസിറ്റീവായിത്തീരാൻ സാധിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. പോസിറ്റീവായ കാര്യങ്ങൾ പ്രകടമായി ജീവിതത്തിൽ അനുഭവപ്പെടാത്തപ്പോഴും ബോധപൂർവ്വം പോസിറ്റീവാകാൻ ശ്രമിക്കുക. അവനവനോട്തന്നെ പോസിറ്റീവായി സംസാരിക്കുക. ആന്തരികമായി ശുഭാപ്തിവിശ്വാസം അനുഭവപ്പെടുന്ന ഒരാൾക്ക് പോസിറ്റീവാകാതിരിക്കാനാവില്ല. 

ഇടയ്ക്കിടെ അവനവനെ തന്നെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും അത്യാവശ്യമാണ്. എന്റെ ചിന്തകൾ നെഗറ്റീവാണോ.. ഞാൻ നിഷേധാത്മകമായിട്ടാണോ സംസാരിക്കുന്നത്.. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാടുകൾ നിരാശാഭരിതമാണോ.. അങ്ങനെയാണെങ്കിൽ അവയെ പോസിറ്റീവായി മാറ്റിയെടുക്കുക. ഇതിന് പുറമെ മറ്റ് ചില കാര്യങ്ങളിൽ കൂടി നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.  അവ ഏതൊക്കെയെന്ന് നോക്കാം.

നന്ദി  പറയാനുള്ള  സാഹചര്യങ്ങൾ രേഖപ്പെടുത്തുക

നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്തത്ര വിധത്തിലുള്ള അനുഗ്രഹങ്ങൾ ജീവിതത്തിൽ സ്വന്തമായുള്ളവരാണ് നമ്മളിൽ ഭൂരിപക്ഷവും. വലുതും ചെറുതുമായ ഒരുപാട് അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാൽ മനസ് നിരാശാഭരിതമാകുമ്പോൾ ഈ അനുഗ്രഹങ്ങളെക്കുറിച്ച് നാം ഓർമ്മിക്കാറില്ല. ജീവിതത്തിൽ ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെ വിസ്മരിക്കുമ്പോൾ മനസ്സും നിരാശാഭരിതമാകും. അതുകൊണ്ട് ജീവിതത്തിൽ ലഭിച്ചിരിക്കുന്ന നന്മകൾക്ക്  നന്ദി പറയുക. നന്ദി പറയാനുള്ള സാഹചര്യങ്ങൾ എഴുതി സൂക്ഷിക്കുക. ഓരോ ദിവസം പോലും എത്രയെത്ര നന്മകളാണ് നാം അനുഭവിച്ചിട്ടുള്ളത്. ഒരുപ്രഭാതത്തിൽ ഉറക്കമുണർന്ന് എണീറ്റ് വരുമ്പോൾ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്ന് തലേ ദിവസംകിട്ടിയ നന്മകളെല്ലാം കുറിച്ചുവയ്ക്കുകയും അതിനെപ്രതി നന്ദി പറയുന്നതുമാവട്ടെ. അപ്പോൾ തന്നെ ആ പ്രഭാതം മുതൽ പ്രദോഷം വരെ ജീവിതം പ്രസാദഭരിതമാകും. ക്രിയാത്മകമാകും.

പോസിറ്റീവായി  ചിന്തിക്കുന്നവരുടെ കൂടെ  ചെലവഴിക്കുക

എല്ലാ കാര്യങ്ങളിലും നെഗറ്റീവ് ചിന്തിക്കുകയും ചുറ്റുപാടുകളിൽ നെഗറ്റിവിറ്റി പ്രസരിപ്പിക്കുന്നവരുമുണ്ട്. ഓ അതൊന്നും ശരിയാവുകേലെന്നേ..  നമ്മളൊന്നും ഗതിപിടിക്കാൻ പോകുന്നില്ല ഇങ്ങനെ പറഞ്ഞ് മറ്റുള്ളവരെക്കൂടി നെഗറ്റീവാക്കിമാറ്റുന്നവരാണ് ചിലരെങ്കിലും. അവരിൽ നിന്ന് ഓടി രക്ഷപ്പെടുക. ഒന്നിലധികം തവണ നെഗറ്റീവായി സംസാരിക്കുന്നവരുമായുള്ള സഹവാസവും സൗഹൃദവും ബോധപൂർവ്വം ഒഴിവാക്കുക. അവരെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നതിനെക്കാൾ നല്ലത് അവരിൽ നിന്ന് ഒഴിഞ്ഞുനില്ക്കുന്നതായിരിക്കും. അവരെ വെറുക്കണമെന്നോ ഉപേകഷിക്കണമെന്നോ അല്ല അതിനർത്ഥം. മറിച്ച് നമ്മുടെ മനസ്സിന്റെ ശാന്തത തകർക്കാൻ ആരെയും അനുവദിക്കാതിരിക്കുക എന്ന് മാത്രമേ ഉദ്ദേശിക്കുന്നുളളൂ.

ഞാൻ പോസിറ്റീവാണ്

ദിവസവും ഒരു തവണയെങ്കിലും സ്വയം പറ യേണ്ട ഒരു വാക്കാണ് ഇത്. നെഗറ്റീവ് അനുഭവങ്ങൾ തലച്ചോറിൽ കയറിക്കൂടിയാൽ ഒഴിവാക്കാൻ ഏറെ പ്രയാസമാണ്. എവിടെയെങ്കിലും കയറിക്കൂടിയവയെ പതുക്കെ കഴുകിക്കളയാൻ ഈ പരിശീലനം ഏറെ സഹായകരമാണ്. കൂടാതെ ജീവിതത്തിലെ പോസിറ്റീവായ എക്സ്പീരിയൻസുകളിലേക്ക്, സന്തോഷകരമായഓർമ്മകളിലേക്ക് 30 സെക്കന്റെങ്കിലും ബോധപൂർവ്വം ശ്രദ്ധ കേന്ദ്രീകരിക്കുക. പോസിറ്റിവാണെന്ന് സ്വയം വിശ്വസിച്ചുതുടങ്ങുന്ന ഒരാൾക്ക് താൻ കടന്നുപോകുന്ന സ്ട്രസുകളെ കീഴടക്കാനും കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കാനും സാധിക്കും.

മനസ്സിനെയും  ശരീരത്തെയും പരിഗണിക്കുക

ചിലർ ശരീരത്തിന് കൊടുക്കുന്ന പരിഗണന മനസ്സിന് കൊടുക്കാറില്ല. അതുപോലെ തിരിച്ചും. പക്ഷേ രണ്ടും കൂടിയതാണ് മനുഷ്യർ. അതുകൊണ്ട് ശരീരത്തിനും മനസ്സിനും ഒന്നുപോലെ പരിഗണന കൊടുക്കുക. സെൽഫ് കെയർ എന്നാണ് ഇതേക്കുറിച്ച് പൊതുവെ പറയാനുളളത്. അണിഞ്ഞൊരുങ്ങാനും മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും ശ്രമിക്കുക. ആത്മവിശ്വാസം അനുഭവപ്പെടുന്നതരത്തിലുള്ള വേഷവിധാനത്തിലും ശ്രദ്ധിക്കുക. മനസ്സിന്റെ ആരോഗ്യത്തിന് മെഡിറ്റേഷൻ, യോഗ തുടങ്ങിയവ പരിശീലിക്കുക.

More like this
Related

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...

പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ...
error: Content is protected !!