പരസ്പരം തേടുന്നത്..

Date:

spot_img

ഏതൊക്കെയോ തരത്തിൽ പലതരം ബന്ധങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നവരാണ് മനുഷ്യർ. പല വിഭാഗം ബന്ധങ്ങളുടെ ലോകത്തിലാണ് അവർ ജീവിക്കുന്നതും. എന്നിട്ടും എല്ലാ ബന്ധങ്ങളും ആഗ്രഹിക്കുകയോ അർഹിക്കുകയോ ചെയ്യുന്നവിധത്തിലുള്ള പൂർണ്ണതയുടെ തലത്തിലേക്ക് ഉയരുന്നില്ല. ആരംഭത്തിൽ തീവ്രമായിരുന്ന ബന്ധങ്ങൾ കാലക്രമേണ തണുത്തുറയുകയോ വിട്ടുപേക്ഷിക്കപ്പെടുകയോ ചെയ്യുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?  വൈകാരികമായി തൃപ്തി അനുഭവിക്കാൻ സാധിക്കുന്നില്ല എന്നതാണ് ഇവിടെ പ്രശ്നമായി മാറുന്നത്. സുഹൃദ്ബന്ധങ്ങളിലും ഭാര്യഭർത്തൃബന്ധത്തിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഏതൊരു ബന്ധത്തിലും പരസ്പരം കൊടുക്കേണ്ടതും ആഗ്രഹിക്കുന്നതുമായ  ചില  ഘടകങ്ങളുണ്ട്. ഇവയുടെ അനുപാതം കൃത്യമാണെങ്കിൽ അത്തരം ബന്ധങ്ങൾ ദീർഘകാലം നിലനില്ക്കും. ഇല്ലെങ്കിൽ ആദ്യം പറഞ്ഞതുപോലെ പാതിവഴിയിൽ അവസാനിക്കും. എന്തൊക്കെയാണ് ഈ ഘടകങ്ങൾ?

 ആദരവ്

എല്ലാ മനുഷ്യരും താൻ മറ്റുള്ളവരാൽ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യണമെന്ന ആഗ്രഹമുള്ളവരാണ്. സ്ത്രീകളെക്കാൾ ഒരു പക്ഷേ പുരുഷന്മാരായിരിക്കും ഇതേറെ ആവശ്യപ്പെടുന്നത്. ഒരു ഓഫീസർ ആഗ്രഹിക്കുന്നത് കീഴുദ്യോഗസ്ഥരെല്ലാം തന്നെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നാണ്. കുടുംബനാഥൻ എന്ന നിലയിലും ഇതേറെ ബാധകമാണ്. താൻ ആദരിക്കപ്പെടുന്നില്ലെന്ന് മനസ്സിലാവുന്നതോടെ അയാൾ അസ്വസ്ഥനാകുന്നു. പുരുഷന്മാർ കൂടുതൽ ആദരിക്കപ്പെടുമ്പോൾ അവരുടെ ആത്മവിശ്വാസം ഇരട്ടിയാകുന്നതായി  പഠനങ്ങൾ പറയുന്നു.

സ്വീകാര്യത

ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുക യും ചെയ്യുന്നത് സ്വീകരിക്കപ്പെടുമ്പോഴാണല്ലോ  ബന്ധങ്ങളിൽ താൻ തുടർച്ചയായി തിരസ്‌ക്കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന് തിരിച്ചറിയുമ്പോൾ ബന്ധങ്ങളിൽ വിള്ളലുകൾ ആരംഭിക്കും. മറ്റേ വ്യക്തിയുടെ ജീവിതത്തിൽ താൻ പ്രധാനപ്പെട്ട ആളല്ലെന്ന ധാരണയായിരിക്കും അത് അവരിൽ സൃഷ്ടിക്കുന്നത്. മറ്റുള്ളവർക്ക് സന്തോഷത്തോടും താല്പര്യത്തോടുംകൂടി പരിചയപ്പെടുത്തുന്നത് മറ്റും സ്വീകരിക്കപ്പെടുന്നതിന്റെ സൂചനയാണ്.

വിശ്വാസം

പരസ്പരം വിശ്വസിക്കാൻ കഴിയണം.  ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം  വിശ്വാസമാണ്. വിശ്വാസമില്ലാതെ  ബന്ധങ്ങൾക്ക് മുന്നോട്ടുപോകാനാവില്ല. വിശ്വാസം തോന്നാത്ത ഒരാളോട് ഹൃദയംതുറന്ന് സംസാരിക്കാനാവില്ല. സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാനുമാവില്ല. വിശ്വാസം ആർ്ജ്ജിച്ചെടുക്കാൻ ഏറെ സമയം വേണമെങ്കിലും അത് തകരാൻ നിമിഷനേരം മാത്രം മതിയാവും.

താല്പര്യം

വ്യക്തികൾക്ക് പരസ്പരം താല്പര്യം ഉണ്ടായിരിക്കണം. താല്പര്യമെന്ന് പറയുന്നത് മറ്റേ ആളുടെ വിവിധങ്ങളായ ആവശ്യങ്ങളിലുള്ള സഹായം നല്കലും ക്ഷേമം ആഗ്രഹിക്കുന്ന പ്രവർത്തനങ്ങളുമാണ്. രോഗം, പരാജയം, നഷ്ടങ്ങൾ തുടങ്ങിയവയൊക്കെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്നവയാണ്. ഇത്തരം അവസ്ഥകളിൽ ആ വ്യക്തിക്ക് നല്കുന്ന മാനസികമായ പിന്തുണയും അയാളുടെ അവസ്ഥകളെയോർത്തുള്ള സഹതാപവും താല്പര്യവും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ സഹായകമാണ്. ഉദാഹരണത്തിന് ഒരുസുഹൃത്തിന്റെ അടുത്ത ബന്ധു മരിച്ചു. അതറിഞ്ഞ് ഓടിച്ചെല്ലുക. ആ ദു:ഖത്തിൽ നിന്ന് പുറത്തുവരാൻ സഹായിക്കുക. അല്ലെങ്കിൽ മികച്ചൊരു വിജയം നേടിയെന്ന് കരുതുക. അയാളെ അഭിനന്ദിക്കുക. പ്രോത്സാഹിപ്പിക്കുക. മറ്റേ വ്യക്തിയുടെ ജീവിതത്തിലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒരേപോലെ താല്പര്യമുണ്ടായിരിക്കുക. അത് ബോധ്യമാകുന്ന വിധത്തിൽ പ്രകടിപ്പിക്കുകയും ചെയ്യുക.

ആകർഷണീയത

പരസ്പരമുളള ആകർഷണീയത പ്രധാനപ്പെട്ടതാണ്. സ്ത്രീപുരുഷ ബന്ധത്തിൽ പ്രത്യേകിച്ചും. സ്ത്രീപുരുഷ ബന്ധത്തിലെ ആകർഷണീയതയ്ക്ക് ലൈംഗികതയുമായി കൂടി ബന്ധമുണ്ട്. ലൈംഗികപരമായി ആകർഷണീയത പരസ്പരം തോന്നുന്നില്ല എങ്കിൽ അവരുടെ ബന്ധം ദുർബലമായി പോകാൻസാധ്യതയുണ്ട്.

സത്യസന്ധത

സത്യസന്ധതയുള്ള ഒരു പങ്കാളി അമൂല്യമായ നിധിയാണ്. അത് ലഭിച്ച വ്യക്തി കൂടുതൽ സുരക്ഷിതത്വബോധം അനുഭവിക്കും. സത്യസന്ധരാകാതെയുളള ബന്ധങ്ങൾക്ക് അല്പകാല ആയുസ് മാത്രമേയുണ്ടായിരിക്കുകയുള്ളൂ.

പ്രതിബദ്ധത

കുടുംബവുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് ചർച്ച ചെയ്യേണ്ടത്. കുടുംബങ്ങളിൽ  കമ്മിറ്റ് മെന്റ് പുലർത്തുന്ന വ്യക്തിക്ക് കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ സാധിക്കും. അതേ സമയം ജീവിതപങ്കാളിയുടെയോ മക്കളുടെയോമാതാപിതാക്കളുടെയോ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താതെ ജീവിക്കുന്ന ഒരാൾക്ക് കുടുംബത്തിലോ വെളിയിലോ ആഴമേറിയ ബന്ധം സ്ഥാപിക്കാൻ കഴിയുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സുരക്ഷിതത്വബോധം

ചില കൂട്ടുകാരുടെ ഒപ്പം യാത്ര ചെയ്യുമ്പോൾ നാം കൂടുതൽ കംഫർട്ടബിളാണ്. കാരണം അവരുടെ സാന്നിധ്യം നമുക്ക് സുരക്ഷിതത്വബോധം നല്കുന്നു.നാം സുരക്ഷിതരാണെന്ന് തിരിച്ചറിയുന്നു. പ്ങ്കാളിക്ക്,ചങ്ങാതിക്ക് സുരക്ഷിതത്വബോധം നല്കാൻ കഴിവുണ്ടെങ്കിൽ ബന്ധങ്ങളിൽ ശോഭിക്കാനാവും.

മുൻഗണന

പലരിൽ ഒരാളായി മാത്രമാണ് പങ്കാളി/ സുഹൃത്ത്  നിങ്ങളെ കാണുന്നതെങ്കിൽ ആ വ്യക്തിക്ക് അർഹിക്കുന്നതിൽ കൂടുതൽ സ്ഥാനം കൊടുക്കേണ്ടതില്ല. മറിച്ച് നിങ്ങൾക്കാണ് മുൻഗണന നല്കുന്നതെങ്കിൽ ആ ബന്ധത്തിൽ നിങ്ങൾക്ക് വിശ്വസിക്കുകയും ആശ്രയമർപ്പിക്കുകയും ചെയ്യാം. മുൻഗണ ബന്ധങ്ങളുടെ സ്വഭാവം അടയാളപ്പെടുത്തുന്നു.

പിന്തുണ

ജീവിതത്തിലെ സമസ്തകാര്യങ്ങളിലും പിന്തുണയ്ക്കപ്പെടുക ഒരു ഭാഗ്യമാണ്. വളർത്തുക, പ്രോ
ത്സാഹിപ്പിക്കുക,കഴിവു മനസ്സിലാക്കി വഴിതിരിച്ചുവിടുക ഇതൊക്കെ ഇതിലുൾപ്പെടുന്നു. ബന്ധങ്ങളിൽ പരസ്പരം പിന്തുണ നല്കുക.

അഭിനന്ദനം

ഹൃദയത്തിൽ തട്ടി അഭിനന്ദനം രേഖപ്പെടുത്തുക. ഓരോ വ്യക്തിയും അഭിനന്ദനം കേൾക്കാൻ ആഗ്രഹിക്കുന്നവരാണ്. അതുപോലെ തന്നെ നന്ദിയും. അഭിനന്ദിക്കാനും നന്ദി രേഖപ്പെടുത്താനും സന്നദ്ധതയുളള ബന്ധങ്ങൾ സ്ഥിരമായിരിക്കും.

സ്പർശം

ബന്ധങ്ങളിൽ സ്പർശം സവിശേഷമാണ്. ലൈംഗികതയല്ല ഇവിടെ അർത്ഥമാക്കുന്നത്, പരസ്പരമുള്ള അടുപ്പം വ്യക്തമാക്കുന്ന ഘടകമാണ് സ്പർശം. സ്പർശിക്കുക, ഉമ്മ വയ്ക്കുക, ആലിംഗനം ചെയ്യുക.. ഇതെല്ലാം ബന്ധങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നവയാണ്.

കേൾക്കുക

പരസ്പരം കാതുകളാകുക. അടുത്തിരിക്കുമ്പോൾ അധരങ്ങളാകാതെ കാതുകളാകുക.അതായത് കേൾക്കാൻ തയ്യാറാവുക. വലുതോ ചെറുതോ ആയ ഏതു  കാര്യവുമായിരുന്നുകൊളളട്ടെ കേൾക്കാൻ റെഡിയാണോ… അവിടെ ബന്ധങ്ങൾക്ക് വളർച്ചയുണ്ട്.

More like this
Related

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...
error: Content is protected !!